Monday, January 3, 2011

എങ്കിലും എന്റെ സോദരാ..നിനക്കെന്ത് പറ്റി..?

India is my country. All indians are my brothers and sisters...

പണ്ട് അസംബ്ലിയില്‍ പൊരിവെയിലത്ത് നിന്നു കൈ മുന്നോട്ട് നീട്ടിപ്പിടിച്ച് നാം ചൊല്ലിയിരുന്നതാണിത്. എങ്കിലെങ്ങനെ
പെങ്ങളേ ഞാന്‍ നിന്നെ കെട്ടും എന്നൊരു പാളിനോട്ടം അപ്പുറത്തെ വരിയില്‍ നിന്നും ഇപ്പുറത്തെ വരിയിലേക്ക് പാറിവീഴാറുണ്ടേലും
നമ്മുടെ മനസ്സുകളില്‍ ആ വരികള്‍ ഉണര്‍ത്തി വിട്ട സ്വാധീനം വലുതാണു.അതുകൊണ്ട് തന്നെയാണു മറ്റുള്ളവരുടെ വേദനകള്‍ നമ്മുടെ
വേദനയായതും, അവരുടെ സന്തോഷങ്ങള്‍ നമ്മുടേം കൂടെ സന്തോഷങ്ങളായതും.പക്ഷേ ഇപ്പോഴോ..?അതങ്ങനെതന്നെയാണോ..?

ഒരാഴ്ച്ച മുന്‍പ് ഒരു പത്രവാര്‍ത്ത. തന്നെ ശല്യം ചെയ്ത യുവാവിനെ യുവതി ഓടിച്ചിട്ട് പിടിച്ച് തല്ലി. അവിടെ കൂടിയവരെല്ലാം കാഴ്ച്ചക്കാരായ് നോക്കി നിന്നു.
അവനെ അച്ചാലും മുച്ചാലും തല്ലുന്നത് കണ്ടിട്ടും ഒറ്റ ആണൊരുത്തനും ചോദിച്ചില്ല “ എന്താ പെങ്ങളേ സംഭവം?
ആരും അവനെ ചോദ്യം ചെയ്തില്ല. സ്റ്റാര്‍ സിംഗറും വനിതാരത്നവും കാണുന്ന ലാഘവത്തോടേ കണ്ടുനിന്നു എല്ലാവരും.

തീര്‍ന്നില്ല.ഇന്നലെ ബലരാമപുരത്ത് ഒരുത്തന്‍ എല്ലാവരും കാണ്‍കെ കെട്ടിത്തൂങ്ങി. തൂങ്ങിയാടിയ ആളെ ഒന്നു പിടിച്ച് പൊക്കാനോ കയററുത്ത് താഴെയിടാനോ
ഒറ്റയൊരുത്തനും അനങ്ങിയില്ല.നിങ്ങള്‍ വിചാരിച്ചോ അയാള്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ സിനിമയിലെന്ന വണ്ണം തിരിച്ച് എണിറ്റ് വരുമെന്ന്..?

കുറച്ച് മുന്‍പ് ഒരു ചെറുപ്പക്കാരന്‍ ലോറിയിടിച്ച് അരമണിക്കൂര്‍ ചോരവാര്‍ന്ന് റോഡില്‍ കിടന്നു, പൂര്‍ണ്ണ ബോധത്തോടെ. കാഴ്ച്ചക്കാരായ് കൂടിനിന്നവരാരും
അയാളെ ആശുപത്രിയില്‍ കൊണ്ട്പോയില്ലയെന്ന്. എന്താ പറ്റുന്നേ നമുക്ക്..?
മരിച്ച് പോകും എന്ന ഭയത്തേക്കാള്‍ അയാളേ വേദനിപ്പിച്ചിട്ടുണ്ടാകുക, ആ സമയത്തെ തീവ്രമായ ഏകാന്തതയാണു.ഒന്നൂല്ലടാ.., നിനക്കൊന്നും സംഭവിച്ചിട്ടില്ല എന്നും പറഞ്ഞ്
ആരേലും അവനെ മാറോടടുക്കി ഒരു മാത്ര പിടിച്ചിരുന്നേല്‍ ,ഒരു പക്ഷേ അവന്റെ മരണമെങ്കിലും ശാന്തതയോടെ ആകുമായിരുന്നില്ലേ..?

എപ്പോള്‍ എവിടെ വെച്ചാണു നാമീവിധം മാറിപ്പോയത്? ഒരു കല്യാണവീട്ടിലായാലും ഒരു ദുരന്തമുഖത്തായാലും ഒരേ പോലെ മൈക്കും നീട്ടിപ്പിടിച്ച്
“പറയൂ എന്താണിപ്പോള്‍ അവിടത്തെ ഒരു അവസ്ഥ..?”എന്നു യാതൊരു ഉളുപ്പുമില്ലാതെ ചോദിക്കുന്ന ചാനല്‍ പിശാചുക്കളുടെ
ആധിക്യം മൂലമാണോ..?അതോ ലോകത്ത് എന്തു നടന്നാലും എനിക്കൊരു ചുക്കുമില്ല എന്ന അഹന്ത കാരണമൊ..?

