Monday, June 6, 2011

സന്തോഷത്തിന്റെ അളവു കോലുകള്‍...



എറണാകുളം- കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രെസ്സിന്റെ അറിയിപ്പ് മുഴങ്ങിയപ്പോള്‍
വായിച്ചിരുന്ന പുസ്തകം മടക്കിബാഗില്‍ വെച്ച് ഞാന്‍ പ്ലാറ്റ്ഫോമിന്റെ അറ്റത്തേക്ക് നടന്നു.
ജനറല്‍ കമ്പാര്‍ട്ട്മെന്റ് മുന്നിലാണ്. തിരക്ക് കുറവുണ്ടെങ്കില്‍ സീറ്റ് കിട്ടിയേക്കുമെന്ന് വിചാരിച്ച് നടക്കുന്നതിനിടെയാണു ഞാനവരെ കണ്ടത്.
പ്ലാറ്റ്ഫോമിന്റെ അറ്റത്തെ ഓവര്‍ബ്രിഡ്ജിനടിയില്‍ ഒരു കുടുംബം. ചിരിച്ച് കളിച്ച്
അവരുടേതായ ലോകത്തില്‍; ചടച്ച് മെലിഞ്ഞ് ഒരു സ്ത്രീ,രണ്ട് കുട്ടികള്‍ ;ഒരാണും ഒരു പെണ്ണും.
മെലിഞ്ഞ് കറുത്ത ഒരു പുരുഷന്‍. അയാള്‍ മുഖം തിരിച്ചപ്പോള്‍ ഞാനാകെ തരിച്ച് പോയി.
ദൈവമേ...ഉരുകി ഒലിച്ച മെഴുകുതിരി പോലെ! മുഖത്തിന്റെ ഒരു ഭാഗം,കണ്ണും മൂക്കും ചെവിയുമടക്കം
താഴേക്ക് ഒലിച്ചിറങ്ങി വടുകെട്ടി ,ഒരു ദാലി പെയിന്റിങ്ങിനു സമം!!.
പക്ഷെ അതൊന്നും അവരെ ബാധിക്കുന്നേയില്ലാത്ത പോലെ,സന്തോഷത്തോടെ കളിയും
ചിരിയുമൊക്കെയായ് അവരങ്ങനെ അവിടെയിരിക്കുന്നു......ട്രെയിനിലെ തിരക്കുകള്‍ക്കിടയിലൂടെ
ആ സ്ത്രീയുടെ തോളില്‍ പിടിച്ച്ആളുകള്‍ക്ക് മുന്നില്‍ അയാള്‍ ദൈന്യതയോടേ കൈ നീട്ടുന്നത്
പലപ്പോഴും ഞാന്‍ കണ്ടിട്ടുണ്ട് !!!


*****************************************

വൈകുന്നേരം ; ഓടിക്കിതച്ച് സ്റ്റേഷനിലെത്തിയപ്പോള്‍ കണ്ണൂര്‍- കോയമ്പത്തൂര്‍ ഫാസ്റ്റ് പാസ്സഞ്ചര്‍
രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്നും നീങ്ങാന്‍ തുടങ്ങിയിരിക്കുന്നു. ഓടിക്കയറിയത്
ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍, സാധാരണ ഞാന്‍ ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍കയറാറേയില്ല.
കാരണം ഒരാളും ഒന്നു നീങ്ങിത്തരിക കൂടിയില്ല. നല്ല തിരക്കാണു വണ്ടിയില്‍.
വാതില്‍ക്കല്‍ തന്നെ രണ്ട്മൂന്ന് സ്ത്രീകള്‍ ഇരിക്കുന്നുണ്ട്. നല്ല സന്തോഷത്തിലാണു എല്ലാരും,ഉറക്കെ സംസാരിച്ച്,ഇടക്കിടെ പൊട്ടിച്ചിരിച്ച്.. ,കിതച്ച് കൊണ്ടുള്ള എന്റെ നില്‍പ്പ് കണ്ടാവണം
അവരിലൊരാള്‍ തന്റെ ഭാണ്ഡം എന്റരികിലേക്ക് നീക്കിവെച്ചു. “ ഇങ്കേ ഉക്കാര് പുള്ളേ....”
അത് കേള്‍ക്കേണ്ട താ‍മസം ഞാനതിലേക്കിരുന്നു അവരെ നോക്കി ആശ്വാസത്തോടെ തലയാട്ടി.
പ്രായമായ ഒരു സ്ത്രീയും രണ്ട് യുവതികളും. എന്താണിവര്‍ക്കിത്ര ചിരിക്കാനെന്ന്
ആശ്ചര്യം പൂണ്ടിരിക്കെ തമിഴ് ചുവ കലര്‍ന്ന മലയാളത്തില്‍ അവര്‍ പറഞ്ഞു തുടങ്ങി.
സേലത്തേക്ക് പോകുകയാണത്രെ അവര്‍. വളക്കച്ചവടമാണു തൊഴില്‍ .കണ്ണൂരിലാണു താമസവും വളക്കച്ചവടവും. എല്ലാ മാസവും സേലത്ത് പോയി വളകള്‍ എടുത്തിട്ട് വരും.
അങ്ങനെ വളകള്‍ എടുക്കാനുള്ള യാത്രയാണിത്. കൂടെയുള്ളത് ഒന്ന് മകള്‍,മറ്റേത് അയല്‍ വാസി.
തൊട്ടടുത്ത ലൈന്‍ മുറിയില്‍ താമസിക്കുന്നവള്‍. സാമാന്യം സുന്ദരി. അവളൂടെ കാലിലെ മുറിവ് എങ്ങനെ പറ്റിയെന്ന് അന്വേഷിച്ചപ്പോള്‍ അവള്‍ ചിരിച്ചു. കള്ളുകുടിച്ച് വന്ന് ഭര്‍ത്താവ് വെട്ടുകത്തിക്ക് വെട്ടിയതാണത്രെ.

“ ഇനീമിരുക്ക് പാരുങ്കോ” എന്ന് പറഞ്ഞ് അടുത്തിരുന്ന വൃദ്ധ അവളുടെ തല
പിടിച്ച് താഴ്ത്തി. തലയുടെ നടുക്ക് ആഴത്തിലൊരു മുറിവ്. സൈക്കിള്‍ ചെയിന്‍ കൊണ്ട്
അടിച്ചതാണത്രെ അയാള്‍ !!
പെറ്റത് മൂന്നും പെണ്‍കുഞ്ഞായത് അവളുടെ കുറ്റം!!!
വീര്‍ത്തു വരുന്ന വയറുഴിഞ്ഞ് ഇതെങ്കിലും ആണ്‍കുളന്തൈ ആനാല്‍ കടവുളക്ക് ഒരു തങ്ക വളൈ”
അതും പറഞ്ഞ് അവള്‍ വീണ്ടും ചിരിച്ചു.

