Wednesday, January 1, 2014

മേരാ കാശ്മീർ !!!

ഖുദാ സേ മന്നത്ത് ഹേ മേരീ...
ലോട്ടാ ദേ ജന്നത്ത് ഹേ മേരീ....
വൊ അമൻ, വൊ ചമൻ കാ നഷാരാ...
വൊ അമൻ, വൊ ചമൻ കാ നഷാരാ...
വൊ ഖുദായാ,  ലൌട്ടാ ദേ കഷ്മീർ ദുബാരാ...


ഞാനീ വരികൾ എഴുതുമ്പോഴും  ശ്രീനഗറിൽ നിന്നും കലാപത്തിന്റെ വാർത്തകൾ പത്രങ്ങളുടെ അകം പേജിൽ മറഞ്ഞുകിടക്കുന്നുണ്ട്. അതിർത്തിയിൽ പരസ്പരമുള്ള പോർവിളികളും വെടിവെപ്പും ഷെൽ വർഷവും. ഒരു വിധത്തിൽ അവസാനിച്ചെന്നു കരുതിയിരുന്ന തീവ്രവാദത്തിന്റെ വിത്തുകൾ വീണ്ടും കാശ്മീരിനെ കലുഷിതമാക്കാനായ് മുളപൊട്ടുന്നുണ്ട്. ഞങ്ങളവിടെ ഉണ്ടായിരുന്ന സമയത്ത് തന്നെയാണു  തിരക്കെറിയ ലാൽ ചൌക്കിലെ ഹൈദർ പോറ തെരുവിൽ തീവ്ര വാദികൾ സൈനികർക്ക് നേരെ വെടിയുതിർത്തത്. എട്ട് സൈനികർ മരിച്ചു . പതിവ് പോലെ സംഭവത്തിന്റെ ഉത്തരവാദിത്വം ഹിസ്ബുൽ മുജാഹിദീൻ ഏറ്റെടുത്തിട്ടുണ്ട്. എന്താണാവൊ ഇവരീ അക്രമങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്. തങ്ങളും കൂടി ഉൾപ്പെട്ട ഒരു സമൂഹത്തിന്റെ സ്വസ്ഥജീവിതം നശിപ്പിക്കുക എന്നല്ലാതെ എന്താണിവർ നേടുന്നത്. ഒരു സാദാ കാശ്മീരി , അവൻ അവന്റെ കുടുബത്തിന്റെ വയറ് നിറക്കാൻ പാട് പെടുകയാണു, അവനിതിൽ ഒരു താല്പര്യവും ഉണ്ടാവാൻ വഴിയില്ല. കാശ്മീരിന്റെ സമ്പത് വ്യവസ്ഥയെ താങ്ങി നിർത്തുന്നതിൽ ടൂറിസത്തിനു വലിയൊരു പങ്കുണ്ട്. ദാൽ ലെയ്ക്കിനു ചുറ്റും ജീവിതം കെട്ടിപടുക്കാൻ നെട്ടോട്ടമോടുന്നവരെ ഒരു പാട് കണ്ടു ഞാൻ. ഒരു ശിക്കാര സവാരി, അല്ലെങ്കിൽ ഒരു കാർ യാത്ര, അതുമല്ലെങ്കിൽ ഒരു പോണി റൈഡ്. നിസ്സഹായരായ ഈ മനുഷ്യരെയാണു തീവ്രവാദികൾ വീണ്ടും വീണ്ടും കൊന്നു കൊണ്ടേയിരിക്കുന്നത്. ഒരു പക്ഷെ അന്നു ഹരി സിങ് രാജാവ് ഇന്ത്യയിൽ ലയിക്കാനുള്ള തീരുമാനം കുറച്ച് നേരത്തെ എടുത്തിരുന്നെങ്കിൽ ഈയൊരു അവസ്ഥ ഉണ്ടാകുമായിരുന്നില്ല. 


ഇങ്ങനെയൊക്കെ ആണെലും കാശ്മീർ സുന്ദരിയാണു, സഞ്ചാരികളെ കാത്ത് കിടക്കുന്ന ദാൽ ലെയ്ക്, ഒരു നഗരത്തിന്റെ ജീവനാഡി.

 മനം മയക്കുന്ന പൂന്തോട്ടങ്ങൾ,

 ലാസ്യ ഭാവത്തിൽ ഒരു വശം ചരിഞ്ഞ് കിടക്കുന്ന താഴ്വാരങ്ങൾ,


 ആ ലാസ്യ ഭാവത്തിനു മിഴിവേകാൻ അരികു പറ്റി ദേവദാരുകളും ചിനാറുകളും. മദം പൊട്ടി , പൊട്ടിച്ചിരിക്കുന്ന നദികൾ, അരുവികൾ, വെള്ളത്തിനു മഞ്ഞിന്റെ കുളിർമ്മ.

 അകലെ മഞ്ഞ് പുതച്ചുറങ്ങുന്ന മലനിരകൾ.വെയിലേറ്റാൽ അവ വെട്ടി തിളങ്ങുന്ന കാഴ്ച നയന മനോഹരം

കാശ്മീർ യാത്ര തീരുമാനിച്ചപ്പോഴെ മനസിൽ കരുതീതാണു പാപ 2 കണ്ട് , റോബെർട്ട് തോർപ്പിനേം സന്ദർശിച്ച ശേഷമേ ബാക്കി കാഴ്കളിലേക്കുള്ളു എന്നു. പാപ 2 വിനെ പറ്റി വായിച്ചറിവേ ഉള്ളു എനിക്ക്. 1990 കളിലെ സൈനിക ചോദ്യം ചെയ്യൽ കേന്ദ്രമായിരുന്നു അത്. നിരവധി കാശ്മീരി യുവാക്കളെ കാലപുരിക്കയച്ച കുപ്രസിദ്ധി. പാപ 2 വിന്റെ പടികയറിയ മിക്കവരും തിരിച്ച് വന്നില്ല, 1996 ല് അടച്ചു പൂട്ടുന്നത് വരെ ആ കെട്ടിടത്തെ ചൂഴ്ന്ന് നിലവിളികളും ആക്രോശങ്ങളുമായിരുന്നു. ഇന്നത് പക്ഷെ, മെഹബൂബ മുഫ്തിയുടെ ഔദ്യൊഗിക  വസതിയാണു, പച്ചയും വെള്ളയും ചായം തേച്ച പ്രൌഢ  ഗംഭീരമായ വസതി. സൈനിക പോസ്റ്റുകളാണു ചുറ്റും, അടുത്ത് തന്നെയാണു ഉമർ അബ്ദുള്ളയുടെ വസതിയും. 

പാപ 2 എന്ന പോലെ തന്നെ മിക്ക കാശ്മീരികൾക്കും റോബെർട്ട് തോർപ്പിനേയും അറിയില്ല. ലാൽ ചൌകിൽ നിന്ന് നടക്കാവുന്ന ദൂരമേയുള്ളു ഷൈകബാഗിലേക്ക്. അന്വേഷിച്ച് ചെന്നപ്പോഴേക്കും ചൌക്കിദാർ ഗേറ്റടച്ച് പോയിരിക്കുന്നു. ആരും വരാനില്ല തോർപ്പിനെ തേടി, പിന്നെയെന്തിനു കാവലിരിക്കണം.

