Wednesday, May 5, 2010

ആര്‍ക്കാണു ഭ്രാന്ത്...?

കുറ്റിപ്പുറത്ത്കാരുടെ സ്വന്തം ഭ്രാന്തനായിരുന്നു കൃഷ്ണന്‍.സ്നേഹിച്ച് കൂടെ കൂട്ടിയ പെണ്ണ്
ഉപേക്ഷിച്ച് പോയതിനാലാണെന്നും അതല്ല ,പട്ടാളത്തില്‍ നിന്നും തിരിച്ച് വന്ന കൃഷ്ണനെ,
സഹോദരങ്ങള്‍ സ്വത്ത് കൈക്കലാക്കാന്‍ വേണ്ടി വീട്ടില്‍ നിന്നും അടിച്ചിറക്കിയപ്പോഴാണു
ഭ്രാന്തായതെന്നും രണ്ടു പക്ഷം.എന്തോ...എനിക്ക് പേടിയായിരുന്നു കൃഷ്ണനെ..,സ്കൂളിലേക്കുള്ള
വഴിയില്‍ ലെവല്‍ക്രോസിനടുത്തുള്ള കലുങ്കില്‍ ,കൈയിലൊരു മുണ്ടന്‍ വടിയുമായി ഇരിപ്പുണ്ടാവും അയാള്‍.
അയാളെ കടന്നുപോകുമ്പോള്‍ ഭയം കൊണ്ട് മുട്ടിടിക്കും.
ആണ്ടിലൊരിക്കലാണു കൃഷ്ണന്‍ കുളിക്കുക,നാട്ടുകാരുടെ ജോലിയാണത്.ഉത്രാടത്തിന്റന്ന് എല്ലാരും കൂടിഅയാളെ ചങ്ങണാം കടവിലേക്ക് ആനയിക്കും.ഒസ്സാന്‍ കുഞ്ഞയമുവിന്റെ കത്രിക കൃഷ്ണന്റെ തലയിലൂടെയും മുഖത്തൂടേയുംചലിക്കാന്‍ തുടങ്ങിയാല്‍ മറഞ്ഞുകിടക്കുന്ന ഭൂപ്രദേശങ്ങള്‍ വെളിപ്പെട്ടുവരും!!!
പിന്നീട് അയാളെ പുഴയിലിറക്കും,ഒരുകൊല്ലത്തെ മുഴുവന്‍ മാലിന്യങ്ങളും ഏറ്റുവാങ്ങി പുഴ കൃഷ്ണനെ
ശുദ്ധനാക്കും.തൊട്ടടുത്ത് ഭാരത് ഹോട്ടലില്‍ നിന്നും ഒരില ചോറ് വാങ്ങിനല്‍കുന്നതോടെ നാട്ടുകാര്‍
കൃഷ്ണനെ മറക്കും,പിന്നേയും ജീവിതം ആ കലുംങ്കില്‍.....