ആ ഭാണ്ഡക്കെട്ടില്‍ അങ്ങനെ അവരുടെ സംസാരം കേട്ട് ഇരുന്നപ്പോള്‍ ഞാനോര്‍ത്തത് നമ്മെ പറ്റി.
നമ്മുടെ അനാവശ്യമായ ആവലാതികളെ പറ്റി...
എന്താണു സന്തോഷത്തിന്റെ അളവ് കോല്‍..? പണം, വലിയവീട്, കാര്‍, ഫോണ്‍ ,ജോലി,.സൌന്ദര്യം....?
ഇതൊന്നുമില്ലാതെ ഇവര്‍ക്ക് ചിരിക്കാന്‍ കഴിയുന്നെണ്ടെങ്കില്‍ മറ്റെന്തോ അല്ലെ കാരണം...?
ഒരു ടിന്റുമോന്‍ ഫലിതം കേട്ടാലോ ശ്രീനിവാസന്‍ സിനിമ കണ്ടാലോ ചിരിക്കാന്‍ പറ്റാതായിരിക്കുന്നു .
പരിചയക്കാരെ കാണുമ്പോള്‍ ചിരിക്ക് പകരം പലപ്പോഴും ചുണ്ടുകള്‍ ഒരു വശത്തെക്ക് കോട്ടി ഒരു ചെറു തലകുലുക്കല്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നു. ഒന്നിലും ആഹ്ലാദം കണ്ടെത്താന്‍ കഴിയാതായിരിക്കുന്നു. ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ നല്ല നിമിഷങ്ങളൊക്കെ അതിവേഗം മിന്നി മാഞ്ഞു പോകുന്ന ചില ഫ്രെയിമുകള്‍ മാത്രം !!!!

അണമുറിയാത്ത ആ ചിരികള്‍ക്കും സംസാരത്തിനുമിടയിലിരുന്ന മണിക്കൂറുകളില്‍ പലവട്ടം മനസ്സാ ഞാനാ സ്ത്രീകളെ
നമിച്ചുപോയി. ജീവിതത്തോടുള്ള അവരുടെ ക്രിയാത്മക സമീപനവും ശുഭാപ്തിവിശ്വാസവും കണ്ട്...

പുറത്ത് നിന്നും ആവോളം കാറ്റും വെളിച്ചവും വരുന്നുണ്ട് ഈ വാതില്‍ക്കലേക്ക്...എന്നിട്ടും ഞാന്‍ മാത്രമെന്തേ
അതൊക്കെ കാണാതെ പോകുന്നു.......

“ ചേച്ചീ കടല വേണോ...? എന്ന ചോദ്യം കേട്ടാണ് ഞാനാ ഇരിപ്പില്‍ നീന്നും ഉണര്‍ന്നത്. കുട്ടാപ്പുവാണു,
കടലവില്‍പ്പനക്കാരന്‍. ബാഗില്‍ നിന്നും , വായിച്ച് പകുതിയാക്കിയ സ്റ്റീഫന്‍ കോവൈയുടേ
“ സെവന്‍ ഹാബിറ്റ്സ് ഓഫ് ഹൈലി എഫെക്റ്റീവ് പീപ്പിള്‍” എന്ന പുസ്തകം അവനു നേരെ നീട്ടി.
‘ നീയെടുത്തോ...നല്ല കട്ടിയുള്ള പേജാണു ,നിനക്ക് കടല പൊതിയാന്‍ നല്ലതാ.. ”

അവന്റെ മുഖത്തെ ചിരി, അമ്പരപ്പിനു വഴിമാറുന്നത് കാണാന്‍ നില്‍ക്കാതെ ഞാനെണീറ്റ് പ്ലാറ്റ്ഫോമിലെ തിരക്കിലേക്ക്
ഇറങ്ങി നടന്നു...

72 comments:

  1. അപ്പോള്‍ ബാക്കി വായിക്കണ്ടെ.........

    ReplyDelete
  2. തീര്‍ച്ചയായും നമ്മുടെ മനോഭാവം ആണ് സന്തോഷത്തെ നിര്‍വചിക്കുന്നത് ...............

    ReplyDelete
  3. പണവും പണിയും പദവിയൊന്നും സന്തോഷത്തിന്റെ അളവ് കോളല്ല..എല്ലാം നമ്മള്‍ ജീവിതത്തെ എങ്ങനെ നോക്കി കാണുന്നു എന്നപോലെയിരിക്കും..ഓരോ ട്രെയിന്‍ യാത്രയും ഓരോ അനുഭവം ആണ്..ഇതുപോലെയുള്ള അനുഭവങ്ങള്‍ എല്ലാവര്‍ക്കും കാണും..നല്ല പോസ്റ്റ്‌ ആയിരുന്നു..ആശംസകള്‍..

    ReplyDelete
  4. വെറും ഒരു കാഴ്ച മാത്രമായി തള്ളുമ്പോള്‍ അവരുടെ ചിരിയുടെ ആഴത്തെക്കുറിച്ചറിയാന്‍ പ്രയാസമാണ്.
    ക്രിയാത്മക സമീപനവും ശുഭാപ്തിവിശ്വാസവും.
    അത് തിരിച്ച്ചരിയുന്നിടത്ത് സമാധാനവും സന്തോഷവും ലഭിക്കുന്നു.

    ReplyDelete
  5. എവിടെയോ കമന്റ്‌ കണ്ടു അത് വഴി വന്നു കയറിയതാ. കുറെ ആയി ഈ വഴി വന്നിട്ട്.

    നല്ല ചിന്തകള്‍....
    സന്തോഷിക്കാനും, സങ്കടപ്പെടാനും ഒക്കെ എവിടെ നേരം?
    ജീവിതം വെട്ടിപ്പിടിക്കാനുള്ള തത്രപ്പാടില്‍ ആരും ഒന്നും കാണാതായിരിക്കുന്നു.

    ഈ തിരക്കെന്ന് തീരും? ഒടുവില്‍ കുഴിയിലേക്ക് എടുക്കുമ്പോഴോ?

    ReplyDelete
  6. എവിടെയോ കമന്റ്‌ കണ്ടു അത് വഴി വന്നു കയറിയതാ. കുറെ ആയി ഈ വഴി വന്നിട്ട്.

    നല്ല ചിന്തകള്‍....
    സന്തോഷിക്കാനും, സങ്കടപ്പെടാനും ഒക്കെ എവിടെ നേരം?
    ജീവിതം വെട്ടിപ്പിടിക്കാനുള്ള തത്രപ്പാടില്‍ ആരും ഒന്നും കാണാതായിരിക്കുന്നു.

    ഈ തിരക്കെന്ന് തീരും? ഒടുവില്‍ കുഴിയിലേക്ക് എടുക്കുമ്പോഴോ?

    ReplyDelete
  7. മുല്ലപ്പൂമണം പരത്തുന്ന ചിന്തകള്‍. അവസാനത്തെ വാക്യങ്ങള്‍ നല്ലോണം ഇഷ്ടായി. ജീവിതങ്ങളെ പഠിക്കുമ്പോള്‍ സ്റ്റീഫന്‍ കോവെയൊക്കെ കടല പൊതിയാന്‍ മാത്രം യോജ്യം എന്ന കണ്ടെത്തല്‍ വളരെ ഉന്നതം. മുല്ലയ്ക്ക് അഭിനന്ദനങ്ങള്‍. മുല്ലയുടെ വീക്ഷണങ്ങള്‍ വ്യത്യസ്ഥവും വാക്കുകള്‍ ചിന്തോദ്ദീപകവുമാണ്.

    ReplyDelete
  8. മ്രിഗങ്ങളേക്കാള്‍ വലിയ അതിജീവനത്തിന്റെ സമര പാതയിലാണ്‍ മനുഷ്യനിന്നു. എന്തിനു വേണ്ടിയുള്ള അതിജീവനമെന്നു ചോദിച്ചാല് , അതു പണത്തിനുമ്, പദവിയ്ക്കും വേണ്ടിയാനെന്നു പറയേണ്ടി വരുമ് . അതിനിടയ്ക്ക് എന്തു സന്തോഷങ്ങള്‍... മുഖാമുഖം കാണുമ്ബോള്‍ ചിറി കോട്ടി തല കുലുക്കുന്നത്ര മാറ്റം സമ്ഭവിച്ചിരിക്കുന്നു ചിരി എന്ന വികാരത്തിനു പോലുമ്. സന്തോഷങ്ങള്‍ അവനവന്റെ മനസിനുള്ളില്‍ മാത്രമായി ലോപിച്ചു പോയിരിക്കുന്നു...