പൊടി പിടിച്ച നമ്മുടെ മനസ്സുകളെ നമുക്കൊന്നു തട്ടിക്കുടഞ്ഞ് വെക്കാം. സ്നേഹവും സാന്ത്വനവും തളിച്ച് കണ്ണാടി പോലെ തിളക്കമുള്ളതാക്കാം നമുക്കതിനെ.

40 comments:

  1. വലിയൊരു അരങ്ങാണീ ലോകം.ആ അരങ്ങിലെ നടീ നടന്മാര്‍ മാത്രമാണു നാം. കഥയും തിരക്കഥയും സംഭാഷണവുമൊക്കെ ദൈവം തമ്പുരാന്‍.എപ്പോ “കട്ട്”
    പറയണമെന്നും കര്‍ട്ടണ്‍ താഴ്ത്തണമെന്നും അങ്ങോര്‍ തീരുമാനിക്കും.എന്റെ അഭിനയം നന്നാവണമെങ്കില്‍ സഹ അഭിനേതാക്കളുടെ തോളോട് തോള്‍ ചേര്‍ന്ന്
    പോകണം ഞാന്‍.അല്ലാതെ വണ്മാന്‍ ഷോ കളിക്കാന്‍ നിന്നാല്‍ നാടകം എട്ടു നിലയില്‍ പൊട്ടും. കളി മുടങ്ങിയാല്‍ സൂപ്പര്‍ സംവിധായകനു ഒരു ചുക്കുമില്ല.
    നഷ്ടം നമുക്കാണു.ഇഹ പര നഷ്ടം!!!

    ReplyDelete
  2. ചെറുതെങ്കിലും ചിന്തനീയമായ പോസ്റ്റ്, ഒരുപക്ഷെ എല്ലാ പുതുവര്‍ഷങ്ങളിലും കേള്‍ക്കാറുള്ളത്.

    പക്ഷെ ആ ശബ്ദത്തിന്റെ അതിന്റെ തീവ്രത കുറയുകയാണ് എന്നതല്ലെ സത്യം.

    സ്വമനസാക്ഷിയോട് ചോദിക്കുമ്പോള്‍ അറിയാം ഞാനും പൊയ്മുഖം അണിഞ്ഞിരിക്കുന്നെന്ന്.

    മുഖംമൂടി വലിച്ചെറിഞ്ഞ് പ്രവര്‍ത്തന നിരതരാകാന്‍ ശ്രമിക്കാം.

    ReplyDelete
  3. സമൂഹത്തിന്റെ കാഴ്ചപ്പാട് മാറി. ഞാനും എന്റെ ‘പ്രശ്ന’ങ്ങളും.അതിനപ്പുറം ആര് ആരെ അടിച്ചാലെന്ത് ? ആര് തൂങ്ങിയാലെന്ത് ? എല്ലാവർക്കും സ്വാർത്ഥത.

    ReplyDelete
  4. പൊടി പിടിച്ച നമ്മുടെ മനസ്സുകളെ നമുക്കൊന്നു തട്ടിക്കുടഞ്ഞ് വെക്കാം.

    ReplyDelete
  5. നല്ല ചിന്തകൾ.പക്ഷെ?

    ReplyDelete
  6. ഇത് പോലുള്ള രംഗങ്ങള്‍ മൊബൈലില്‍ തല്‍സമയം ഷൂട്ട്‌ ചെയ്യുന്ന ഒരു ടെന്റന്സി ഇപ്പോള്‍ കൂടുതലാണ് .
    അതും കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ ഒരു ഷോ ആണ് എല്ലാവരും ഇന്ന് പ്രതീക്ഷിക്കുന്നത് എന്ന് കൂടി തോന്നിപ്പോകുന്നു.
    നല്ലൊരു ചിന്താവിഷയം വായനക്കാര്‍ക്ക് നല്‍കിയതിനു അഭിനന്ദനങ്ങള്‍ ...

    ReplyDelete
  7. നാം കൂടുതല്‍ സ്വാര്‍ത്ഥരായി മാറിക്കൊണ്ടിരിക്കുന്നു
    അല്ലെങ്കില്‍ നമുക്കിന്നു ഒന്നിനും സമയമില്ല അല്ലെങ്കില്‍ അതിനുള്ള മനസ്സില്ല
    --------------------------------
    അഭിനന്ദനാര്‍ഹാമായ പോസ്റ്റ്‌ , അഭിനന്ദനങ്ങള്‍