 ത്ജലം നദിയുടെ കരയിൽ കാടും പടലും പിടിച്ച് കിടക്കുന്ന സെമിത്തേരി. കാശ്മീരിനു വേണ്ടി ജീവൻ വെടിഞ്ഞയാളാണു ഇവിടെ ഉറങ്ങുന്നതെന്ന് ആരെങ്കിലും ഓർക്കുന്നുവോ? കാശ്മീരിലെ ഗോത്ര പ്രമുഖന്റെ മകളായ ജാനി, തോർപ്പിന്റെ അഛനെ വിവാഹം ചെയ്ത് യൂറോപ്പിലേക്ക് പോയി. പിന്നീട് തന്റെ അമ്മയുടെ ദേശം കാണാൻ വന്ന റൊബെർട്ട് , കാശ്മീരിലെ ഗോത്ര വർഗ്ഗങ്ങളുടെ അടിച്ചമർത്തൽ നയങ്ങൾക്കെതിരെ പോരാടിയതിനു തന്റെ 33 മത്തെ വയസ്സിൽ കൊല്ലപ്പെടുകയായിരുന്നു.ഗേറ്റിന് മുകളിലൂടെ ,താങ്കളെ കാണാനായി മാത്രമാണു ഇങ്ങ് കേരളത്തിൽ നിന്നും ഇത്ര ദൂരെ ഞാൻ വന്നേന്ന് പറഞപ്പൊ ഒരു ചെറുകാറ്റ് എന്നെ തഴുകി കടന്നു പോയി.

കാണാനൊരുപാടുണ്ട് ശ്രീനഗറിൽ, ഒരു ഷെഡ്യൂൾഡ് ട്രിപ്പിൽ ഒതുക്കാവുന്നതിൽ കൂടുതൽ. 


പൂന്തോട്ടങ്ങൾ,മിനാരങ്ങൾ, പള്ളികൾ, അമ്പലങ്ങൾ തുടങ്ങി ദാൽ തടാകത്തിലെ ശിക്കാര വരെ. പൂന്തോട്ടങ്ങളിൽ ഭംഗി  നിഷാന്ത് ബാഗിനും ഷാലിമാർ ബാഗിനും  തന്നെ. 


പൂക്കൾക്കൊക്കെ എന്തൊരു നിറമാണു..!! അതേ നിറവും തുടുപ്പും  തന്നെയാണു കാശ്മീരി പെൺകുട്ടികളുടെ കവിളിനും..!! 

താഴ്വരയിലാകെ പച്ചപ്പ് പരത്തി നിൽക്കുന്നത് ചിനാർ മരങ്ങളാണു. ഉയരമേറിയ ദേവതാരു മരങ്ങളിക്കിടയിലൂടെ കൈപത്തിയുടെ ആകൃതിയിലുള്ള ഇലകൾ വീശി നിൽക്കുന്ന ചിനാറുകൾ. ഇപ്പോഴവക്ക് നല്ല പച്ച നിറമാണു. ഇനി ശരൽക്കാലം വരുമ്പോൾ ഇലകൾ നിറം മാറും, മഞ്ഞയും, ചുവപ്പിലും മുങ്ങിയ ചിനാറിലകൾ പൊഴിഞ്ഞ് കിടക്കുന്ന താഴ്വാരങ്ങൾ. പ്രണയത്തിന്റേയും വിഷാദത്തിന്റേയും കാലപനികത നിറഞ്ഞ തീക്ഷ്ണ  സൌന്ദര്യം ..

ജ്ഞാന മരം എന്നും പേരുണ്ടത്രെ ചിനാറിനു. മുഗൾ ഭരണ കാലത്താണു കാഷ്മീരിൽ ചിനാർ മരങ്ങൾ വ്യാപകമായ് വെച്ച് പിടിപ്പിക്കുന്നത്.  മുഗൾ ഗാർഡനുകളിലെ പ്രധാന ആകർഷകം ചിനാർ മരങ്ങളാണു. പ്രണയിക്കാനും പ്രണയത്തിന്റെ കാലപനിക സൌന്ദര്യത്തിൽ മുഗ്ധരാകാനും മുഗൾ ചക്രവർത്തിമാർക്ക് പ്രത്യേക  കഴിവായിരുന്നെന്നു തോന്നുന്നു. ദാൽ തടാകത്തിൽ ഒരു ദ്വീപുണ്ട്. ചാർ ചിനാർ എന്നും പറഞ്ഞ്, ഒരു കുഞ്ഞു ദ്വീപ്, നാലു വശത്തും നാല് ചിനാർ മരങ്ങൾ പടർന്നു പന്തലിച്ച് നിൽക്കുന്നു. ശിക്കാരയിൽ കയറി ദ്വീപിലിറങ്ങാനും ഫോട്ടോയെടുക്കാനും സഞ്ചാരികളുടെ നീണ്ട നിര.

പള്ളികളും ദർഗ്ഗകളു ഒരുപാടുണ്ട് ശ്രീനഗറിൽ, പ്രാമുഖ്യം ഹസ്രത് ബാൽ പള്ളിക്ക് തന്നെ. ദാൽ ലെയ്ക്കിനടുത്ത് വെള്ള മാർബിളിൽ പണി തീർത്ത പള്ളിയിൽ സഞ്ചാരികളുടെ തിരക്കാണു, അതിലുപരി പ്രാവുകളുടേയും. പ്രവാചകന്റെ മുടി സൂക്ഷിക്കുന്നു എന്നാണിവിടത്തെ ഐതിഹ്യം.  വർഷങ്ങൾക്ക് മുൻപ് തീ പിടുത്തത്തിൽ പള്ളിയൊന്നാകെ കത്തി നശിച്ചിരുന്നു . പിന്നീട് ജനങ്ങളുടെ പ്രതിഷേധത്തിന്റെ ഫലമായ് നാടകീയമായ് മുടി തിരിച്ച് വരികയായിരുന്നു!! പള്ളിയുടെ വാതിലിലും ചുവരിലുമൊക്കെ പിടിച്ച് പ്രാർത്ഥിക്കുന്ന ജനങ്ങൾ. അജ്ഞത, അതിലും മീതെ അന്ധവിശ്വാസം. 

ശ്രീനഗറിലെ ശങ്കരാചാര്യ ടെമ്പിൾ ലോകപ്രശസ്തമാണു. ബി സി 200 ) മാണ്ടിലാണു ഈ അമ്പലത്തിന്റെ നിർമ്മിതി. പണ്ടിതൊരു ബുദ്ധിസ്റ്റ് ടെമ്പിളായിരുന്നെന്ന് ചരിത്രങ്ങൾ പറയുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് ശങ്കരാചാര്യർ കേരളത്തിൽ നിന്നും കാൽനടയായി വന്ന് ഈ അമ്പലത്തിൽ സമാധിയിരുന്നെന്നാണു ഐതിഹ്യം. 1100 അടി ഉയരത്തിലാണു അമ്പലം നിൽക്കുന്നത്. പട്ടാളത്തിന്റെ കർശന നിരീക്ഷണത്തിലാണു അമ്പലവും പരിസരവും. നൊ കാമറ നൊ മൊബൈൽ ഫോൺ എലൌഡ്. കിതച്ചും തളർന്നും വഴിയിൽ ഇരുന്നും മുകളിലെത്തിയാൽ നയനാനന്ദകരമായ കാഴ്ചയാണു. ശങ്കാരാചാര്യനല്ല നമ്മളായാലും സന്യസിച്ച് പോകും. താഴെ ശ്രീനഗർ മൊത്തം കാണാം. കുന്നുകളും മലകളും തടാകങ്ങളും എല്ലാമായ് കണ്ണും മനസ്സും നിറയും.

വെയിൽ ചാഞ്ഞ് കിടക്കുന്ന ദാൽ ലെയ്ക്കിലൂടെ ഒരു ശിക്കാര സവാരി. വൈകീട്ട് ലാൽ ചൌക്കിലെ തിരക്കിനിടയിലൂടെ കടകളിൽ കയറിയിറങ്ങി പാഷ്മിന ഷാളുകൾക്ക് വില ചോദിച്ച് ഞെട്ടി, കാശ്മീരി കാവ ആസ്വദിച്ച് ഒരു രാത്രി നടത്തം. ഒൻപത് മണിയാകുമ്പഴേക്കും തെരുവുകളൊക്കെ കാലിയാകാൻ തുടങ്ങും. രാജ് ബാഗിലേക്കുള്ള മടക്ക യാത്രയിൽ ഒരു പൊട്ടിത്തെറി കേട്ട് അമ്പരന്ന ഞങ്ങളെ ഓട്ടോക്കാരൻ ആശ്വസിപ്പിച്ചൂ, ‘അത് ബോംബല്ല മാം, ടയർ പഞ്ചറായതാണു.”. അതാണു കാശ്മീർ.