    ReplyDelete
  9. ഇങ്ങിനെ യാത്ര ചെയ്യുമ്പോള്‍ വഴിവക്കിലെ ജീവിതങ്ങളെ ഞാനും ശ്രദ്ധിക്കാറുണ്ട്.
    അവര്‍ ഇപ്പോഴും ചിരിച്ചു കൊണ്ട് തന്നെയാണ്.
    സങ്കടങ്ങളും വിഷമങ്ങളും ഇല്ലാഞ്ഞിട്ടല്ലല്ലോ അതൊന്നും.
    പറഞ്ഞതുപോലെ ജീവിതത്തോടുള്ള അവരുടെ ക്രിയാത്മക സമീപനം. ശുഭാപ്തി വിശ്വാസം. ഇതൊക്കെ തന്നെയാണ്.
    നല്ല പോസ്റ്റ്‌.

    ReplyDelete
  10. ട്രൈനനുഭവം ഇഷ്ടമായി.എന്നാലും സ്റ്റീഫന്‍ കോവൈയുടേ“ സെവന്‍ ഹാബിറ്റ്സ് ഓഫ് ഹൈലി എഫെക്റ്റീവ് പീപ്പിള്‍” എന്ന പുസ്തകം കടല പൊതിയാൻ നീട്ടിയത് എന്തോ അത്ര.......

    ReplyDelete
  11. സന്തോഷത്തിന്‍റെ അളവുകോല്‍ നമ്മുടെ മനസ്സ് തന്നെയാണ്‍... നല്ല പോസ്റ്റ്.. ചിന്തനീയം..

    ReplyDelete
  12. നമ്മള്‍ തന്നെയാണ് ദുഖത്തിന്റെയും സന്തോഷത്തിന്റെയും നിര്‍മാതാക്കള്‍. വേദനകളെ അതിജീവിക്കാനുള്ള കരുത്തും സന്തോഷങ്ങളെ പ്രകടിപ്പിക്കാനുമുള്ള മനസ്സും അനുഭവത്തില്‍ നിന്നുതന്നെ ഉണ്ടാവണം.

    ReplyDelete
  13. അതെ,സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അളവുകോലുകള്‍ മനസ്സിലാക്കുന്നതില്‍ മനുഷ്യര്‍ക്ക്‌ വല്ലാതെ തെറ്റ് പറ്റിപ്പോകുന്നു.ആ മാര്‍ഗത്തിലേക്ക് കുതിക്കുമ്പോഴാണ് അവന്‍ ആര്‍ത്തിക്കാരനും സ്വാര്‍ത്ഥനുമായി മാറുന്നത്.
    എന്നത്തേയും പോലെ മുല്ലയുടെ പോസ്റ്റ്‌ ലളിതം..ചിന്തനീയം..

    ReplyDelete
  14. മുഖം മൂടികളഴിച്ച് വച്ച് മനുഷ്യനിലേക്കിറങ്ങുക......... നമ്മള്‍ സ്വയം മനുഷ്യരാകുക.... ചെറിയ നന്മകളീല്‍ സന്തോഷിക്കാനാകുക.... സ്വയം ചെറുതാവുക......... വലിയവരുടെ "വല്ല്യ" ശീലങ്ങള്‍ പഠിക്കുന്നതിനേക്കാള്‍ നല്ലത് ചേരിയവരുടെ മനസുകാണുകയാണ്. അടഹ്ചുവച്ചിരിക്കുന്ന പുസ്തക ഷേല്ഫുകള്‍ നല്കുന്ന പാഠങ്ങലേക്കാള്‍ നല്കാനാകുക തുറന്നുവച്ച മനസുകള്ക്കാണു..... അതിനായ് ശ്രമിക്കുക....

    ReplyDelete
  15. എന്റെ ബ്ലോഗില്‍ വന്ന് എന്നെ തല്ലിയിട്ട് പോയിട്ട്, ഇപ്പോള്‍ തിരികെ തല്ലാന്‍ ഉള്ള കാരണങ്ങള്‍ ഒന്നും ഈ പോസ്റ്റില്‍ ഇല്ലാത്തതില്‍ ഞാന്‍ അല്പം നിരാശന്‍ ആണെന്ന് പറയേണ്ടതില്ലല്ലോ...
    എങ്കില് അതിനൊരു മറുപടി ഉടന്‍ ഉണ്ടാകൂട്ടോ...

    പോസ്റ്റിനെ കുറിച്ച്, ഒരിക്കല്‍ കൂടി ഹൃദയത്തില്‍ തട്ടിയ ഒരു പോസ്റ്റ്‌.. ഹിടുംബിയുടെ പോസ്റ്റിനു ശേഷം മുല്ലയുടെ പോസ്റ്റുകളില്‍ എനിക്ക് ഏറ്റവും ഇഷ്ടമായത് ഒരു പക്ഷെ ഇതാകാം..
    മുല്ല കാണുന്ന ഈ കാഴ്ചകള്‍ എല്ലാം ഞാനും കാണുന്നുണ്ട്. അവയെ കുറിച്ച് എഴുതണം എന്നാഗ്രഹമുണ്ട്, പക്ഷെ എഴുതാന്‍ എനിക്കാവുന്നില്ല; മുല്ലയ്ക്കാവുന്നു. അത് കൊണ്ട് തന്നെ എനിക്ക് മുല്ലയോടു അസൂയയാണ്...പെരുത്ത അസൂയ...കൂട്ടത്തില്‍ ലേശം ബഹുമാനവും...

    ReplyDelete
  16. മുല്ല എഴുതുമ്പോള്‍ നമ്മളതൊക്കെ കാണുന്നത് പോലെയാണ്..അത്ര നന്നായാണ് കാഴ്ചകള്‍ പകര്‍ത്തി തരുന്നത്.. സന്തോഷത്തിന്റെ അളവുകോല്‍ എന്താണെന്നത് ഓരോരുത്തരെ അപേക്ഷിച്ചിരിക്കും.. ഒരു കൂട്ടം വിഷമങ്ങള്‍ക്കിടയിലും ഒരു ചെറിയ തമാശ പോലും ആസ്വദിക്കാന്‍ കഴിയുന്ന മനസ്സുള്ളവരാണെങ്കില്‍ അവരൊക്കെ ജീവിതത്തില്‍ വിജയിച്ചു എന്ന് പറയാം..

    ReplyDelete
  17. ഇപ്പോഴത്തെ ആളുകള്‍ക്കൊന്നും [കുട്ടികള്‍ക്ക് ഒഴികെ] സന്തോഷിക്കാന്‍ അറിയില്ല മുല്ലേ. ടെന്‍ഷനില്‍ ജനിച്ച്, ടെന്‍ഷനില്‍ ജീവിച്ച്, ടെന്‍ഷനില്‍ മരിച്ചുതീര്‍ക്കും ജീവിതം. സന്തോഷം ഒക്കെ ദിവാരേട്ടന്റെ കാലത്ത് ... ഹായ് ....