    ReplyDelete
  8. വളരെ നല്ലൊരു പോസ്റ്റ്‌...
    പക്ഷെ ഒന്ന്‍ ചോദിച്ചോട്ടെ,
    "തന്നെ ശല്യം ചെയ്ത യുവാവിനെ യുവതി ഓടിച്ചിട്ട് പിടിച്ച് തല്ലി. അവിടെ കൂടിയവരെല്ലാം കാഴ്ച്ചക്കാരായ് നോക്കി നിന്നു."- ഈ ഒരു സംഭവം നടക്കുന്ന സമയത്ത് മുല്ല അവിടെ ഉണ്ടായിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നു.......?
    അവനെ പോലുള്ളവര്‍ക്ക് അച്ചാലും മുച്ചാലും അപ്പോള്‍ കിട്ടിയതെ വരവ് ഉണ്ടാവുകയുള്ളൂ.
    ഇപ്പോള്‍ തന്നെ നമുക്ക് നോക്കാം ഈ അടുത്ത് നടക്കുന്ന എല്ലാ നീച്ച പ്രവര്‍ത്തനങ്ങളിലും പിടിക്കപ്പെടുന്നവര്‍ മുന്പ് ഒന്നും രണ്ടും അല്ല പതിനഞ്ചും ഇരുപതും കുറ്റങ്ങളില്‍ മുന്പ് പിടിക്കപ്പെട്ടവരായിരിക്കും...നമ്മുടെ നിയമവും ഇതിനൊരു പരിധിവരെ കാരണമാവുന്നില്ലേ?
    അക്സിടന്റില്‍ പെടുന്നവരെ സഹായിക്കാന്‍ ചെല്ലാതതിനും ഇങ്ങനെ ഒരു കാരണവുമുണ്ട്.
    പിന്നെ അതിനു പുറകെ നടക്കേണ്ടി വരുമെന്ന പേടി.
    ഈ അടുത്ത കാലത്ത് എന്നെ ഫീലിംഗ് ആകിയ ചെറിയൊരു രംഗം ഞാന്‍ പറയാം..
    അതിന്റെ പൂര്‍ണമായ സത്യാവസ്ഥ അറിയാതെ തന്നെ ആണ് പറയുന്നത്..തെറ്റുണ്ടെങ്കില്‍ ക്ഷമി.
    ഒരു പ്രമുഖ ചാനലിലെ ഫോടോഗ്രഫര്‍ക്ക് ഒരു അവാര്‍ഡ്‌ കിട്ടി.
    "ഒരു മരം വെട്ടി മാറ്റിയപ്പോള്‍ അതില്‍ നിന്നും താഴെ വീണ ഒരു കിളിക്കൂടിലെ രണ്ടു കിളിക്കുഞ്ഞുങ്ങളുടെ വേദനിപ്പിക്കുന്ന കാഴ്ചകള്‍ ആയിരുന്നു അതില്‍.
    ഒരു വൈകുന്നേരം വരെ അത് ഷൂട്ട്‌ ചെയ്തിട്ടുണ്ട്.
    പിന്നീട് അവാര്‍ഡ്‌ കിട്ടിയതിനു ശേഷം ആ വാര്‍ത്ത വീണ്ടും വന്നു .
    അന്ന് വാര്‍ത്ത വായനാകാരി പറഞ്ഞത്. ഞങ്ങള്‍ അടുത്ത ദിവസവും അവിടെ പോയി നോക്കി. ഒഴിഞ്ഞ കൂട് മാത്രമാണ് കണ്ടത്.
    ആ കിളികള്‍ വല്ല തെരുവ് പട്ടികല്‍ക്കോ മറ്റോ ഇരയായി ക്കാണും"
    എന്നാ. ഇതാണ് മുല്ലേ ലോകം....
    നിശാ സുരഭിയുടെ അഭിപ്രായത്തോട് യോജിക്കുന്നു. "സ്വമനസാക്ഷിയോട് ചോദിക്കുമ്പോള്‍ അറിയാം ഞാനും പൊയ്മുഖം അണിഞ്ഞിരിക്കുന്നെന്ന്."

    ReplyDelete
  9. നല്ല ചിന്ത... സമൂഹത്തിന്റെ പ്രതികരണ ശേഷി നഷ്ടപ്പെട്ടിട്ടു കാലം കുറേ ആയീ... ഇന്ന് മനുഷ്യന്‍ പൊതുവേ വല്ലാത്ത ഭയത്തോടുകൂടി ആണ് ജീവിക്കുന്നത്.. കൊട്ടേഷന്‍ ടീമുകള്‍, വാണിഭക്കാര്‍, ചിലപ്പോള്‍ നിയമത്തിന്റെ കാവല്‍ക്കാര്‍.. ആ ഭയത്താല്‍ മനുഷ്യന്റെ കാലും കൈയും ബന്ധിച്ചിരിക്കുകയാണ്. ആ ഭയത്താല്‍ കണ്ണും കാതും അടച്ചു പിടിച്ചിരിക്കുകയാണ്.. എന്ത് ചെയ്യാം... !!!