രാത്രി ; അകലെയെവിടെയോ നിന്ന് കേൾക്കുന്ന പൊട്ടിത്തെറികൾ, ഈ തണുപ്പത്ത് പടക്കം പൊട്ടിച്ച് കളിക്കാൻ നല്ല രസമായിരിക്കുമെന്നോർത്ത് രജായിക്കുള്ളിലേക്ക് . നാളെ ഗുൽമാർഗിൽ പോകാനുള്ളതാണു.

ഗുൽമാർഗ് എന്നാൽ റോസിന്റെ താഴ്വാരം എന്നാണു. ചുമ്മാ മതിലിനു മുകളിലൊക്കെ റോസാപ്പൂക്കൾ അർമാദിച്ച് നിൽക്കുന്നത് കണ്ടാൽ കൊതിയാകും. ഗൌരി മാർഗ് എന്നായിരുന്നത്രെ പണ്ടത്തെ പേര്. ശിവ പത്നിയുടെ നാമം. 52 കിലൊമീറ്ററാണു ശ്രീനഗറിൽ നിന്നും ഗുൽമാർഗിലേക്ക്. 3 മണിക്കൂറെടുക്കും കാറിൽ, നേരത്തെ പോയാൽ ഗൊണ്ടോള ക്യൂവിന്റെ മുന്നിൽ ഇടം കിട്ടും. ഗുൽമാർഗിലെ അഫർവാത്ത് മലനിരകളിലാണു ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഐസ് സ്കീയിങ്ങ് ചരിവുള്ളത്. അത് പോലെ തന്നെ ഏറ്റവും ഉയരത്തിലുള്ള ഗോൾഫ് കോഴ്സും ഗുൽമാർഗിലാണു.

ഗുൽമാർഗ് ഗൊണ്ടോള ,ലോകത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കേബിൾ കാർ പ്രൊജക്റ്റ്. രണ്ട് ഫെയ്സാണു ഇതിൽ. 

ആദ്യ സ്റ്റേജിൽ  ഗുൽമാർഗ് റിസോർട്ടിൽ നിന്നും കുങ്ങ്ടൂർ വരേയും രണ്ടാമത്തെ സ്റ്റേജിൽ കുങ്ങ്ടൂരിൽ നിന്നും അഫർവാത്ത് മല വരേയും. 13 750 അടി ഉയരത്തിലെത്തും നിങ്ങൾ. 400 രൂപയാണു ആദ്യ സ്റ്റേജ്  നിരക്ക്. രണ്ടാം സ്റ്റേജിനു 600 രൂപയും. രണ്ട് സ്റ്റേജ് ടിക്കറ്റും നേരത്തെ ബുക്ക് ചെയ്തില്ലേൽ കാര്യം ഗോവിന്ദയാകും.400 രൂപയുടെ ടികറ്റ് ആയിരത്തിനും രണ്ടായിരത്തിനുമൊക്കെ വിൽക്കാൻ അവിടെ ആളുണ്ട്.  

എത്ര മസിലു പിടിച്ച് നടക്കുന്നവരും മഞ്ഞ് കൂമ്പാരം കിടക്കുന്നത് കണ്ടാൽ കൊച്ച് കുട്ടികളെ പോലെ തുള്ളിക്കളിക്കുന്ന കാഴ്ചയാണു ചുറ്റിനും. ഏറ്റവും മുകളിൽ സൈനിക പോസ്റ്റുണ്ട്. ലൈൻ ഓഫ് കണ്ട്രോൾ (LOC) കടന്നു പോകുന്നുണ്ട് ഇതിനടുത്ത് കൂടെ. 

മഞ്ഞിൽ ചവിട്ടി നിൽക്കവേ ആകാശത്ത് നിന്നും മഞ്ഞ് പൊഴിയുന്ന കാഴ്ച...തലയിലും മുഖത്തും പാറി വീണ മഞ്ഞിൻ കണങ്ങൾ.ജീവിതത്തിൽ ആക്സ്മികമായാണു ഇങ്ങനെയുള്ള അവിസ്മരണീയ മുഹൂർത്തങ്ങൾ വന്നു വീഴുക.  ആവോളം മഞ്ഞിൽ കളിച്ച്, മഞ്ഞ് ചവിട്ടി ക്കുഴച്ച്, മഞ്ഞ് മനുഷ്യനെ ഉണ്ടാക്കി, അതൊക്കെ തട്ടിത്തെറിപ്പിച്ച് നിൽക്കവേ മഴ പെയ്തു. കൂടെ കാറ്റും.  .

ടെമ്പറേചര്‍ മൈനസ് 6 ലേക്ക് താഴ്ന്നത് എത്ര പെട്ടെന്നാണു. അസ്ഥി തുളയുന്ന തണുപ്പ്. ആ തണുപ്പിലും കൂസാതെ നെഞ്ചും  വിരിച്ചു നില്ക്കുന്ന തടിച്ചികളും തടിയന്മാരും . കൊഴുപ്പിന്റെ ആവരണം കടന്ന് തണുപ്പ് അകത്തേക്കെത്താന്‍ കുറച്ച് സമയമെടുക്കും . അസൂയയോടെ അതും നോക്കി താഴേക്ക് പോകാനായി കേബിള്‍ കാര്‍ വരുന്നതും കാത്ത് ഞാനാ ക്യൂവില്‍ കുളിർന്നു വിറച്ചു നിന്നു .

താഴെ, താഴ്വര നിറയെ വീട്ടിലേക്ക് മടങ്ങുന്ന  ആട്ടിന്‍ പറ്റങ്ങളാണു. അവക്കു പിന്നാലെ തലയും കുമ്പിട്ട് നടന്നു വരുന്ന ബക്കരി വാലകള്‍ .

 ജൂണ്‍ ജൂലൈ ആഗസ്റ്റ് മാസങ്ങളിൽ തങ്ങളുടെ  ആട്ടിന്‍ പറ്റത്തേയും മേച്ച് കൊണ്ട് ഇവരീ മലമുകളിൽ  ഉണ്ടാകും . മഞ്ഞിലും മഴയിലും തണുപ്പിലും ഒറ്റപ്പെട്ട ഒരു ജീവിതം .

 മലമടക്കുകളില്‍ വലിച്ച് കെട്ടിയ പ്ളാസ്റ്റിക് ഷീറ്റുകള്ക്ക് താഴെ കുഞ്ഞു  കുട്ടികളടക്കമുള്ള കുടുംബങ്ങൾ . അവരുടെ കളിയും ചിരിയും നോവും വേദനയുമെല്ലാം തികഞ്ഞ  നിസ്സംഗതയോടെ വീക്ഷിക്കുന്ന മഞ്ഞു മലകള്‍ , അവർക്ക് കൂട്ടിനു പാഞ്ഞൊഴുകുന്ന  നദികള്. ജീവിതം ഇങ്ങനെയൊക്കെയാണു പലർക്കും  എന്ന അറിവ് വേദനിപ്പിക്കുന്നതാണു. ജമ്മുവിൽ നിന്നാണു ബക്കരിവാലകൾ ആട്ടിൻപറ്റത്തേയും കൊണ്ട് ഗുൽമാർഗ്, സോണാമാർഗ്, പഹൽഗം എന്നിവിടങ്ങളിലെ മലമടക്കുകളിൽ ചേക്കേറുന്നത്. മഞ്ഞ് മാറി വെയിൽ തെളിയുമ്പോൾ പുൽമേട്ടിൽ കളിച്ച് തിമർക്കുന്ന കുട്ടികൾ.  പ്രകൃതിയുടെ മാറി മാറി വരുന്ന ഭാവങ്ങളാണു അവരുടെ പാഠശാല.
.
ശ്രീ നഗറില്‍ നിന്നും 83 കിലോമീറ്ററാണു സോണാമാര്ഗിലേക്ക്. ഈ വഴിയത്രയും നിങ്ങളെ എതിരേല്ക്കുക അതിമനൊഹരമായ കാഴ്ചകളാണു. പ്രകൃതിയുടെ നൈസർഗ്ഗിക  സൌന്ദര്യം ​ആസ്വദിച്ച് കൊണ്ടൊരു യാത്ര.