ഒരുദിവസം ഉപ്പാക്കുള്ള ചോറുമായ് ഞാന്‍ സ്റ്റേഷ്നനിലേക്ക് വരികയാണു.ലെവല്‍ക്രോസ്സില്‍ ഷണ്ടിങ്ങിനായ് ഗുഡ്സ് നിര്‍ത്തിയിട്ടിരുന്നു.മേല്‍പാലം ഇല്ല അന്ന്,വണ്ടിക്കടിയിലൂടെ നൂണ്ട് അപ്പുറം കടക്കണം.
കലുങ്കില്‍ കൃഷ്ണന്‍ ഇരിപ്പില്ല,ആശ്വാസത്തോടെ ഞാന്‍ വണ്ടിക്കടിയിലേക്ക് നൂണ്ടതും എഞ്ചിന്‍ വന്ന് ബോഗിയില്‍ഘടിപ്പിച്ചതും ഒപ്പം,വണ്ടി പിന്നോക്കം ഉരുളാന്‍ തുടങ്ങി,എന്റെ കണ്ണില്‍ ഇരുട്ട് കയറി.പെട്ടെന്ന് ആരോ എന്നെ വലിച്ച് പുറത്തേക്കിട്ടു.ചക്രങ്ങള്‍ പാളത്തിലുരയുന്ന ശബ്ദവും പിന്നെ മനം മടുപ്പിക്കുന്ന ഒരു വാടയും!!
വേറൊന്നും ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല.വണ്ടിയുടെ അനക്കം നിലച്ചപ്പോ എന്നെ ചുറ്റിയിരുന്നകൈകളും അയഞ്ഞു.ഞാന്‍ ചാടിയെഴുന്നേറ്റു.ദൈവമേ കൃഷ്ണന്‍!!!ആ ഭ്രാന്തന്റെ നെഞ്ചത്തായിരുന്നു ഞാന്‍ കിടന്നിരുന്നത്!!!
അലറി കരയാനായ് വായ തുറന്ന ഞാന്‍ ,പക്ഷേ പകുതിക്ക് വച്ച് അങ്ങനേ നിന്നുപോയി...അയാളുടെ കണ്ണില്‍ കണ്ട തിളക്കം,ഉന്മാദത്തിന്റെ തിളക്കമായിരുന്നില്ല അത്...പകരം സ്നേഹത്തിന്റെ ,വാത്സല്യത്തിന്റെ തിളക്കമായിരുന്നു അത്!!!!അതിങ്ങനെ എനിക്കു ചുറ്റും ഒഴുകിപ്പരക്കുന്നത് ഞാനറിഞ്ഞു.എന്റെ അമ്പരപ്പുകണ്ടിട്ടാവണം അയാള്‍ പതുക്കെ മന്ത്രിച്ചു.”ഇക്ക് പ്രാന്തൊന്നൂല്ല്യ കുട്ട്യെ.....എല്ലാരും കൂടി ഇന്നെ പ്രാന്തനാക്കീതാ....ഇക്കുപ്പായം ഇക്കിനി ഊരാന്‍ പറ്റൂലാ...ആരും സമ്മതിക്കൂലാ അയിന് “
പാളത്തില്‍ കിടന്നിരുന്ന ചോറ്റുപാത്രം അയാള്‍ എനിക്ക് നേരെ നീട്ടി.
“പൊയ്ക്കോ”
തിരിച്ച് നടക്കുമ്പോള്‍ എനിക്കൊന്നും തിരിയുന്നുണ്ടായിരുന്നില്ല.ഉപ്പാനോട് പറഞ്ഞാല്‍ എത്ര കുപ്പായം വേണേലും വാങ്ങിക്കൊടുക്കൂലോ കൃഷ്ണന്...പിന്നെന്താ അയാക്കാ കുപ്പായം മാറ്റിയാല്‍...

പക്ഷേ ഇപ്പൊ ,അയാളന്ന് പറഞ്ഞതിന്റെ പൊരുള്‍ എനിക്കറിയാം.ജീവിത വേദിയില്‍ ഓരോര്‍ത്തര്‍ക്കും,ഓരോരോ വേഷങ്ങള്‍,ഇഷ്റ്റായാലും ഇഷ്റ്റമില്ലേലും ആടിതീര്‍ത്തേ പറ്റു...അരങ്ങുവിടുന്നത് വരേക്കും.....

12 comments:

 1. എസ്.എം സ്ട്രീറ്റില്‍ പൊറ്റക്കാടിന്റെ പ്രതിമക്കു മുന്നില്‍ ഇന്നെലേം നിന്നിരുന്നു അയാള്‍,ഏതോ ഒരാള്‍..തനിക്ക് ചുറ്റുമുള്ളതിനെയൊക്കെ വിസ്മരിച്ച്
  ഏതോ മായപ്രപഞ്ചത്തിലെന്നോണം.അയാളെ കാണുമ്പോ കൃഷ്ണനെ ഞാനോര്‍ക്കും,വേദനയോടെ.

  ReplyDelete
 2. ജീവിതമായതോണ്ട് ആടാണ്ട് പറ്റുല്ലല്ലോ...?

  ReplyDelete
 3. <<< ഇക്കുപ്പായം ഇക്കിനി ഊരാന്‍ പറ്റൂലാ...ആരും സമ്മതിക്കൂലാ അയിന് >>>
  ചെറുപ്പത്തില്‍ എന്നേയും പേടിപ്പെടുത്തുന്ന ഒരു കുമാരേട്ടന്‍ ഉണ്ടായിരുന്നു, ഉപ്പയോട് അവര്‍ സൌമ്യമായി സംസാരിക്കുന്നത് കൌതുകത്തോടെ നോക്കി നില്‍ക്കാറുണ്ട് ഞാന്‍!!