    ReplyDelete
  10. നിശാസുരഭി,
    ഇസ്മയില്‍ ചെമ്മാട്,
    പുഷ്പാംഗദ്,
    ഹൈന,
    മൊയ്ദീന്‍ അങ്ങാടിമുഖര്‍,
    മിസ്രിയാ നിസാര്‍
    ജുവൈരിയ എല്ലാവര്‍ക്കും നന്ദി.പിന്നെ അതിലെ
    സോദരാ എന്ന വിളി എന്നോടും കൂടെയുള്ളതാണു.ഈ ചോദ്യങ്ങളൊക്കെ സ്വന്തത്തോട് കൂടിയാണു.മാറ്റം വേണം നമുക്ക്.അതിനായ് ശ്രമിച്ചേ പറ്റൂ.
    പിന്നെ അന്നേരം ഞാന്‍ ഉണ്ടായിരുന്നേല്‍ തീര്‍ച്ചയായും ചോദിക്കുമായിരുന്നു എന്താ കാര്യം എന്ന്.അവന്റെ വാരിയെല്ലു ഊരിയെടുത്ത് തില്ലാന കളിക്കാനല്ല ഞാന്‍ പറഞ്ഞത്.എന്താ സംഭവമെന്ന് അന്വെഷിക്കേണ്ടെ നമ്മള്‍.പിന്നെ റോഡാക്സിഡന്റിന്റെ കാര്യം.നമ്മള്‍ സാക്ഷി പറയേണ്ടി വരുമെങ്കിലും ഒരു വിലപ്പെട്ട ജീവന്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞാല്‍.നാളെ ആ സ്ഥാനത്ത് ഞാനാവാം,നിങ്ങളാവാം,നമുക്ക് പ്രിയപ്പെട്ട ആരേലുമാവാം.പിന്നെ ഇന്നാളോരൂസം ഒരാള്‍ടെ ഫോണ്‍ വന്നു.ഫോട്ടോഗ്രാഫര്‍ക്ക് ,അടിയന്തരകാര്യമാണു,ചെല്ലാന്‍.ചെന്നപ്പോ പാലത്തിനു മുകളില്‍ ഒരാലിന്‍ തൈ.അതിന്റെ ഫോട്ടോ എടുക്കാനാ വിളിച്ചത്.അതവിടെ നിന്നാല്‍ പ്രശ്നമാണെന്നു നാലാള്‍ അറിയട്ടെ. ഫോട്ടോഗ്രാഫര്‍ ഇറങ്ങി ആ തയ്യങ്ങ് പറിച്ച് കളഞ്ഞ് നടന്നു പോയി.എപ്പടിയിരുക്ക്?

    ReplyDelete
  11. ചില കാര്യങ്ങള്‍ക്ക് നമ്മള്‍ കണ്ണ് അടക്കേണ്ടി വരും....അതൊരിക്കലും ഒരു ജീവന്റെ നാശത്തിലേക്ക് ഉള്ള വഴി ആവരുത് എന്ന് മാത്രം

    ReplyDelete
  12. സാന്ത്വനം മറന്ന മനുഷ്യരിന്നുമെവിടേയും അവനീ
    സ്വന്തം കാര്യത്തിലല്ലോയവനിയിലെന്നും പഥ്യം..!

    ReplyDelete
  13. മാറിക്കൊണ്ടിരിക്കുന്ന ജീവിതരീതികളില്‍ മുഖ്യം പണത്തിനു മാത്രമായി തീരുമ്പോള്‍ സ്വന്തം കാര്യം അല്ലാതെ മറ്റൊന്നും പ്രശ്നമാല്ലാതകുന്നില്ലേ. മരവിക്കുന്ന മനുഷ്യമാനസ്സുകളും ധാരാളം. സ്വന്തം കാര്യത്തിനു പോലും സമയം തികയാതെ വരുന്ന മനുഷ്യന്റെ ത്വര എറിയിരിക്കുന്നു.അതില്‍ പെട്ടതാണ് മനസ്സുകളെ ഏറ്റവും അധികം സ്വാധീനിക്കുന്ന ടീവികള്‍. അതിലെ നിറമുള്ള കാഴ്ചകളില്‍ മാത്രം മനസ്സ്‌ തളച്ചിടുമ്പോള്‍ മാറ്റ് കാഴ്ചകള്‍ നിറം മങ്ങുന്നതും ഒരു നെടുവീര്‍പ്പ് നല്‍കി മറ്റുള്ളവരെ കാണിക്കുന്നതിലേക്കും മാത്രം ഒതുങ്ങിയിരിക്കുന്നു ഇന്ന് എല്ലാം.
    സാരമായ ഒരു ചിന്ത വരേണ്ടിയിരിക്കുന്നു.

    ReplyDelete
  14. ഈ നാട് ഒരിക്കലും നന്നാവില്ല മുല്ലത്താ... ആദ്യം ഇവിടുത്തെ രാഷ്ട്രീയബുജികളെ വെടിവച്ച് കൊല്ലണം ...എന്നാലേ ഈ നാട് നാന്നാവൂ...

    ReplyDelete
  15. ഒരു കുഞ്ഞു പോസ്റ്റിലൂടെ പറഞ്ഞത് ഇമ്മിണി വലിയ കാര്യങ്ങള്‍. സഹജീവി സ്നേഹം മലയാളിക്ക് പൊതുവേ ജനറ്റിക്കലി വളരെ കുറവാണ്. ഗള്‍ഫില്‍ ഉള്ളവര്‍ക്ക് ഇത് വ്യക്തമായി കാണാന്‍ കഴിയും. ഒരാള്‍ വീണു കിടക്കുന്നത് കാണുന്നയാള്‍ ഒരു പാകിസ്താനിയാണെങ്കില്‍ 99 ശതമാനം കേസിലും അയാളെ സഹായിക്കാതെ ഈ പാകിസ്താനി കടന്നു കളയില്ല. വീണു കിടക്കുന്നയാള്‍ ഏതു നാട്ടുകാരനാണെങ്കിലും.

    ഇനി ബങ്കാളിയാണെങ്കില്‍ മറ്റൊരു ബങ്കാളിക്ക് എന്തെങ്കിലും പറ്റിയാല്‍ അവിടെ ബങ്കാളികള്‍ കൂടത്തോടെ ഓടിയെത്തും. തെറ്റും ശരിയും നോക്കാതെ എതിര്‍പാര്‍ട്ടിയെ മുന്‍പിന്‍ നോക്കാതെ കൂട്ടത്തോടെ ആക്രമിക്കും. ഇതിലെ ശരി-തെറ്റ് വേറെ ചര്‍ച്ച ചെയ്യേണ്ടതാണ്. പക്ഷെ ആ സഹജീവി സ്നേഹം, അത് മതിപ്പുളവാക്കും.