 പൈൻ മരങ്ങൾക്കും ദേവദാരുകൾക്കുമിടയിലൂടെ കുതിച്ചൊഴുകുന്ന നല്ല സിന്ധ്. സിന്ധു നദി. കാണാൻ ഒരു പാടുണ്ട് സോണാമാർഗിലും. സോണാമാർഗിലും പഹാൽഗമിലുമൊക്കെ എത്തിയാൽ പിന്നെ ശരണം അവിടുത്തെ ലോക്കൽ വണ്ടികളാണു. പ്രൈവറ്റ് വെഹിക്കിൾസ് അവിടെ ഓടാൻ അവർ സമ്മതിക്കില്ല. ഒരു ദിവസം കൊണ്ട് നമുക്ക് കാണാനുള്ളത് തജിവാസ് ഗ്ലേസിയർ, ഫിഷ് പോയിന്റ് , നിലാഗ്രാഡ്, ബൽതാൽ, സോജിലാ പാസ്, സീറോ പോയിന്റ് എന്നീ സ്ഥലങ്ങളാണു. ആർത്തി പൂണ്ട വണ്ടിക്കാരുടെ ഒരു പട തന്നെ ഉണ്ടാകും നിങ്ങളെ എതിരേൽക്കാൻ, വില പറയാനും കച്ചവടമുറപ്പിക്കാനും ഉള്ള നിങ്ങളുടെ സാമർത്ഥ്യമനുസരിച്ച് കാശ് കുറയും. 2500- 3000 ത്തിനും ഇടയിൽ ചിലപ്പോൾ അതിനും കുറച്ച് നിങ്ങൾക്ക് പോകാനായേക്കും. 

പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സ്ഥലങ്ങൾ തന്നെയാണു നിലാഗ്രഡും ബൽത്താലുമൊക്കെ. ബൽത്താലിൽ അമർനാഥ് യാത്രക്കുള്ള ബെയ്സ് ക്യാമ്പുണ്ട്. ഇവിടുന്നും 14 കിലോമീറ്ററാണു അമർനാഥിലേക്ക്. കുറച്ച് മാറി ഇന്ത്യൻ ടെറിറ്ററിയിലെ അവസാനത്തെ ഗ്രാമം. സർബൽ.
 തീപ്പെട്ടി കൂടുകൾ അടുക്കി വെച്ച പോലെ കുറേ വീടുകൾ, ടിൻ ഷീറ്റ് കൊണ്ടാണു മേൽ‌പ്പുര കെട്ടിയിരിക്കുന്നത്. മഞ്ഞ് കാലത്ത് ഈ ഭാഗങ്ങളൊക്കെ തീർത്തും ഒറ്റപ്പെട്ട് പോകുമത്രെ. സൈന്യം മാത്രമേ ഉണ്ടാകൂ ഇവിടങ്ങളിൽ അക്കാലത്ത്.

കാശ്മീർ ലേ ലഡാക് ഹൈവേയിലെ NH 1D ഏറ്റവും ഉയരം കൂടിയ റോഡാണു സോജില. 9 കി.മി റാണു സോണാമാർഗിൽ നിന്നും ഇങ്ങോട്ട്. ഏകദേശം 12,000 അടി ഉയരത്തിൽ.ഇനിയും മുകളിലേക്ക് പോയാൽ സീറോ പോയിന്റായി. ഇനിയങ്ങോട്ട് ലഡാക്കിന്റെ തരിശായ പീഠഭൂമികളാണു. എത്ര വേഗമാണു ഭൂമി തന്റെ കുപ്പായം മാറ്റി വേറൊരു മുഖവുമായ് നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. സോജില വരെ പച്ചച്ച കുന്നുകളും ഹരം പൂണ്ട് മതി മറന്നൊഴുകുന്ന നദികളും ആകാശത്തേക്ക് കൈ നീട്ടി പൂത്ത് നിൽക്കുന്ന മരങ്ങളുമായ് ഭൂമിയിങ്ങനെ പ്രണയത്താൽ വിടർന്നു നിൽക്കുന്ന ഒരു സുന്ദരിപ്പെണ്ണിനെ പോലെ മനോഹരിയായിരുന്നു. 

കോൺ വോയ് ആയിട്ടാനു സീറൊ പോയിന്റിലേക്ക് വാഹനങ്ങൾ കടത്തി വിടുക. ഉച്ചക്ക് 2 മണിക്ക്. തിരിച്ച് 5 മണിക്ക് ഇങ്ങോട്ടും.

 1948 ൽ ഇന്തോ പാക് യുദ്ധത്തിൽ പാക് സൈന്യം സോജിലാ പാസ് പിടിച്ചടക്കിയിരുന്നു. പിന്നീട് ടാങ്കറുകളും മറ്റുമായ് പൊരിഞ്ഞ യുദ്ധത്തിനൊടുവിൽ ഇന്ത്യൻ സേന തിരിച്ച് പിടിച്ചതാണു പാസ്. താഴെ നിലാഗ്രാദ് വരെ പാക് സൈന്യം കയറിയിരുന്നു. അന്നവർ ബോം ബിട്ട് തകർത്ത ഒരു പാലത്തിന്റെ അവശിഷ്ടങ്ങൾ ഉണ്ടവിടെ ഇപ്പോഴും.

തജിവാസ് ഗ്ലേസിയറാണു സോണാമാർഗിന്റെ മറ്റൊരു പ്രധാന ആകർഷണം. വണ്ടി താഴെ വരേയേ വരുള്ളു. അവിടന്നങ്ങോട്ട് ഒന്നര കിലോമീറ്ററോളം നടക്കാനുണ്ട്. കൊച്ചു കുട്ടികൾ കൂടെയില്ലെങ്കിൽ,  നിങ്ങൾക്ക് നടക്കാനാവുമെങ്കിൽ നടക്കാം. അല്ലേൽ പോണി റൈഡ്. ആകെ ചളിയും കുതിരച്ചാണകവുമാണു വഴി നീളെ. ചളിയിൽ ചവിട്ടി, ഇടക്കിടക്ക് പെയ്യുന്ന മഴയിൽ നനഞ്ഞ്, ഉരുളൻ കല്ലുകൾ നിറഞ്ഞ പുഴ മുറിച്ച് കടന്ന്, ഇടുങ്ങിയ മരപ്പാലത്തിൽ;

 കുതിരകൾക്കും  ചെമ്മരിയാടുകൾക്കും വഴിയൊഴിഞ്ഞ് , ഇടക്കൊരു കാശ്മീരി കാവ കഴിച്ച് തണുപ്പിനെ പറ്റിച്ച് അങ്ങനെ നടക്കാം. തെന്നിത്തെറിച്ച് നിൽക്കുന്ന ഉരുളൻ കല്ലുകളിൽ ചവിട്ടി മുകളിലെക്ക് കയറിയാൽ മഞ്ഞാണു ചുറ്റും. ഒഴുകിയിറങ്ങി കട്ട പിടിച്ച് പോയ മഞ്ഞ്. 