    ReplyDelete
  18. സ്വന്തം ജീവിതത്തില്‍ സന്തോഷം കണ്ടെത്താന്‍ കഴിയണം

    ReplyDelete
  19. ദുഃഖങ്ങൾക്കിടയിൽ ചിരിക്കാൻ വക കണ്ടെത്തുന്ന ഒരുപാട് മുഖങ്ങൾ നമുക്കിടയിലുണ്ട്..നമ്മൾ കാണാൻ മറന്നു പോകുന്ന അല്ലെങ്കിൽ കാണേണ്ടെന്നു വയ്ക്കുന്ന മുഖങ്ങൾ..ജീവിതം പഠിക്കേണ്ടത് അവരിൽ നിന്നാണ്...നല്ല പോസ്റ്റ് മുല്ല

    ReplyDelete
  20. നമ്മൂടെ തിരക്കുകൾക്കിടയിൽ സന്തോഷം കണ്ടെത്താൻ ഇത്തിരി സമയം മാറ്റിവെച്ച് നോക്കൂ..
    എല്ലാ പിരിമുറുക്കങ്ങളും പമ്പകടക്കും...കേട്ടൊ മുല്ലേ

    ReplyDelete
  21. ഉള്ളതില്‍ തൃപ്തിപ്പെടാന്‍ നമുക്കായാല്‍ സന്തോഷമൊക്കെ താനെ വന്നോളും. ആ പുസ്തകം കടല പൊതിയാന്‍ തന്നെയാ നല്ലത്. ജീവിതം പഠിക്കുന്നത് അനുഭവങ്ങളിലൂടെയല്ലേ... നല്ല പോസ്റ്റ്... ആശംസകള്‍...

    ReplyDelete
  22. ഇന്നിനെയും നാളയെയും ഒക്കെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ചിരിക്കാന്‍ പലരും മറക്കുന്നു. പലപ്പോഴും ഞാനും........വളരെ സിമ്പിളായി കാര്യം പറഞ്ഞ നല്ല ഒരു പോസ്റ്റ്‌ മുല്ലേ..... കടല പൊതിയാന്‍ ബുക്ക്‌ കൊടുത്തത് വായിച്ച് ചെറുതായി ഒന്ന് ചിരിക്കുകയും ചെയ്തു.

    ReplyDelete
  23. This comment has been removed by the author.

    ReplyDelete
  24. ചിരിച്ചും കളിച്ചും അവര്‍ ജീവിതം ആഘോഷമാക്കട്ടെ മുല്ലേ.

    ഇനി പുസ്തകങ്ങള്‍ കൊടുത്ത് ആ സന്തോഷം നശിപ്പിക്കണോ. ഈ മുല്ലയുടെ ഒരു കാര്യം.
    .

    ReplyDelete
  25. ആഗ്രഹങ്ങൾക്ക് പിറകേ ഒടുമ്പോൾ വലിയ ആൾക്കാരാവും. ചിരിക്കാൻ മറക്കും

    ReplyDelete
  26. മുല്ലക്ക് എത്ര പെട്ടെന്നാണ് എല്ലാം മനസ്സിലായത്‌ !
    അല്ലെങ്കിലും എല്ലാം ഇത്രയൊക്കെയെ ഉള്ളൂ .
    ഈ കാര്യമറിയാതെ വെറുതെ നമ്മള്‍ ഓരോ പുസ്തകങ്ങള്‍ വാങ്ങി വായിച്ചു കൂട്ടുകയാണ് !
    പോസ്റ്റ്‌ വളരെ നന്നായിരിക്കുന്നു .
    അഭിനന്ദനങ്ങള്‍ ...
    പിന്നെ മുല്ലേ ,ആ മഹേഷിനെ എന്തിനാ അങ്ങിനെയൊക്കെ ചെയ്തത് ?
    വേണ്ടായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നുണ്ടാവും അല്ലെ ...

    ReplyDelete
  27. മുല്ലയുടെ കാഴ്ചപ്പാടുകള്‍ കൊള്ളാം. ചിരിക്കാന്‍ ഏറ്റവും മടിയുള്ള ഒരു ജനക്കൂട്ടം ആണ് നമ്മള്‍. എന്ത് കിട്ടിയാലും നമുക്ക് പോര..നല്ല രസകരം ആയ പോസ്റ്റ്‌...ആശംസകള്‍.

    ReplyDelete
  28. ചുണ്ടുകളുടെ വക്രീകരണം മാത്രമായി ചിരി നിര്‍വ്വചിക്കപെടുന്ന കാലം ..
    സന്തോഷം ആപേക്ഷികമാണ്.. ചെറിയ കാര്യങ്ങളില്‍ സംതൃപ്തി കണ്ടെത്തുന്ന മനസുകള്‍
    കാട്ടി തന്നതിന് " മുല്ലയ്ക്ക് " നന്ദി , അഭിനന്ദനങ്ങള്‍

    ReplyDelete
  29. ഹോ! കഠിച്ചാ പൊട്ടാത്ത കടല പൊതിയാന്‍ കൊടുത്ത പുസ്തകത്തിന്‍‌റേ പേര് അതിലും കഠുപ്പം. ഇതൊക്കെ വായിച്ചിട്ട് ചിരിക്കാന്‍ പറ്റണില്ലാത്രെ. ശ്രീനിവാസന്‍‌റെ ഒരു ഗോമഡി പറയാം. ചിരിക്കാന്‍ പറ്റുവോന്ന് നോക്കിക്കേ...

    ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറിയ വൃദ്ധന്‍ “എന്തുണ്ട് കഴിക്കാന്‍?” അപ്പോള്‍ ബാര്‍ബര്‍ “കട്ടിംങ്ങും ഷേവിംങ്ങും” അപ്പോള്‍ വൃദ്ധന്‍ “രണ്ടും ഓരോ പ്ലേറ്റ് പോരട്ടെ”

    ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്
    ഹഹഹാഹാഹാ‍ാഹാ‍ാഹആ‍ാ‍ാ‍ാ‍ാ
    ഏറ്റവും പുത്യേതാ ;)

    പോസ്റ്റും എഴുത്തും ഇഷ്ടപെട്ടൂന്ന് പ്രത്യേകം പറയണില്ല. ആശംസകള്‍! :))

    ReplyDelete
  30. മുല്ലയുടെ വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് വീണ്ടും ..ഇഷ്ടമായി .

    ReplyDelete
  31. പോസ്റ്റ്‌ നന്നായിട്ടുണ്ട് മുല്ലേ...
    നാം കാണുന്ന കാഴ്ച കളില്‍ നിന്നും നമുക്കെന്തോക്കെ പഠി ക്കാനുണ്ടാല്ലേ ...

    എന്നാലും aa പുസ്തകം കടല പൊതിയാന്‍ കൊടുത്തത് .............................

    ReplyDelete
  32. "എന്താണു സന്തോഷത്തിന്റെ അളവ് കോല്‍..? പണം, വലിയവീട്, കാര്‍, ഫോണ്‍ ,ജോലി,.സൌന്ദര്യം....? ഇതൊന്നുമില്ലാതെ ഇവര്‍ക്ക് ചിരിക്കാന്‍ കഴിയുന്നെണ്ടെങ്കില്‍ മറ്റെന്തോ അല്ലെ കാരണം...?
    ഒരു ടിന്റുമോന്‍ ഫലിതം കേട്ടാലോ ശ്രീനിവാസന്‍ സിനിമ കണ്ടാലോ ചിരിക്കാന്‍ പറ്റാതായിരിക്കുന്നു"

    യാത്രികമായി എല്ലാം വെട്ടി പിടിക്കാന്‍ തന്ത്ര പെടുമ്പോള്‍, ചിരിക്കാനും സന്തോഷിക്കാനും നമ്മള്‍ മറന്നു പോവുന്നു. സന്തോഷിക്കാനും ചിരിക്കാനും കഴിയാതെ ഞാന്‍ ഒരിടവേളക്ക് ശേഷം വന്നപ്പോള്‍ എന്നെ ഇരുത്തി ചിന്തിപ്പിച്ച നല്ലൊരു പോസ്റ്റ്‌..ആശംസകള്‍..