    ഇനി മലയാളിയാണെങ്കില്‍, വീണു കിടക്കുന്നത് മറ്റൊരു മലയാളിയാണെങ്കില്‍ പോലും, "ബുദ്ധി" പൂര്‍വ്വം തന്‍റെ തടി സലാമാത്താക്കും. അങ്ങിനെയാണ് മലയാളി വലിയ ബുദ്ധിമാനാണെന്ന കാര്യം വിശ്വവിഖ്യാതമായത്. ഞാനും വ്യത്യസ്തനല്ല.

    മുല്ല കണ്ടത് ഉത്തരാധുനിക കാലത്തെ അതിബുദ്ധിമാന്‍മാരായ മലയാളികളെയാണ്.

    ReplyDelete
  16. പുതിയ സമൂഹത്തിന്റെ നിസംഗത.... പ്രതികരിക്കാന്‍ നില്‍ക്കാത്തെ, സ്വന്തം കാര്യങ്ങള്‍ക്കുവേണ്ടി ഓടുന്ന ജനത. മാറ്റുവിന്‍ മാറ്റി മറിക്കുവിന്‍ എന്ന് പറയാന്‍ പോലും ആളുകളില്ല..

    ReplyDelete
  17. വളരെ നല്ലൊരു വിഷയമാണ് മുല്ല എടുത്തിട്ടത്.
    ഒരാള്‍ മരിക്കുന്നത് നേരില്‍ക്കണ്ടാലും അയാളെ രക്ഷപ്പെടുത്തുന്നതിന് പകരം എനിക്കിതുകൊണ്ട്‌ എന്ത് നേട്ടം ഉണ്ടാക്കാം എന്നാണു ഓരോരുത്തരുടെയും മനസ്സിലിരിപ്പ്.

    ReplyDelete
  18. മുല്ലേ,നൊമ്പരപ്പെടുത്തുന്ന പോസ്റ്റ്..ഇത് വായിച്ച എല്ലാ മനസ്സിലേക്കും മുല്ല നന്മയുടെ നെല്‍മണികള്‍ വിതറിയിട്ടുണ്ടാവും..അഭിനന്ദനങ്ങള്‍..

    ReplyDelete
  19. വളരെ നല്ലൊരു പോസ്റ്റ്‌...

    ReplyDelete
  20. സലാംക്ക പറഞ്ഞതിന്റെ അടിയില്‍ എന്റെയും ഒരു ഒപ്പ്‌ ....

    ReplyDelete
  21. പോസ്റ്റും കമൻറ്റുകളും വായിച്ചു.
    നമുക്ക് സഹജീവികളെ സഹായിക്കാനും സ്നേഹിക്കാനുമുള്ള മനസ്സ് ഉണ്ടാക്കാൻ ശ്രമിക്കാം. അല്ലാ‍തെന്ത് പറയാൻ.
    എങ്കിലും, ( പെണ്ണിനെ കയറിപിടിക്കുന്നവനെ രച്ചിക്കാൻ ഞമ്മളില്ലേ)

    ReplyDelete
  22. s m.sadik.
    ---അവനെ അച്ചാലും മുച്ചാലും തല്ലുന്നത് കണ്ടിട്ടും ഒറ്റ ആണൊരുത്തനും ചോദിച്ചില്ല “ എന്താ പെങ്ങളേ സംഭവം?
    ആരും അവനെ ചോദ്യം ചെയ്തില്ല.----
    എന്നു വെച്ചാല്‍ ,അവനെ ഇങ്ങനെയിട്ട് തല്ലണമെങ്കില്‍ അവന്‍ കാര്യാമായ് എവിടേലും പിടിച്ച് അമര്‍ത്തിയിട്ടുണ്ടാകും എന്നുറപ്പല്ലേ.അതും ചോദിച്ച് അവന്റെ ചെള്ളക്ക് നോക്കി ഒറ്റയൊരുത്തനും ഒന്നു പൊട്ടിച്ചില്ലാന്നാ ഞാന്‍ പറഞ്ഞെ.അല്ലാതെ അവള്‍ടെ കൈയ്യില്‍ നിന്നും അവനെ രക്ഷപ്പെടുത്താനല്ല.Got t point..?

    നന്ദി എന്റെ എല്ലാ കൂട്ടുകാര്‍ക്കും.

    ReplyDelete
  23. വളരെ നല്ല പോസ്റ്റ്
    ചിന്തിക്കേണ്ട വിഷയം...

    ReplyDelete
  24. നന്ദി വേണുഗോപാല്‍ ജീ,അതെ നമുക്ക് പേടിയാണു സമൂഹത്തെ.എങ്കിലും അതൊന്നു കുടഞ്ഞു കളയാന്‍ പറ്റുമോന്ന് നോക്കാം നമുക്ക്.

    നന്ദി മുകുന്ദന്‍ ജീ.വന്നതിനും അഭിപ്രായം എഴുതിയതിനും.
    അതേ റാംജിജീ.സാരമായ ചിന്ത വേണ്ടിയിരിക്കുന്നു.