തണുത്ത് വിറക്കുമെങ്കിലും മഞ്ഞിൽ ചവിട്ടി നടക്കാനും തെന്നി വീഴാനും രസം തന്നെ. സാഹസിക യാത്ര തല്പരർക്ക് പറ്റിയ സ്ഥലമാണു സോണാമാർഗ്. നിരവധി ട്രെക്കിങ്ങ് റൂട്ടുകൾ ഉണ്ട് ഇവിടെ. നല്ല സിന്ധ് നദിയിലെ ട്രൌട്ട് മീൻ പീടിത്തം, റാഫ്റ്റിങ്ങ് എന്നിവയും പരീക്ഷിക്കാവുന്നതാണു.

പഹാൽഗമിലെത്തിയാൽ നദിക്ക് പേർ ലിഡാർ. നദികളിൽ സുന്ദരി,

 പ്രസാദാത്മകമായ പൊട്ടിച്ചിരിയോടെ പാറക്കല്ലുകൾക്ക് മുകളിലൂടെ താഴേക്ക് കുതിക്കുന്ന അവളുടെ ചലനങ്ങളിലെ ചാരുത ഏവരേയും ആകർഷിക്കും. സോണാമാർഗിൽ നിന്നും പഹാൽഗമിലെക്കുള്ള നൂറോളം കിലോമീറ്ററിൽ പകുതിയോളവും ഒളിഞ്ഞും തെളിഞ്ഞും ഇവളും നമുക്കൊപ്പമുണ്ടാകും.


അനന്ത് നാഗ്, കൊക്കെർനാഗ് എന്നീ സ്ഥലങ്ങളിലൂടെയാണു നമ്മൾ കടന്നു പോകുക. ശ്രീനഗറിന്റെ വാണിജ്യ തലസ്ഥാനമാണു അനന്ത് നാഗ്. പഹാൽഗമിലേക്കുള്ള വഴിയിൽ തന്നെയാണു സംഗം ഗ്രാമം. ഇവിടുത്തെ ക്രിക്കറ്റ് ബാറ്റുകൾ ലോക പ്രസിദ്ധമാണു. കാഷ്മീരി വില്ലോ മരങ്ങൾ കൊണ്ടുണ്ടാക്കുന്ന ക്രിക്കറ്റ് ബാറ്റുകൾ ഈ ഗ്രാമത്തെ ലോക പ്രശസ്തിയിലേക്ക് ഉയർത്തിയിട്ടുണ്ട്. അടുക്കടുക്കായ് അട്ടിയിട്ടിരിക്കുന്ന ബാറ്റുകളുടെ കാഴ്ച കൌതുകകരം തന്നെ.

ശ്രീനഗറിൽ നിന്നും പഹാൽഗമിലെക്കുള്ള വഴിയിലാണു അവന്തിപുര ക്ഷേത്രാവശിഷ്ഠങ്ങൾ.

 എ ഡി, 853 മുതൽ 858 വരെ കാഷ്മീർ ഭരിച്ചിരുന്ന അവന്തിവർമ്മൻ എന്ന രാജാവ് നിർമ്മിച്ച വിഷ്ണു ക്ഷേത്രമാണു ഇത്. നൂറ്റാണ്ടുകളായി മണ്ണിനടിയിൽ കിടന്ന ഈ ക്ഷേത്രത്തിന്റെ അവശിഷ്ഠങ്ങൾ ഖനനത്തിലൂടെ കണ്ടെത്തിയതാണു. ക്ഷേത്രചുമരുകളിലെ കൊത്തുപണികൾ കാലത്തെ അതിജീവിച്ച്  സഞ്ചാരികളിൽ കൌതുകമുണർത്തി നിലനിൽക്കുന്നു.

പഹൽഗാമിലെത്തി ലഗേജുകൾ ഹോട്ടലിൽ വെച്ച് നേരെ കുതിരകളെ അന്വെഷിച്ചിറങ്ങി. പഹൽഗാമിലെ ബൈസരൻ വാലി, ദുബിയാൻ, ഫോട്ടൊ പോയിന്റ്, കാശ്മീർ വാലി എന്നിവിടങ്ങളിലേക്ക് എത്തിച്ചേരണമെങ്കിൽ കുതിര സവാരിയെ പറ്റു. 600 രൂപ ഫിക്സെഡ് ചാർജ് എന്നൊക്കെ എഴുതി വെച്ചിട്ടുണ്ടെങ്കിലും തർക്കിച്ചാൽ കുറഞ്ഞു കിട്ടും. ചന്ദൻ വാരി, ആരു വാലി ,ബേതാബ് വാലി എന്നിവിടങ്ങളിലേക്ക് ടാക്സി തന്നെ ശരണം. 

ബേതാബ് എന്ന ഹിന്ദി സിനിമയുടെ പേരിലാണു ഈ താഴ്വാരം അറിയപ്പെടുന്നത്. എങ്ങനെ കാമെറ കൊണ്ട് വെച്ചാലും ഉഗ്രൻ ഫ്രെയിംസ്.. പൈനും ദേവദാരു മരങ്ങളും അതിരിടുന്ന നദിക്ക് കുറുകെ കെട്ടിയ മരപ്പാലങ്ങൾ, 

പച്ചപുതച്ച് പുഞ്ചിരിച്ച് കിടക്കുന്ന  കുന്നിൻ ചെരിവുകൾ, മരങ്ങൾക്കിടയിലൂടെ നീണ്ടു കിടക്കുന്ന വഴിത്താരകൾ. തികച്ചും കാല്പനികമായ ഒരു താഴ്വാരം തന്നെ ബേതാബ് വാലി

ചന്ദൻ വാരിയിൽ നിന്നും അമർനാഥ് യാത്രയുടെ പാത പോകുന്നുണ്ട്. 32 കിലോമീറ്ററാണു ഗുഹയിലേക്ക്. നല്ല കയറ്റമാണു, ഇടുങ്ങിയ പാതയും.കട്ടപിടിച്ച മഞ്ഞിനിടയിലൂടെ കുതിച്ചൊഴുകുന്ന പുഴക്ക് എന്തൊരു ശക്തിയാണു. ഒരു തരം തീക്ഷ്ണ സൌന്ദര്യം, നമ്മെ വലിച്ചടുപ്പിച്ച് കളയും അത്.

 ആരു വാലി കൂടി കണ്ട് പിറ്റേന്ന് ശ്രീനഗറിലേക്ക്, 

ഒരു സ്വപ്ന യാത്ര ഇവിടെ തീരുകയാണു.  ഒരിക്കൽ കൂടി കാശ്മീരിൽ വരണം, ശരത്കാലത്ത് തീയിൽ കുളിച്ച പോലെ ജ്വലിക്കുന്ന ചിനാർമരങ്ങൾക്കിടയിലൂടെ അലസമായി നടക്കാൻ, പൊഴിഞ്ഞ് കിടക്കുന്ന ചിനാറിലകളിൽ ചവിട്ടി കാലപനികതയുടെ ഭ്രമാത്മകമായ അന്തരീക്ഷത്തിൽ സ്വയം നഷ്ടപ്പെടാൻ. മേരാ കാശ്മീർ..!!!.വൊ ഖുദായാ   ലൌട്ടാദേ കാശ്മീർ ദുബാരാ....


Wednesday, December 18, 2013

അതിശയക്കാറ്റ്!!

നിനച്ചിരിക്കാത്ത നേരത്ത് പുറകിലൂടെ വന്ന് വട്ടം പിടിച്ച് അഴിഞ്ഞ് വീണ മുടിച്ചുരുളുകളെ വകഞ്ഞ് മാറ്റി പിൻ കഴുത്തിൽ  ഉമ്മ വെക്കുന്ന ഈ കാറ്റിനെ പ്രണയിക്കാതിരിക്കുന്നതെങ്ങനെ..! ഞാനിവിടെ വരുമ്പോഴൊക്കെയും ഈ കാറ്റുണ്ട് ഇവിടെ. ഗ്രാമത്തിനു മുകളിലൂടെ വട്ടം പറന്ന് , തെരുവുകൾക്കീടയിലൂടെ ചുറ്റി, ജനൽ‌പ്പടിയിൽ വന്ന് മുട്ടിത്തിരിയുന്ന കാറ്റ് !! ഇക്കാണുന്ന കാറ്റൊക്കെയും എവിടുന്ന് വരുന്നുവെന്ന് കണ്ണു മിഴിക്കുന്ന നേരം കൊണ്ട്  ഒരു കാറ്റ് വന്ന് നമ്മുടെ  കണ്ണു പൊത്തിക്കളയും !!!