    ReplyDelete
  33. ആളുകൾ പലതരം, പ്രശ്നങ്ങളും സന്തോഷവുമെല്ലാം അവടെ ജീവിതവുമായി ബന്ധപെട്ട് കിടക്കുന്നു. കോടീകളുള്ളവനും അഞ്ചു പൈസയില്ലാത്തവനും അവരുടേതായ ദുഖങ്ങളും സന്തോഷങ്ങളുമുണ്ട്.

    എഴുത്ത് വളരെ ഇഷ്ടായി. മികച്ച അവതരണ ശൈലി.

    ReplyDelete
  34. പോസ്റ്റിൽ പറഞ്ഞ കാര്യങ്ങളൊക്കെ മനസിലായി..എന്നാലും അവസാനത്തെ കിടുക്കൻ കണക്ഷൻ.....ഹോ നുണ പറയുമ്പോൾ ഇങ്ങനെ തന്നെ പറയണം....അല്ലെങ്കിൽ നുണയുടെ വില പോയേനെ...:)

    ReplyDelete
  35. സന്തോഷത്തിന്റെയും,സന്താപത്തിന്റെയും എത്രയെത്ര അളവുകോലങ്ങളാണ് ഓരോ യാത്രയിലും കണ്മുമ്പിലൂടെ കടന്ന്പോകുന്നത്...
    മുല്ലകാണുന്നത് വായനക്കാരനും കാണാനാവുന്നു
    ഹൃദ്യമായ രചനാവിലാസത്തില്‍...
    അഭിനന്ദനങ്ങള്‍.

    ReplyDelete
  36. ചില നേരങ്ങള്‍ അങ്ങനെയാണ്.
    നമമുടെ ധാരണകളെ തകിടം മറിക്കും.
    വായനയെ, പുസ്തകങ്ങളെ അപ്രധാനമായി
    കാണാന്‍ പ്രേരിപ്പിക്കുന്ന പലതും ഇങ്ങനെയുണ്ടാവും.
    എങ്കിലും വീണ്ടും പുസ്തകങ്ങളിലേക്ക്,
    വായനയിലേക്ക് തന്നെ കുഴഞ്ഞു മറിഞ്ഞു വീഴും.
    ജീവിതം മറ്റ് ചിലതാണ് എന്നറിഞ്ഞു കൊണ്ട് തന്നെ
    എഴുത്തിനെ, വായനയെ അതിന്റെ നിഷ്ഫലതയെ
    സ്നേഹിക്കാനാവട്ടെ...

    ReplyDelete
  37. മുഖം മനസ്സിന്റെ കണ്ണാടി ആണെന്ന് പഴ മൊഴി
    മനസ്സിനെ മറക്കുന്നു മുഖമെന്നു പുതു മൊഴി
    അല്ലെ മുല്ല

    ReplyDelete
  38. സന്തോഷവും ചിരിയുമെല്ലാം നമ്മുടെ മനസ്സിന്റെ തന്നെ ഭാവങ്ങളല്ലേ മുല്ലേ ?
    ഞാന്‍ ചിരിക്കാറുണ്ട് , ചിലപ്പോള്‍ ഓരോന്ന് ഓര്‍ത്തോര്‍ത്തു ചിരിക്കുമ്പോള്‍ ഭാര്യ ചോദിക്കാറുണ്ട് :ഇതെന്താ വട്ടായോന്നു. അതെപോലെതന്നെ സങ്കടം വന്നാല്‍ നിയന്ത്രിക്കാന്‍ പറ്റാതെ കരയാറും പതിവാ..
    എന്തായാലും ആ ബുക്ക് ആ ചെക്കന് കൊടുക്കേണ്ടിയിരുന്നില്ല , ബുക്കിനോക്കെ ഇപ്പൊ എന്താ വില ?

    ReplyDelete
  39. ഒരിക്കല്‍ ആത്മാര്‍ത്ഥത സുഹുര്‍ത്തുമായി നടക്കുമ്പോള്‍ അവ്നെന്നോട് പറഞ്ഞു "കുറേ പണം ഉണ്ടായിര്‍ന്നെകില്‍ എന്തു സന്തോഷമായി കഴിയാമായിരുന്നു"..അത് പറഞ്ഞു അല്‍പ്പം സമയം കഴിഞ്ഞപ്പോള്‍ അതു വഴി വന്ന അമീറിന്റെ വാഹനവും ,അകമ്പടി സേവിക്കുന്ന അനേകം പോലീസുകാരും അവരുട കരവലയത്തിലെ അദ്ദേഹത്തിന്റെ മക്കളെയും കണ്ടു അവന്‍ തിരുത്തി ,"നമ്മള്‍ തന്നെ സന്തോഷവാന്മാര്‍ ..എത്ര ഫ്രീ ആയി നമുക്ക് മക്കളെയും കൊണ്ട് എവിടയും സഞ്ചരിക്കാം ...പണംകൊണ്ട് അധികാരം കൊണ്ട് എന്ത് മനസ്സമാധാനം .

    ReplyDelete
  40. കണ്‍മുന്നില്‍ കാണുന്ന ജീവിതങ്ങളില്‍ നിന്നും ഏറെ പഠിക്കാന്‍ ഉണ്ടെന്നുള്ള തിരിച്ചറിവ്, അനുഭവങ്ങളില്‍ നിന്നും ലഭിക്കുന്ന അറിവിനോളം വരില്ല വായനയില്‍ നിന്നും ലഭിക്കുന്നത് എന്ന ചിന്ത, ഇതൊക്കെ, >>വായിച്ച് പകുതിയാക്കിയ സ്റ്റീഫന്‍ കോവൈയുടേ “ സെവന്‍ ഹാബിറ്റ്സ് ഓഫ് ഹൈലി എഫെക്റ്റീവ് പീപ്പിള്‍” എന്ന പുസ്തകം അവനു നേരെ നീട്ടി. 'നീയെടുത്തോ...നല്ല കട്ടിയുള്ള പേജാണു ,നിനക്ക് കടല പൊതിയാന്‍ നല്ലതാ.. ”<< ഇതിലും രസമായി എങ്ങനെ പറയും !! പോസ്റ്റ്‌ അസ്സലായി മുല്ലേ...

    ReplyDelete
  41. സ്റ്റീഫന്‍ കോവൈ,സെവന്‍ ഹാബിറ്റ്സ് ഓഫ് ഹൈലി എഫെക്റ്റീവ് പീപ്പിള്

    ഓഹോ ഇത് ഒക്കെ ആണു വായന ....പാവം ഞാന്‍ ഇത് പോലെ കടിച്ചാല്‍ പൊട്ടാത്ത പേര് കേട്ട് എന്റെ പല്ല് വേദന .