    വിരല്‍ത്തുമ്പ്,അങ്ങനെ നിരാശപ്പെടല്ലേ..നമുക്കൊരു കൈ നോക്കാം.

    നന്ദി സലാംജീ.നിരീക്ഷണത്തിനു.
    നന്ദി എളയോടന്‍ അഭിപ്രായത്തിനു.

    നന്ദി മെയ്ഫ്ലവര്‍.
    ജാസ്മിക്കുട്ടീ...നന്ദി.
    നാഷു..നന്ദി.
    എസ്,എം സാദിഖ്.നന്ദി അഭിപ്രായത്തിനു.

    ഹരീഷ് നന്ദി.
    ഫൈസൂ...താങ്കൂ..
    റിയാസ് ഭായ്.നന്ദി

    ReplyDelete
  25. നന്നായിരിയ്ക്കുന്നു മുല്ലാ....

    പക്ഷേ പറഞ്ഞോട്ടെ,നമ്മുടെ വീടിന്നകത്തു പോലും ഇത്തരം സന്ദര്‍ഭങ്ങള്‍ നമുക്കു അനുഭവപ്പെടുന്നില്ലേ..നിശ്ശബ്ദമായി നോക്കി നിന്നു പോകുന്ന സാഹചര്യങ്ങള്‍..
    മനുഷത്വം നഷ്ടായി കൊണ്ടിരിയ്കാന്നല്ലാതെ ഒരു തരി പോലും തിരിച്ചു പിടിയ്ക്കാന്‍ നമുക്ക് ആവുന്നില്ലല്ലോ..
    അത്തരം മനുഷ്യരുടെ ഒരു കൂട്ടമായിരുന്നു ആ ജനാവലി എന്നു ഞാന്‍ സമാധാനിയ്ക്കും ഇത്തരം സാഹചര്യങ്ങളില്‍...
    അല്ലതെ നിവൃത്തിയില്ലല്ലോ..അല്ലേ..?.

    ReplyDelete
  26. കയറില്‍ തൂങ്ങി ആടുന്നവനെ ഒറ്റ കയ്യില്‍ പൊക്കാന്‍ പറ്റുമോ? മറു കയ്യില്‍ ആ ആട്ടം പകര്‍ത്താനുള്ള മൊബൈല്‍ ക്യാമറ ഇരിക്കുകയല്ലേ?

    ReplyDelete
  27. ഒരു അപകടം കണ്ടാല്‍ ഉടന്‍ നിരവധി മൊബൈല്‍ ഫോണ്‍ ക്യാമറകള്‍ ഫ്ലാഷ് മിന്നുന്ന കാലം. എല്ലാവരും സംഭവം ലൈവ് ആയി ക്യാമറയില്‍ പകര്‍ത്തി നിസ്സംഗതയോടെ കടന്നു പോകും. നമ്മുടെ നാടും പുരോഗമിച്ചു മുല്ലേ. .

    ReplyDelete
  28. theerchayayum nammude manassinte chuttuvattangal koodi vedippullathayenkil...... aashamsakal....

    ReplyDelete
  29. നമ്മുടെ നാട്ടിലെ ഈ സാമുഹ്യ അവസ്ത പെട്ടെന്നുണ്ടായ ഒരു പ്രതിഭാസമായ് ഞാൻ കരുതുന്നില്ല....അപകടാവസ്തയിൽ നിന്നും ഒരുവനെ ആരെങ്കിലും രക്ഷിക്കാൻ ശ്രമിച്ചാൽ അവന്റെ പകുതി ജീവിതം കോടതി വരാന്തയിൽ തീർക്കേണ്ടി വരുന്ന ഒരു നിയമ സംഹിതയിൽ നിന്നു വളർന്നു വന്ന ഒരു സാമുഹ്യ മനസാക്ഷിയാണു നമുക്കുള്ളത്..ഇതൊന്നും പ്രതികരിക്കതിരിക്കുന്നതിനു ഒരു ന്യായീകരണമല്ലെങ്കിലും...നല്ല ഒരു പോസ്റ്റ്


    മുല്ലയ്ക്കും കുടുംബത്തിനും എല്ലാ നന്മകളും ഈ പുതുവത്സരത്തിൽ നേരുന്നു

    സസ്നേഹം
    മൻസൂർ ആലുവിള

    ReplyDelete
  30. //എപ്പോള്‍ എവിടെ വെച്ചാണു നാമീവിധം മാറിപ്പോയത്? ഒരു കല്യാണവീട്ടിലായാലും ഒരു ദുരന്തമുഖത്തായാലും ഒരേ പോലെ മൈക്കും നീട്ടിപ്പിടിച്ച്
    “പറയൂ എന്താണിപ്പോള്‍ അവിടത്തെ ഒരു അവസ്ഥ..?”എന്നു യാതൊരു ഉളുപ്പുമില്ലാതെ ചോദിക്കുന്ന ചാനല്‍ പിശാചുക്കളുടെ
    ആധിക്യം മൂലമാണോ..?അതോ ലോകത്ത് എന്തു നടന്നാലും എനിക്കൊരു ചുക്കുമില്ല എന്ന അഹന്ത കാരണമൊ.?//

    മുല്ല കാര്യം വെട്ടിത്തുറന്നു പറഞ്ഞു,
    അഭിനന്ദനങ്ങള്‍.