തെന്റ്രൽ, തമിഴ്, താമരഭരണി . ഈ മൂന്ന് ‘ത ‘ കളാണു ഒരു തെങ്കാശിക്കാരന്റെ സ്വകാര്യ അഹങ്കാരം. തെന്റ്രൽ എന്നാൽ കാറ്റ്. പൊതിഗൈ മലനിരകൾക്കിടയിലെ ചരിവിലൂടെ കാറ്റിങ്ങനെ ഒന്നിനു പിറകെ ഒന്നായ് പറന്നു വരും.ഈ പ്രദേശത്ത് സമൃദ്ധമായ് കാണുന്ന ആര്യവെപ്പിനെ തട്ടി ,തഴുകി വരുന്ന ഈ കാറ്റിനുമുണ്ടാകും ഔഷധഗുണം. 

ഇവിടുത്തുകാർ പറയുന്നത് നല്ല ശുദ്ധമാന തമിഴിന്റെ ഉല്പത്തി ഇവിടുന്നാണത്രെ. മലയാളം എല്ലാവർക്കും അറിയാം,എന്നാലും നാക്കെടുത്താ തമിഴേ പേച്ചു. താമര ഭരണി ഒരു സുന്ദരി പുഴയാണു. പൊതിഗൈ മലയിൽ, പാപനാശത്തിനു മുകളിൽ നിന്നും ഉൽഭവം. കോപ്പറിന്റെ സാന്നിദ്ധ്യം ഉണ്ട് വെള്ളത്തിനു. അതിൽ കുളിച്ചാൽ രോഗശമനം എന്നാണു ഐതിഹ്യം. 

കാണാനൊരുപാടുണ്ട് തെങ്കാശിക്കു ചുറ്റും. മണിമുത്താർ ഡാം. മാഞ്ചോല, കുറ്റാലം തെന്മല അങ്ങനെ  കുറേ സ്ഥലങ്ങൾ. കേരളത്തിൽ ഓണം വന്നാലും പെരുന്നാളു വന്നാലും തമിഴന്റെ പോക്കറ്റ് നിറയും എന്ന് പറഞ്ഞപോലെ തന്നെയാണു വെള്ളത്തിന്റെ കാര്യവും. കേരളത്തിൽ മഴ പെയ്താൽ കുറ്റാലത്ത് അറിയും. കുറ്റാലത്തും ടൈഗർ ഫാൾസിലും ഫൈവ്ഫാൾസിലുമൊക്കെ വെള്ളത്തിന്റെ പെരുങ്കളിയാട്ടമാകും അപ്പോൾ. 


കാറ്റടിച്ചൂതുന്ന ഒരു വൈകുന്നേരം ചുമ്മാ ഒരു സവാരിയാകാം വല്ലത്തേക്ക്. ഒരു തനത് തമിഴ് ഗ്രാമത്തിന്റെ ഭംഗിയും ചൊടിയുമുണ്ട് വല്ലത്തിനു. പച്ചച്ച പാടങ്ങളും അവക്ക് കാവലായ് നിരന്നു കിടക്കുന്ന മലനിരകളും കണ്ണിനും മനസ്സിനും കുളിർമ്മയേകും. പൊട്ടിപ്പൊളിഞ്ഞ നിരത്തിലൂടെ കിതച്ച് നീങ്ങുന്ന കാളവണ്ടികൾ. തെരുവിലേക്ക് തുറക്കുന്ന വാസൽ‌പ്പടിയിൽ കോലം വരക്കുന്ന സ്ത്രീകൾ. കറപുരളാത്തൊരു നാട്ടിൻപുറം.


ഏതൊരു ഇന്ത്യൻ ഗ്രാമത്തിലും ; അത് ബീഹാറിലെയോ ബംഗാളിലെയോ ഉത്തർപ്രദേശിലൊ എവിടെ വേണേലും ആകട്ടെ; ആ ഗ്രാമത്തിലെ സ്ത്രീകളാണു ഒരോ വീടുകളിലേയും ഊർജ്ജം. സ്വന്തം വയർ മുറുക്കിയുടുത്ത് അഞ്ചപ്പം കൊണ്ട് ഒരു വീട്ടിലെ പത്ത് പതിനാലു വയറുകളെ ഊട്ടുന്ന മാന്ത്രിക വിദ്യ അവൾക്കറിയാം.  !   വല്ലത്തേയും സ്ഥിതി വ്യത്യസ്തമല്ല. ഗ്രാമത്തിലെ ബീഡിക്കമ്പനിയിൽ നിന്നും കൊടുക്കുന്ന പുകയില വെട്ടി ബീഡി തെറുത്ത് ദിവസവും 150 രൂപയോളം അവളുണ്ടാക്കുന്നു. പുരുഷൻ എങ്കൈ എന്ന ചോദ്യത്തിനു ഏതാവത് വേല കെടച്ചാ പോകും, ഇല്ലാമെ എന്നാ പണ്ണുവേ എന്ന മറുപടി. അത് ശരിയായിരുന്നു. മടങ്ങുന്ന വഴിക്ക് റോഡ് സൈഡിലെ കലുങ്കിനടിയിൽ കളം വരച്ച് കല്ലു കളിക്കുന്ന അഞ്ചാറ് ആണുങ്ങൾ. എന്നാ പണ്ണും. അവർക്ക് വേലയൊന്നും കെടക്കാത് !!


തെങ്കാശി എന്നാൽ തെക്കൻ കാശി എന്നാണർത്ഥം. പട്ടണത്തിനു നടുക്ക് പടുകൂറ്റൻ ഗോപുരത്തോട് കൂടി പ്രൌഢ ഗംഭീരമായ ഒരു അമ്പലമുണ്ട്. കാശി വിശ്വനാഥ ക്ഷേത്രം. 

ഗോപുരത്തിലെ കൊത്തുപണികൾ മനോഹരമാണു.മുല്ലപ്പൂവിന്റെയും ചന്ദനത്തിരികളുടെയും മണമാണു ആ തെരുവിനു.
തെങ്കാശിയിൽ നിന്നും 35 കിലോമീറ്ററുണ്ടാകും ശെർവലാർ- കാരയാർ ഡാമിലെക്ക്. മുൻ കൂട്ടി അനുവാദം വാങ്ങിയാൽ നിങ്ങൾക്ക് കാട്ടിനകത്തെ ഗസ്റ്റ് ഹൌസിൽ രാത്രി തങ്ങാം. സ്പോട്ട് ലൈറ്റൊക്കെ വെച്ച് രാത്രി കാട്ടിലൂടെ ഒരു  സവാരി. ടൈഗർ റിസെർവ് ആണത്. ആനയും മാനും, പുലിയും  കാട്ടുപോത്തുമൊക്കെ മുന്നിൽ വന്നു പെട്ടാൽ കൊഞ്ചം തമിഴ് പേശാം. 