    ReplyDelete
  42. ഈ സന്തോഷോം ദു:ഖോമൊക്കെ ആപേക്ഷികമാണല്ലെ. ചൂടും തണുപ്പും പോലെ. ചില നേരങ്ങളില്‍ കരുതും ഇനി മുതല്‍ ഞാന്‍ എപ്പോഴും സന്തോഷത്തോടെ ഇരിക്കും എന്ന്. എവിടെ..അടുത്ത നിമിഷം ഉണ്ടാകും എന്തേലും കാരണം വെദനിക്കാന്‍. അതിപ്പൊ വലിയ ആനക്കാര്യമാകണമെന്നില്ല. ചിന്ന ചിന്ന കാര്യങ്ങള്‍. ഒരുകാലത്ത് ഞാനീ സെല്‍ഫ് ഹെല്പ് ബുക്കുകള്‍ ഒരുപാട് വാങ്ങിക്കൂട്ടിയിരുന്നു. വായിക്കുമ്പൊ ഒരു ആത്മവിശ്വാസമൊക്കെ തോന്നും. കുറച്ഛ് കഴിഞ്ഞാ അതൊക്കെ ആവിയായ് പോകും.ഇപ്പൊ ഞാനവയൊന്നും തിരിഞ്ഞ് നോക്കാറില്ല.
    ഇവിടെ വന്ന് വായിക്കുകയും കാര്യമായ് അഭിപ്രായം പറയുകയും ചെയ്ത എന്റെ എല്ലാ കൂട്ടുകാര്‍ക്കും സ്നേഹത്തോടെ നന്ദി.

    ReplyDelete
  43. aa pusthakam avanu koduthappol athenthinavo ennu vicharichu.


    valare sari, nammal chuttumulla kochu kochu santhoshangal kanathe, veruthe veruthe vevalathippedunnu.

    ReplyDelete
  44. പച്ചയായ ജീവിതങ്ങളുടെ വിഭിന്ന മുഖങ്ങള്‍ അനുഭവഭേദ്യം ആകുന്നതു വിമാന യാത്രയിലല്ല,തീവണ്ടിയാത്രയിലാണ്.
    അവയവങ്ങളിലൂടെ കടന്നു പോകുന്ന രക്തക്കുഴല്‍ പോലെ, സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുന്ന ട്രെയിനില്‍ യാത്ര ചെയ്താല്‍ വിഭിന്ന ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ കാണാം.
    അല്പം ചിന്ത ബാക്കിവക്കുന്ന വായന!
    (അവസാനഭാഗം കടല പൊതിഞ്ഞു കളഞ്ഞു)

    ReplyDelete
  45. നമ്മള്‍ how to be happy എന്ന് പുസ്തകങ്ങളില്‍ തിരഞ്ഞു കരഞ്ഞു മരിക്കുന്നു. അവര്‍ what to be unhappy എന്ന് കാറ്റിനോട് ചിരിച്ചു ജീവിക്കുന്നു.

    ReplyDelete
  46. ഈ യാത്രയില്‍ പങ്കു കൊള്ളാന്‍ ഇത്തിരി വൈകി പോയി .. ട്രെയിന്‍ യാത്രയില്‍ പല പല മുഖങ്ങള്‍ നമ്മിലൂടെ കടന്നു പോകുന്നു. ജീവിതത്തിന്റെ യാതാര്ത്യങ്ങളോട് പൊരുത്തപ്പെട്ടു ആര്ത്തിയില്ലാതെ അന്നത്തെ അന്നത്തിന് വേണ്ടി ജീവിതത്തെ ചലിപ്പിക്കുന്നവര്‍ ... അവരുടെ വിഷമങ്ങള്‍ അവരില്‍ ഒതുക്കുന്നു..പോസ്റ്റു വളരെ നന്നായി .. ആശംസകള്‍..

    ReplyDelete
  47. എന്തേ വരാൻ വൈകി.. എന്ന് എന്നോട് തന്നെയുള്ള ചോദ്യം ആദ്യം...? ലിങ്ക് കിട്ടിയില്ലാന്ന് മറുപടി പറയാമെങ്കിലും..തേടിപ്പിടിച്ച് വരേണ്ടതാണ് എന്റെ കടമ എന്ന് മനസ്സ് പറഞ്ഞു...മനസ്സിനും ,മുല്ലക്കും പ്രണാമം... ചുറ്റുമുള്ളത് കണ്ണുതുറന്ന് കാണുന്നവരാണ് എഴുത്തുകാർ..എഴുത്തുകാർ കഥാസാരം തേടി അലയേണ്ടതില്ലാ..കഥാസന്ദർഭം അവനെത്തേടി എത്തിക്കോളും...ഇവിടെ മുല്ലയെപ്പോലെ കണ്ണ് തുറന്നു ചുറ്റും നോക്കുക.. ആ നൊട്ടത്തിലെ ഉൾക്കാഴ്ച പേപ്പറിൽ പകർത്തുമ്പോൾ (?) അനുവാചകനിൽ ഉണ്ടാക്കുന്ന വികാരങ്ങളുടെ സമ്മിശ്രഭാവം, അതാണ് എഴുത്തുകാരന്റെ വിജയം...അതിൽ വളരെയേറെ മുല്ല വിജയിച്ചിരിക്കുന്നൂ...എന്ന് മാത്രമല്ലാ ഈ രചനാശൈലി വളരെ മനോഹരമായിരിക്കുന്നൂ...ഭാവുകങ്ങൾ

    ReplyDelete
  48. മുല്ലാ പോസ്റ്റിടുമ്പോള്‍ മെയില്‍ അയക്കുക അതില്‍ എനിക്ക് സന്തോഷമേ ഉള്ളൂ ഇല്ലെങ്കില്‍ ഇത്തരം നല്ലെഴുത്തുകള്‍ നഷ്ട്ടമാകും... അയക്കുമെന്ന പ്രതീക്ഷയോടെ ...

    ReplyDelete
  49. mikkavaarum chiri cylabusil ulpaduthendi varumo ennanu ente thonnal.......

    ReplyDelete
  50. പുസ്തകം വായിക്കുമ്പോലെ ജീവിതവും താൾ മറിച്ചു മറിച്ച്‌, ഇടയ്ക്കടയാളങ്ങൾ വച്ച്‌. നല്ല വരികൾ.

    ReplyDelete
  51. നമ്മുടെ ജീവിതത്തില്‍ ദു:ഖം വളരെ കുറഞ്ഞ അളവിലേ ഒള്ളൂ... സന്തോഷത്തിന്‍റെ നിമിഷങ്ങളെ അപേക്ഷിച്ച്.
    എന്നിട്ടും നാം ആ കുറഞ്ഞ ഇടവേളകളെ മാത്രം പര്‍വ്വതീകരിക്കുന്നു. സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാവാത്ത ദുര്‍ബല ഹൃദയങ്ങളായത് കൊണ്ടാവണം...!!

    ഒരു ചെറിയ വട്ടത്തില്‍ ഒതുക്കിയ അക്ഷരങ്ങളിലൂടെ ഒത്തിരി വെട്ടം സമ്മാനിക്കുന്നു. മുല്ലക്ക് അഭിനന്ദനം.

    ReplyDelete
  52. ഞാനും തിരയുന്നത് എവിടെയോ കൊഴിഞ്ഞുപോയ സന്തോഷത്തെയാണ്...എല്ലാം ഉണ്ടായിട്ടും സന്തോഷം മാത്രം സ്വന്തമാക്കാൻ കഴിയുന്നില്ല...മുല്ല പറഞ്ഞപോലെ, കാഴ്ചപ്പാടിന്റെ കുഴപ്പം തന്നെ, അല്ലാതെന്ത്...?