    ഒരു കാര്യം കൂടെ മനസ്സിലാക്കേണ്ടതുണ്ട്.ഇത്തരം കാര്യങ്ങളില്‍ ഇവിടെ പ്രതികരിച്ച ബ്ലോഗര്‍മാരുടെ അഭിപ്രായങ്ങള്‍ നോക്കൂ.തീര്‍ത്തും സ്വാഗതാര്‍ഹം.
    പക്ഷെ ഏതു സമൂഹത്തില്‍ നിന്നാണോ നാമൊക്കെ വരുന്നത് ആ സമൂഹത്തിന്റെ വര്തമാനകാഴ്ച്ചകളല്ലേ മുല്ല ഇവിടെ കുറിച്ചിട്ടത്.എങ്ങനെ വന്നു ഈ വൈരുധ്യം?

    എഴുത്തിലും സംസാരത്തിലും മാത്രം ഒതുങ്ങുന്ന
    ഒന്നായിപ്പോയോ നമ്മുടെ ധാര്‍മികതയും ധാര്‍മിക രോഷവും മനുഷ്യ സ്നേഹവുമൊക്കെ?

    ReplyDelete
  31. ചിലതൊക്കേ കാണാതിരിക്കുന്നതാവും ഭേതം
    ഇന്നും മറന്നിട്ടില്ല ആകിളിക്കുഞ്ഞുങ്ങളെ
    പിറ്റേന്നു കണ്ട ഒഴിഞ്ഞകൂടും!
    ........
    പൂത്തുംസൌരഭ്യം പരത്തിയും പടര്‍ന്നു പരിലസിക്കട്ടെ,ഇഹപരവിജയത്തിനു ഇറയോനോട് ഇരക്കാം,
    ആശംസകള്‍

    ReplyDelete
  32. വര്‍ഷിണീ..മനുഷ്യത്വവും സ്നേഹവുമൊക്കെ നമ്മുടെ ഉള്ളില്‍ ഉണ്ട്.നമ്മളത് കണ്ടില്ലാന്ന് നടിക്കുകയാണു.സ്നേഹോം ദയയുമൊക്കെ തീരെ ഇല്ലാണ്ടായിരുന്നെങ്കില്‍ ഈ ലോകം എന്നേ കീഴ്മേല്‍ മറിഞ്ഞേനെ.

    ഹാഷിക്ക്,അക്ബര്‍ ഭായ്.നിങ്ങള്‍ രണ്ടാളും പറഞ്ഞത് ശരിയാ,എല്ലാം മൊബൈലില്‍ പകര്‍ത്താനുള്ള തത്രപ്പാട്.അവനെ സഹായിക്കാന്‍ നിന്നാല്‍ നല്ലൊരു ഫ്രെയിം മിസ്സാകും എന്ന ചിന്ത.ഓര്‍മയില്ലേ?കെവിന്‍ കാര്‍ട്ടര്‍ക്ക് പുലിസ്റ്റര്‍ പ്രൈസ് നേടിക്കൊടുത്ത വിഖ്യാതമായ ചിത്രം.സുഡാനില്‍ നിന്നും,പട്ടിണികൊണ്ട് മരിക്കാറായ ഒരു കുഞ്ഞ് അവനു പിന്നില്‍ ആര്‍ത്തിയോടെ ഇരിക്കുന്ന ഒരു കഴുകനും.വേണമെങ്കില്‍ അയാള്‍ക്ക് അവനെ രക്ഷിക്കാമായിരുന്നു.അതിനയാള്‍ തുനിഞ്ഞില്ല.ആ ഒരു കുറ്റബോധം കൊണ്ടാണു കെവിന്‍ പിന്നീട് ആത്മഹത്യ ചെയതത്.

    ജയരാജ് മുരിക്കുമ്പുഴ,അങ്ങനെയാവട്ടെ.

    നന്ദി മന്‍സൂര്‍ ആലുവിള, വന്നതിനും അഭിപ്രായത്തിനും.ഇങ്ങനെ സാക്ഷി പറയാനും സഹായിക്കാനും എല്ലാവരും മുന്നോട്ട് വന്നാല്‍ നിയമങ്ങളൊക്കെ മാറ്റിയെഴുതപ്പെടും.

    നന്ദി ബിന്‍ഷേഖ്,ഇതുവരെ ഇങ്ങനെയൊക്കെ ആയി എന്നുവെച്ച് നമുക്ക് മാറാതിരിക്കെണ്ടല്ലോ.നമുക്ക് നമ്മുടെ തെറ്റുകള്‍ തിരുത്താം.വിപ്ലവം നമ്മുടെ മനസ്സുകളിള്‍ നിന്നു തന്നെ തുടങ്ങട്ടെ.

    നന്ദി ഇഷാക്ക്,തീര്‍ച്ചയായും പ്രാര്‍ത്ഥനകള്‍ വേണം.

    ReplyDelete
  33. എല്ലാത്തിനെയും നിസംഗതയോടെ നോക്കികാനാന്‍ നാം പഠിച്ചിരിക്കുന്നു. മരവിച്ച മനസ്സും എന്നോ മരിച്ച ഹൃദയവും ....