കേരളത്തിന്റെ മഴനിഴൽ പ്രദേശമാണു തെങ്കാശി. കേരളത്തിൽ മഴ പെയ്താൽ തെങ്കാശിയിൽ ചാറൽ മഴ പെയ്യും. ആകാശത്തോളം കൈകൾ ഉയർത്തി കാറ്റിനെ പിടിച്ച് കെട്ടാൻ നിൽക്കുന്ന പടുകൂറ്റൻ കാറ്റാടികളാണു ഈ  പ്രദേശ ത്തിന്റെ മറ്റൊരു പ്രത്യേകത. ദൂരേന്ന് നോക്കിയാൽ മലഞ്ചെരുവുകളിൽ ആകാശത്തേക്ക് പറന്നുയരാൻ ചിറകുകൾ വിടർത്തി നിൽക്കുന്ന ആയിരക്കണക്കിനു കൊറ്റികളെ പോലെ കാറ്റാടിപ്പാടങ്ങൾ !! കാറ്റിനെ കറന്ന് കറന്റെടുക്കുക !!!. കാറ്റുള്ളടെത്തോളം കറന്റിനു ക്ഷാമം ഉണ്ടാകില്ല. പക്ഷെ നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന പല കാറ്റാടിനിലയങ്ങളും ഇപ്പോൾ നിശ്ചലമാണു. സർക്കാർ സഹകരിക്കുന്നില്ലയെന്നു. അവരിപ്പോൾ സൌരോർജ്ജത്തിനു പിന്നാലെയാണു. സൌരോർജ്ജം അയൽനാടിനെ പൊള്ളിച്ചത് അവരറിഞ്ഞിട്ടുണ്ടാവില്ല!! മലയാളം തെരിയാത്  കണ്ണേ.

ദൈവം നമുക്ക് തരുന്ന അനുഗ്രഹങ്ങളാണു കാറ്റും മഴയും വെയിലും ഒക്കെ. അത് അറിഞ്ഞുപയോഗിക്കുന്നതിനു പകരം കേവല സാമ്പത്തിക രാഷ്ട്രീയ ലാഭങ്ങൾക്കായ്  അവക്ക് പുല്ലുവില കൽ‌പ്പിച്ചാൽ ഇല്ലാതാകുന്നത് മനുഷ്യകുലം തന്നെയാണു. ഒരു അണു ഉലൈയുടെ ആവശ്യം നമുക്കുണ്ടൊയെന്ന് ഒന്നുകൂടെ പുനരാലോചിക്കുന്നത് തന്നെയാണു നല്ലു.

ഈ കാറ്റിനെ ഞാൻ വല്ലാതെ സ്നേഹിക്കുന്നുണ്ടിപ്പോൾ. അകലെ മലഞ്ചെരുവിൽ നിന്നും കാറ്റ് വരുന്ന ശബ്ദം കണ്ണടച്ച് നിന്നാലും കേൾക്കാനാകും. ചുമ്മാ കണ്ണടച്ച് കൈയും കെട്ടി നിൽക്കുക. അങ്ങനെ നിൽക്കുമ്പോൾ  പതിയെ കാറ്റ് വന്നു ചെവിയിലൂതും.കണ്ണു തുറക്കാതെ പതിയെ മുഖമുയർത്തുക. തെന്റ്രൽ വന്ന് നമ്മെ തൊടും നേരം ഒരാൾ കൂടിയുണ്ടാകും പലപ്പോഴും കൂട്ടിനു. സാറൽ. ആകാശത്തു നിന്നും നൂലുപോലെ പൊഴിഞ്ഞ് ചിതറുന്ന മഴതുള്ളികൾ. തെങ്കാശിയുടെ മാത്രം പ്രത്യേകതയാണത് . സാറൽ. (Drizzling) ജൂൺ ജൂലായ് ആഗസ്റ്റ് മാസങ്ങളിലാണു തെങ്കാശിയിലെ സീസൺ. അന്നേരം ഈ സാറൽ നനയാൻ വേണ്ടി മാത്രം ഭുഖണ്ഡങ്ങൾക്കപ്പുറത്ത് നിന്നും സന്ദർശകരെത്തും. ഒരു സാറൽ മഴൈ നനഞ്ഞ് ,കാറ്റിനൊട് കിന്നാരം പറഞ്ഞ് അങ്ങകലെ കാണുന്ന കുന്നിൻ ചെരുവിൽ മേഘങ്ങൾ ഉമ്മ വെക്കുന്നതും നോക്കി എത്ര വേണേലും ഇരിക്കാം. ബോറടിക്കമാട്ടേൻ...

** പുനലൂർ നിന്നും തെന്മല, ആര്യങ്കാവ് ,ചെങ്കോട്ട വഴി തെങ്കാശിയിലെത്താം. ഗുരുവായൂർ നിന്നും പുനലൂർ വരെ ട്രെയിൻ ഉണ്ട്.**
-- 

Thursday, November 28, 2013

ഉരുകുന്ന മനസ്സുകളും കൊഴുക്കുന്ന വ്യാപാരവും!!

അറിവില്ലായ്മയും അന്ധവിശ്വാസവും സമൂഹത്തിലെ നല്ലൊരു വിഭാഗം ആളുകളെ തീരാ ദുരിതത്തിലേക്കും അറ്റമില്ലാത്ത നിസ്സഹായതയിലേക്കും തള്ളിയിടുന്നുണ്ട് എന്നും എവിടേയും. എല്ലായ്പ്പോഴുമെന്ന പോലെ ദുരിതങ്ങളും രോഗങ്ങളും ഏറ്റം മാരകമായി പ്രഹരമേൽ‌പ്പിക്കുക പട്ടിണിക്കോലങ്ങളെ തന്നെയാണു. തനിക്ക് നേരെ വരുന്ന പ്രഹരങ്ങളെ ഒരളവ് വരെ തടുത്ത് നിർത്താനും പോംവഴി ആരായാനും കൈയിൽ കാശുള്ളവനു കഴിയും. ഈ ലോകത്ത് ഉള്ളവനും ഇല്ലാത്തവനും എന്ന് രണ്ട് തരം ജാതിയെ ഉള്ളു എന്നു പലപ്പോഴും പലതും കാണുമ്പോൾ അമർഷത്തോടെ കരുതാറുണ്ട്. 

പാവപ്പെട്ടവനെ കൂടുതൽ പാവത്തത്തിലേക്കും നിസ്സഹായതയിലേക്കും തള്ളിയിടുകയാണു നമ്മുടെ നാട്ടിലെ ജാറം ദർഗ,ദേവാലയ വ്യവസായങ്ങൾ. ഇതൊക്കെ വെറും തട്ടിപ്പാണെന്നും , ഈ പോരിശയാക്കപ്പെട്ട മഹാന്മാർക്ക് ജീവിച്ചിരിക്കുന്നവനു വേണ്ടി ഒരു ചുക്കും ചെയ്യാനാവില്ലാന്നും പുരോഹിതവർഗത്തിനു അറിയാഞ്ഞിട്ടല്ല. പക്ഷെ സത്യം പുറത്തായാൽ നേർച്ച പ്പെട്ടിയിൽ കൈയിട്ട് വാരാനാകില്ലല്ലൊ.


തിരുനെൽ വേലി- രാമേശ്വരം ഹൈവേയിൽ രാമനാഥപുരം എത്തുന്നതിനു മുൻപ് ഏർവാടി ദർഗ എന്ന ബോർഡ് കണ്ടതും ;ഒന്ന് കയറി നോക്കിയാലോ എന്ന ചോദ്യത്തിനൊപ്പം വണ്ടി തിരിക്കലും കഴിഞ്ഞിരുന്നു. 

ഒന്നരകിലോമീറ്റർ ഉൾലിലേക്ക് ചെന്നാൽ വൃത്തിഹീനമായ തെരുവുകൾക്കും തുറന്ന് നിറഞ്ഞ് കിടക്കുന്ന ഓടകൾക്കും ഇടയിലൂടെ വലിയൊരു ഇരുമ്പ് ഗേറ്റ് കടന്ന് ചെന്നാൽ കാണാവുന്ന കാഴ്ച കണ്ണു നിറക്കുന്നതായിരുന്നു. മണൽ വിരിച്ച മുറ്റത്ത് കെട്ടിയ പന്തലുകളിലും  വശത്തെ തിണ്ണകളിലുമായി നിരന്നു കിടക്കുന്ന മനുഷ്യ ജീവികൾ.


 ചിലരെ സമീപത്തെ തൂണുകളിലും മരങ്ങളിലുമായ് കയറു കൊണ്ട് ബന്ധിച്ചിരിക്കുന്നു.