    ReplyDelete
  53. ആശംസകള്‍ .....മണ്‍സൂണ്‍ !

    ReplyDelete
  54. ഗംഭീരം.
    കടല പൊതിയാന്‍ കൊടുത്ത പുസ്തകം കൊള്ളാം.
    നല്ല പോസ്റ്റ്‌.

    ReplyDelete
  55. മരുഭൂമിയില്‍ പെയ്യുന്ന ഒറ്റത്തുള്ളി മഴയെ പറ്റി മുസാഫിര്‍ അഹമ്മെദ് എഴുതുന്നു മാതൃഭൂമിയില്‍...
    ചിലപ്പോള്‍ വളരെ അപൂര്‍വ്വമായ് മരുഭൂമിയില്‍ ഒറ്റത്തുള്ളി മാത്രമുള്ള മഴ പെയ്യുമത്രെ! ബദുക്കള്‍ക്ക് മാത്രമെ അത് തിരിച്ചറിയാനാകൂ..അവര്‍ക്ക് മാത്രം ഗോചരമായ ചില നിമിത്തങ്ങള്‍!! അതിലൊന്നാണു നൂറ്റാണ്ടുകളായ് മൃതപ്രായരായ് മരുഭൂവില്‍ ഉറങ്ങിക്കിടക്കുന്ന ഗാഫ് മരത്തില്‍ പൊടുന്നനെ ഒരു ദിവസം കാണപ്പെടുന്ന ഒരു തളിരില. ആ ഒറ്റത്തുള്ളി മഴ മതിയത്രെ ഗാഫ് മരത്തിനു ഒരു നൂറ്റാണ്ട് കൂടി ജീവിക്കാന്‍..!!!

    ReplyDelete
  56. നന്നായിരിക്കുന്നു.
    ബൂലോകത്തെ എന്റെ യാത്രയില്‍ തനിമ കൊണ്ട് വായിക്കണമെന്ന് നിര്‍ബന്ധിച്ച ഒരു ബ്ലോഗ്‌.
    ചിന്തകള്‍ക് ചിറകായി വിവരണം.
    ആശംസകള്‍

    ReplyDelete
  57. ഈ കാഴ്ചകള്‍ക്ക് ദൈന്യതയുടെ എന്നാല്‍ അതിനേക്കാളേറെ മറ്റെന്തൊക്കെയോ നമ്മോട് പറയാന്‍ കഴിയും അല്ലേ മുല്ല.. നമ്മളൊക്കെ ഉണ്ടും ഉറങ്ങിയും കഴിയുമ്പോള്‍ ഇവിടെ ഈ ലോകത്ത് തന്നെ ഇവരൊക്കെയും...

    ReplyDelete
  58. ഇങ്ങോട്ട് വരാന്‍ വൈകി ...

    കണ്ണ് തുറപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന നല്ല പോസ്റ്റ്‌.

    ReplyDelete
  59. ചുമ്മാ ഒന്ന് ചിരിക്കു മുല്ലേ .......ഒരാശ്വസതിനെകിലും

    ReplyDelete
  60. അങ്ങനെ വായിച്ചിരുന്നു പോയി...ചേച്ചിയുടെ എഴുത്ത് മനോഹരമാണ് .. സ്നേഹത്തോടെ മണ്‍സൂണ്‍

    ReplyDelete
  61. ചുമ്മാ വന്നു ഒന്ന് ഹലോ പറയാന്‍ തോന്നിയതിനു നന്ദി ..


    എനിക്ക് ഇത്തവണയും ലിങ്ക് കിട്ടിയില്ല.സാരമില്ല .കടല പൊതിഞ്ഞു ആ ബുക്ക്‌
    തീരുന്നതിനു മുമ്പേ ഇങ്ങു എത്തിയല്ലോ ...

    പറയാതെ പോകുന്ന ചിന്തകള്‍ പകര്‍ത്തിയപ്പോള്
    കൂടുതല്‍ ചിന്തിക്കാന്‍ തോന്നുന്നു ...

    മുല്ലേ.. ആശംസകള്‍ ...

    ReplyDelete
  62. നല്ല പോസ്റ്റ്‌, നല്ല വിവരണം, പാടപുസ്തകങ്ങള്‍ ഇത് പോലെ കടല പൊതിയാന്‍ കൊടുക്കാറുണ്ടോ..... എല്ലാ വിധ ആശംസകളും നേരുന്നു..

    ReplyDelete
  63. ഒരു കമന്റില്‍ കയറി പിടിച്ചിവിടെയെത്തി
    ആദ്യായിട്ടാ ഇവിടെ..
    നല്ല പോസ്റ്റ്‌..

    ഉരുകി തീരുന്ന ജീവിതങ്ങളെ കുറിച്ചുള്ള വിവരണം നന്നായി..

    എനിക്ക് മനസ്സിലാവാത്തത് ആ പുസ്തകമെന്തിനു കൊടുത്ത് എന്നതാണ്..
    ഞാന്‍ വായിച്ച പുസ്തകമാനത്..
    കടല പൊതിയാന്‍ കൊടുക്കാന്‍ മാത്രം എന്ത് വിവരക്കേടാ അതില്??

    ReplyDelete
  64. അളവുകോലുകൾക്കാവാത്ത അളവുകൾ.

    അഭിനന്ദനങ്ങൾ, മുല്ല.

    ReplyDelete
  65. ആഗ്രഹങ്ങളുടേയും ആഗ്രഹപൂരണങ്ങളുടേയും അനുപാതം തന്നെയാകാം സന്തോഷത്തിന്റെ അളവുകോൽ. ആഗ്രഹങ്ങളെ പരിമിതപ്പെടുത്താൻ മനസ്സ് പാകപ്പെടുത്തുമ്പോൾ സന്തോഷത്തിനുള്ള സാദ്ധ്യതകൾ വർദ്ധിച്ചേക്കാം.

    ചിന്തിപ്പിക്കുന്ന ഒരു പോസ്റ്റ്.

    മറന്നുപോകുന്ന ചില സത്യങ്ങൾ ഓർമ്മിപ്പിച്ചതിനു നന്ദി.

    ReplyDelete
  66. രണ്ടു കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നു
    ഒന്ന് ലേഡിസ് കമ്പാര്‍ട്ട് മെന്റില്‍ ആരും സ്ഥലം തരില്ല എന്നത് . ഞാനും ശ്രദ്ധിച്ചിട്ടുണ്ട് ബസ്സില്‍ കുട്ടിയെ എടുത്തു സ്ത്രി കയറിയാല്‍ സ്ത്രികളാരും അധികം മൈന്‍ഡ് ചെയ്യാറില്ല , (അങ്ങനെ ചെയ്യുന്ന കുറച്ചു പേരെ മറന്നിട്ടില്ല , അവര്‍ക്ക് നന്ദി ,) എന്നാല്‍ ഒരു പുരുഷനാണേല്‍ അവനു ഒരു മിനിറ്റ് പോലും നില്‍ക്കേണ്ടി വരില്ല
    രണ്ട്,ഇന്നലെ എനിക്ക് സൈക്കിള്‍ ഇല്ലാത്ത സങ്കടമായിരുന്നു , ഇന്ന് പെട്രോള്‍ വില അധികമാകുന്നതിന്റെ സങ്കടം , ഈ സങ്കടം ഒഴിവാക്കാന്‍ സൈക്കിള്‍ മാത്രം മതി എന്ന് വെച്ചാലും അപ്പോഴും വരും ഒത്തിരി സങ്കടങ്ങള്‍ ,എന്നാലും കൊച്ചു കൊച്ചു സന്തോഷങ്ങള്‍ വരുമ്പോള്‍ ഞാന്‍ ചിരിക്കും ,അത് കൊണ്ട് ചിരിക്കുന്നവര്‍ എല്ലാം സങ്കടമില്ലത്തവര്‍ അല്ല .