  ReplyDelete
 4. ''ഇരുട്ടിന്റെ ആത്മാവിലെ'' വേലായുധനെ ഓര്‍ത്തുപോയി
  ഇതു ഓരോ നാട്ടിനകത്ത് ഉള്ള ജീവിതത്തിന്റെ ചിത്ര മാണ്.
  ചിത്രങ്ങള്‍ ഇനിയും വരട്ടെ.
  .മുല്ലയില്‍ എന്നും പൂക്കള്‍ ഉണ്ടാകാന്‍ ആശംസിയ്ക്കുന്നു..

  ReplyDelete
 5. കൃഷ്ണനെ പോലെ ഒരാളെ എനിക്കും അറിയാം ,,ഭ്രാന്തന്റെ വേഷം അണിയേണ്ടി വന്ന, ഭ്രാന്തില്ലാത്ത ഒരാളെ... വളരെ നല്ല രചന,,ആശംസകള്‍,,ഏതെങ്കിലും ഓര്‍ക്കുട്ട് കംമുനിടിയില്‍ പോസ്റ്റ്‌ ചെയ്യാറുണ്ടോ?


  http://www.orkut.com/Main#Community?cmm=95521351

  ReplyDelete
 6. "ആടിതീര്‍ത്തേ പറ്റു...അരങ്ങുവിടുന്നത് വരേക്കും....."

  കൃഷന്‍ ഒരു നിമിഷം നൊമ്പരമായി..
  നാളെ ഞാനും അയാളെ മറക്കും.....

  ശരിക്കും ഇഷ്ടപ്പെട്ടു മുല്ല....എന്നയാണോ ഉദ്ദേശിച്ചത്..?...അല്ല നിന്റെ പോസ്റ്റിനെ :-)

  ReplyDelete
 7. ഞാനിത് വായിച്ചിട്ടുണ്ട്. കമന്റും ഇട്ടിരുന്നു എന്നാണു ഓര്‍മ്മ.
  എനിക്കിഷ്ടപ്പെട്ട പോസ്റ്റാണ് ഇത്. നന്നായി എഴുതി

  ReplyDelete
 8. വളരെ ടച്ചിംഗ് ആയ ഒരു അനുഭവക്കുറിപ്പ്.

  ReplyDelete
 9. ശരിയാണ്‍... ജീവിതത്തില്‍ ഓരോരുത്തര്‍ക്കും ഓരോ വേഷമുണ്ട്,... അഴിച്ചു വെയ്ക്കാന്‍ കഴിയാതെ ആടിത്തീര്‍ക്കേണ്ട വേഷം...ഇതു വായിച്ചപ്പോളോര്‍മ്മ്മ വന്നത്, എന്‍റെ നാട്ടിലെ ഒരു ചങ്ങായിയെയാണ്‍... പേരോര്‍മ്മ വരണില്ലാ... തീവണ്ടിയ്ക്കു പകരം വള്ളം, ഇതു പോലെ വള്ളക്കാരനില്ലാത്ത വള്ളത്തിലൊരു ചെറിയ കുട്ടി കയറി, കെട്ടില്ലാത്ത വള്ളം മുന്നോട്ടു പോയപ്പോ ആ ചങ്ങായി നീന്തിപ്പൊയാ അന്നാ കുട്ടിയെ രക്ഷിച്ചത്... ഇപ്പോ ഒരു പത്തു പതിനഞ്ചു വര്‍ഷം ആകുമെന്നു തോന്നണു... ഭ്രാന്തനെന്ന മുദ്രകുത്തി ഇപ്പോഴും ജീവിച്ചിരിയ്ക്കുനുണ്ട് ആ സാധു,...

  ReplyDelete
 10. നന്നായി മുല്ലത്താ ... ഉന്മാദിയുടെ ആകാശങ്ങള്‍ എത്രമേല്‍ യാതനാനിര്‍ഭരം... ബോധത്തിന്റെ മറുകരയാകുന്നു ഉന്മാദം ...

  ReplyDelete
 11. നന്നായെഴുതി!
  എല്ലാ നാട്ടിലും ഉണ്ട് ഇത്തരം പാവത്താന്മാർ.
  എന്റെ നാട്ടിലും....
  http://jayandamodaran.blogspot.in/2009/01/blog-post_08.html

  ReplyDelete
 12. വളരെയധികം ഇഷ്ട്ടപ്പെട്ടു

  ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..