 അന്തം വിട്ട് കിടക്കുന്നവരുടെ സമീപത്തായ് നിസ്സഹായതയിൽ കോടിയ മുഖവുമായ് കാവലിരിക്കുന്ന ബന്ധുക്കൾ. ചിലർ ഒറ്റക്കാണു , അവരുടെ കണ്ണുകളിൽ അറ്റമില്ലാത്ത ശൂന്യത മാത്രം. പോരിശയക്കപ്പെട്ട ഈ മണ്ണിൽ കൊണ്ട് വിട്ട് ബന്ധുക്കൾ രക്ഷപ്പെട്ടതാകാം. നട തള്ളാൻ എന്തെളുപ്പം.


പതിവ് പോലെ മലയാളികളും ഉണ്ട് അവിടെ. വെറുതെ കുറച്ച് പുണ്യം ചാക്കിലാക്കി കിട്ടിയാൽ അവിടെ ഉന്തും തള്ളും ഉണ്ടാക്കാൻ നമ്മളുണ്ടാവുമല്ലൊ മുന്നിൽ. വയനാട്ടുകാരി നസീമയും ഉമ്മയും ഏർവാടിയിൽ വന്നിട്ട് പത്തുപതിനഞ്ച് ദിവസമായി. നസീമക്ക് മനസ്സിനെന്തോ അസ്വാസ്ഥ്യം ഉണ്ട്.അവളുടെ നോക്കിലും ഭാവത്തിലും അത് കാണാനുണ്ട്. ഒരു ചെറിയ താളപ്പിഴ. മരുന്നൊന്നും ഇല്ലത്രെ അസുഖത്തിനു ഇവിടെ രോഗികൾക്ക് , മരുന്ന് വെള്ളം മാത്രം,കോഴിക്കോട്ട് എത്ര നല്ല ഡോക്ടർമാരുണ്ട് ഇതിനു ചികിത്സിക്കാൻ ,എന്തിനു ഇവിടെ വന്നു എന്ന ചോദ്യത്തിനു ആ ഉമ്മ കൈമലർത്തി.
മനസ്സ് എന്നത് വല്ലാത്തൊരു അൽഭുതമാണു, അതിന്റെ സഞ്ചാര വേഗവും ഗതിയും നിർണയിക്കുക പ്രയാസം. കടിഞ്ഞാൺ തെല്ലിട കൈയിന്നു പോയാൽ നിയന്ത്രണം അസാധ്യം.  സ്വന്തം ഗതിയും വേഗവും നിയന്ത്രിക്കാനാകാത്ത മനുഷ്യനോളം നിസ്സഹായത വേറെ എന്തിനുണ്ട്. അളവറ്റ സ്നേഹവും കനിവോടെയുള്ള പരിചരണവും ഒപ്പം മരുന്നും കൊണ്ടും മാത്രമേ അവരെ തിരിച്ച് കൊണ്ട് വരാനാകു. ചെറിയ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നവരെ നട്ടപ്രാന്തന്മാരാക്കാനേ ഇത്തരം ദർഗാ പൂജ കൊണ്ട് കഴിയു.


നൂറ്റാണ്ടുകൾക്ക് മുൻപ് മുഹമ്മദ് നബിയുടെ നിർദ്ദേശാനുസരണം മദീനയിൽ നിന്നും ഇസ്ലാം മത പ്രചരണത്തിനു വേണ്ടി ഇന്ത്യയിലേക്ക് വന്ന സഹാബിവര്യനാണു  സുൽത്താൻ ഇബ്രാഹിം ബാദുഷ . ഏറെ നാളത്തെ ദുരിതപൂർണ്ണമായ യാത്രക്ക് ശേഷം അദ്ദേഹം ആദ്യം വന്നിറങ്ങിയത് കണ്ണൂരാണു. അവിടുന്നാണു മധുര വഴി ഏർവാടിയിൽ എത്തുന്നത്.അന്നത് ബൌധിരമാണിക്യ പട്ടണമായിരുന്നു. പിന്നീടങ്ങോട്ട് പന്ത്രണ്ട് കൊല്ലത്തോളം തമിഴ് പ്രവിശ്യയുടെ ഭരണം കൈയാളിയത് ഇബ്രാഹിം ബാദുഷയായിരുന്നു. 
ഇന്ത്യയിലെ ആദ്യത്തെ അറബി ഭരണാധികാരി. അദ്ദേഹത്തിന്റേയും പിൻ ഗാമികളുടേയും ശവകുടീരങ്ങളാണു ദർഗാ കോമ്പൌണ്ടിനകത്ത്. ഖബർ പൂജ അനിസ്ലാമികമാണെന്ന് അസനിഗ്ധമായി പ്രഖ്യാപിച്ച ഒരു സമൂഹത്തിന്റെ അനുയായികൾ തന്നെയാണു ഈ ഖബറുകളെ കെട്ടിപ്പിടിച്ച് നിരന്നു കിടക്കുന്നതും ! 
കുറച്ച് വർഷങ്ങൾക്ക് മുൻപാണു തീപിടിത്തത്തിൽ പെട്ട് ചങ്ങലക്കിട്ടിരുന്ന ഇരുപതോളം അന്തേവാസികൾ വെന്ത് വെണ്ണീറായത്. അതുണ്ടാക്കിയ പുകിൽ കുറച്ച് കാലത്തേക്കെ ഉണ്ടായുള്ളു. കാരണം രാമനാഥപുരം താലൂക്കിലേക്ക് ഏറ്റവും കൂടുതൽ റവന്യൂ വരുമാനം ഏർവാടി ദർഗയിൽ നിന്നാണു!!


കുട്ടികളുണ്ടാത്തവർ, ഖബറിനരികിലെ തൊട്ടിൽ കെട്ടാനുള്ള സ്ഥലത്ത് തൊട്ടിൽ കെട്ടി പ്രാർത്ഥിച്ചാൽ കുട്ടികൾ ഉണ്ടാകുമെന്ന വാദത്തിനു എന്തടിസ്ഥാനമാണുള്ളത്. അതിത്ര എളുപ്പമായിരുന്നേൽ ഇക്സി, ഐവി എഫ് ടെസ്റ്റ് ട്യൂബ് ബേബി തുടങ്ങി അത്യന്താധുനിക സൌകര്യങ്ങളുമായി രോഗികളെ കാത്തിരിക്കുന്ന കൊടുങ്ങല്ലൂരെയും എടപ്പാളിലേയുമൊക്കെ ഡോക്ടർമാർ വെള്ളം കുടിച്ചേനേം. എന്ത് ആധുനിക ചികിത്സക്കും ഡോക്ടേർസ് 20% വിജയ സാധ്യതയേ പറയുന്നുള്ളുവെന്നും ഞങ്ങളും അത്രയൊക്കെയേ അവകാശപ്പെടുന്നുള്ളുവെന്നുമാണു ഈ അന്ധവിശ്വാസത്തിന്റെ അടിത്തറ. 

ഈ രോഗികളെയും അഗതികളേയും ഏതേലും പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റാനും അവർക്ക് അവശ്യമായ അടിസ്ഥാന ചികിത്സയും ഭക്ഷണവും പരിചരണവും ഏർപ്പാടാക്കി മാന്യമായ ഒരു ജീവിതവും സമാധാനപൂർണ്ണമായ ഒരു മരണവും അവർക്ക് ഉറപ്പാക്കാൻ ഏത് ഭരണകൂടത്തിനാണാവുക. വോട്ട് ബാങ്ക് മാത്രം ലക്ഷ്യമിട്ട് തങ്ങളുടെ നിലനിൽ‌പ്പ് ഭദ്രമാക്കാൻ യത്നിക്കുന്ന ഒരു ഭരണകൂടവും ആ നിലക്ക് ചിന്തിക്കില്ല. മാറേണ്ടത് നമ്മളാണു.