    ReplyDelete
  34. ഇത് പോലെ ഒരു കാഴ്ച്ച യ്ക്ക് ഞാനും സാക്ഷി ആയിട്ടുണ്ട്, കുറച്ചു നാള്‍ മുമ്പ്പ് റെയില്‍വേ ട്രാക്കില്‍ ഒരു പയ്യന്‍ ട്രെയിന്‍ തട്ടി കാലു മുറിഞ്ഞു കിടക്കുന്നു, നമ്മള്‍ അവിടെ എത്തുമ്പോഴേക്കും കണ്ടത് എല്ലാവരും സിനിമ കാണുന്നത് പോലെ നിക്കുന്നതാണ്, പിന്നീട് കുറേ കഴിഞ്ഞാണ് ആ പയ്യനെ അവിടുന്ന് മാറ്റിയത് തന്നെ , ഇതിനെ കുറിച്ച് ഒരു പോസ്റ്റ്‌ ഇടണമെന്ന് കരുത്യതാണ്

    ReplyDelete
  35. പിന്നെ പലരും മടിക്കുന്നത് അതില്‍ ഇടപെട്ടാല്‍ പിന്നെ കുടുങ്ങി പോവോ എന്നും പേടിച്ചിട്ട , നിയമം കാക്കുന്ന വലിയ ഉധ്യോഗസ്ഥരും അങ്ങനെ ആണല്ലോ ഇന്ന് പെരുമാറുന്നത് , കട്ടവനെ കിട്ടിയിലെങ്കില്‍ കിട്ടിയവനെ കള്ളനാക്കും

    ReplyDelete
  36. ഇന്നലേ ആസിഡ് ആക്രമണത്തില്‍ പരുക്ക് പറ്റി കെടക്കുന്ന പെണ്‍കുട്ടിയുടേ അടുത്തേക്ക് മൈക്കും ആയി ചെല്ലുന്ന ചാനല്‍ കഴുതയേക്കണ്ടു,

    ഒരു കൊലപാതകമോ ആല്‍മഹത്യയോ നടന്നാല്‍ ആ ഭയാനക ദ്രശ്യം നാട്ടുകാരേ മൊത്തം കാണിക്കുന്ന മാധ്യമ സംസ്ക്കാരം ആണ് നമ്മുടേ....

    ഇതൊക്കേ കണ്ടു സാധാരണക്കാരും മനസാക്ഷി മരവിച്ചവര്‍ ആയി പ്പോകുന്നതായിരിക്കും.......

    ReplyDelete
  37. ഹായി മുല്ല .....
    ഞാനും പെങ്ങളും നമ്മള്‍ ഉള്‍പ്പെടുന്ന ഈ സമൂഹവും ഒരു പാട് മാറി....
    അവിടിപ്പോള്‍ ഞാനും എന്റെതും മാത്രമായി .....മിനിട്ടുകളും മണിക്കൂറുകളും വിറ്റ്‌ .... തന്നിലെ മാറ്റങ്ങള്‍ പോലും മറുള്ളവര്‍ പറഞ്ഞു അറിയേണ്ടി വരുന്ന ഈ കാലത്ത് .... സ്വയം ഒരു വിശകലനം നടത്താന്‍ എപ്പോഴാണ് സമയം ....
    പോസ്റ്റ്‌ നന്നായിട്ടുണ്ട് ...
    ആശംസകള്‍....
    പിന്നെ എന്റെ പോസ്റ്റ്‌ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി ....
    സ്നേഹപൂര്‍വ്വം
    ദീപ്

    ReplyDelete
  38. സഹജീ‍വികളോടുള്ള സ്നേഹമോക്കെ മലയാളികളില്‍
    കുറഞ്ഞു കൊണ്ടേയിരിക്കുന്നു..ഈ പോസ്റ്റിനോടൊപ്പം
    salam pottengalinte വാക്കുകളും ചേര്‍ത്തുവായിക്കേണ്ടതാണ്.

    ReplyDelete
  39. ഇന്ന് സ്വാര്‍ഥത എല്ലാരെയും ഭൂതം പോലെ പിടി കൂടിയിരിക്കുന്നു..
    എവിടെയും, "ഞാന്‍, എന്റെ" എന്ന മുദ്രാവാക്യങ്ങള്‍ മാത്രം..
    ബന്ധങ്ങള്‍ കെട്ടുകഥകള്‍ മാത്രമാകുന്നു...
    മനുഷ്യന്‍ മൃഗ തുല്യനാകുന്നു..
    "പൊടി പിടിച്ച നമ്മുടെ മനസ്സുകളെ നമുക്കൊന്നു തട്ടിക്കുടഞ്ഞ് വെക്കാം. സ്നേഹവും സാന്ത്വനവും തളിച്ച് കണ്ണാടി പോലെ തിളക്കമുള്ളതാക്കാം നമുക്കതിനെ"
    ഞാന്‍ തയ്യാറാണ്...
    എന്തും നേടുന്നതില്‍ അല്ല, പകരം നല്‍കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന എത്ര നല്ല മനുഷ്യര്‍ ഉണ്ടാകും?

    ReplyDelete
  40. ഇത് മുമ്പ് വായിക്കയും അഭിപ്രായം പറയുകയും ചെയ്തതാണല്ലോ.

    അമ്പടാ “അഗ്രിഗേറ്റാ” നീയെന്റെ അഭിപ്രായം തിന്നുമല്ലെ? നിന്നെയിന്നു ഞാന്‍.....

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..