    ReplyDelete
  67. രണ്ടു കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നു
    ഒന്ന് ലേഡിസ് കമ്പാര്‍ട്ട് മെന്റില്‍ ആരും സ്ഥലം തരില്ല എന്നത് . ഞാനും ശ്രദ്ധിച്ചിട്ടുണ്ട് ബസ്സില്‍ കുട്ടിയെ എടുത്തു സ്ത്രി കയറിയാല്‍ സ്ത്രികളാരും അധികം മൈന്‍ഡ് ചെയ്യാറില്ല , (അങ്ങനെ ചെയ്യുന്ന കുറച്ചു പേരെ മറന്നിട്ടില്ല , അവര്‍ക്ക് നന്ദി ,) എന്നാല്‍ ഒരു പുരുഷനാണേല്‍ അവനു ഒരു മിനിറ്റ് പോലും നില്‍ക്കേണ്ടി വരില്ല
    രണ്ട്,ഇന്നലെ എനിക്ക് സൈക്കിള്‍ ഇല്ലാത്ത സങ്കടമായിരുന്നു , ഇന്ന് പെട്രോള്‍ വില അധികമാകുന്നതിന്റെ സങ്കടം , ഈ സങ്കടം ഒഴിവാക്കാന്‍ സൈക്കിള്‍ മാത്രം മതി എന്ന് വെച്ചാലും അപ്പോഴും വരും ഒത്തിരി സങ്കടങ്ങള്‍ ,എന്നാലും കൊച്ചു കൊച്ചു സന്തോഷങ്ങള്‍ വരുമ്പോള്‍ ഞാന്‍ ചിരിക്കും ,അത് കൊണ്ട് ചിരിക്കുന്നവര്‍ എല്ലാം സങ്കടമില്ലത്തവര്‍ അല്ല .

    ReplyDelete
  68. രണ്ടു കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നു
    ഒന്ന് ലേഡിസ് കമ്പാര്‍ട്ട് മെന്റില്‍ ആരും സ്ഥലം തരില്ല എന്നത് . ഞാനും ശ്രദ്ധിച്ചിട്ടുണ്ട് ബസ്സില്‍ കുട്ടിയെ എടുത്തു സ്ത്രി കയറിയാല്‍ സ്ത്രികളാരും അധികം മൈന്‍ഡ് ചെയ്യാറില്ല , (അങ്ങനെ ചെയ്യുന്ന കുറച്ചു പേരെ മറന്നിട്ടില്ല , അവര്‍ക്ക് നന്ദി ,) എന്നാല്‍ ഒരു പുരുഷനാണേല്‍ അവനു ഒരു മിനിറ്റ് പോലും നില്‍ക്കേണ്ടി വരില്ല
    രണ്ട്,ഇന്നലെ എനിക്ക് സൈക്കിള്‍ ഇല്ലാത്ത സങ്കടമായിരുന്നു , ഇന്ന് പെട്രോള്‍ വില അധികമാകുന്നതിന്റെ സങ്കടം , ഈ സങ്കടം ഒഴിവാക്കാന്‍ സൈക്കിള്‍ മാത്രം മതി എന്ന് വെച്ചാലും അപ്പോഴും വരും ഒത്തിരി സങ്കടങ്ങള്‍ ,എന്നാലും കൊച്ചു കൊച്ചു സന്തോഷങ്ങള്‍ വരുമ്പോള്‍ ഞാന്‍ ചിരിക്കും ,അത് കൊണ്ട് ചിരിക്കുന്നവര്‍ എല്ലാം സങ്കടമില്ലത്തവര്‍ അല്ല .

    ReplyDelete
  69. രണ്ടു കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നു
    ഒന്ന് ലേഡിസ് കമ്പാര്‍ട്ട് മെന്റില്‍ ആരും സ്ഥലം തരില്ല എന്നത് . ഞാനും ശ്രദ്ധിച്ചിട്ടുണ്ട് ബസ്സില്‍ കുട്ടിയെ എടുത്തു സ്ത്രി കയറിയാല്‍ സ്ത്രികളാരും അധികം മൈന്‍ഡ് ചെയ്യാറില്ല , (അങ്ങനെ ചെയ്യുന്ന കുറച്ചു പേരെ മറന്നിട്ടില്ല , അവര്‍ക്ക് നന്ദി ,) എന്നാല്‍ ഒരു പുരുഷനാണേല്‍ അവനു ഒരു മിനിറ്റ് പോലും നില്‍ക്കേണ്ടി വരില്ല
    രണ്ട്,ഇന്നലെ എനിക്ക് സൈക്കിള്‍ ഇല്ലാത്ത സങ്കടമായിരുന്നു , ഇന്ന് പെട്രോള്‍ വില അധികമാകുന്നതിന്റെ സങ്കടം , ഈ സങ്കടം ഒഴിവാക്കാന്‍ സൈക്കിള്‍ മാത്രം മതി എന്ന് വെച്ചാലും അപ്പോഴും വരും ഒത്തിരി സങ്കടങ്ങള്‍ ,എന്നാലും കൊച്ചു കൊച്ചു സന്തോഷങ്ങള്‍ വരുമ്പോള്‍ ഞാന്‍ ചിരിക്കും ,അത് കൊണ്ട് ചിരിക്കുന്നവര്‍ എല്ലാം സങ്കടമില്ലത്തവര്‍ അല്ല .

    ReplyDelete
  70. രണ്ടു കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നു
    ഒന്ന് ലേഡിസ് കമ്പാര്‍ട്ട് മെന്റില്‍ ആരും സ്ഥലം തരില്ല എന്നത് . ഞാനും ശ്രദ്ധിച്ചിട്ടുണ്ട് ബസ്സില്‍ കുട്ടിയെ എടുത്തു സ്ത്രി കയറിയാല്‍ സ്ത്രികളാരും അധികം മൈന്‍ഡ് ചെയ്യാറില്ല , (അങ്ങനെ ചെയ്യുന്ന കുറച്ചു പേരെ മറന്നിട്ടില്ല , അവര്‍ക്ക് നന്ദി ,) എന്നാല്‍ ഒരു പുരുഷനാണേല്‍ അവനു ഒരു മിനിറ്റ് പോലും നില്‍ക്കേണ്ടി വരില്ല
    രണ്ട്,ഇന്നലെ എനിക്ക് സൈക്കിള്‍ ഇല്ലാത്ത സങ്കടമായിരുന്നു , ഇന്ന് പെട്രോള്‍ വില അധികമാകുന്നതിന്റെ സങ്കടം , ഈ സങ്കടം ഒഴിവാക്കാന്‍ സൈക്കിള്‍ മാത്രം മതി എന്ന് വെച്ചാലും അപ്പോഴും വരും ഒത്തിരി സങ്കടങ്ങള്‍ ,എന്നാലും കൊച്ചു കൊച്ചു സന്തോഷങ്ങള്‍ വരുമ്പോള്‍ ഞാന്‍ ചിരിക്കും ,അത് കൊണ്ട് ചിരിക്കുന്നവര്‍ എല്ലാം സങ്കടമില്ലത്തവര്‍ അല്ല .

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..