Tuesday, April 21, 2015

കഷീര്‍ ഗഛ്കാ..?

ഉത്തരേന്ത്യയില്‍ മഴക്കാലം ആസ്വദിക്കാനാകില്ല. അവിടെ തിളക്കുന്ന വേനലും , വെയിലിനെ കൊതിക്കുന്ന തണുപ്പുകാലവുമേ ഉള്ളു.  മഴ ഇടക്കൊന്ന് വന്ന് പോകുന്ന വിരുന്നകാരന്‍ മാത്രം. പൊള്ളുന്ന നട്ടുച്ചകളില്‍ കൂളറില്‍ നിന്നും തെറിച്ച് വീഴുന്ന വെള്ളതുള്ളികളില്‍ മുഖം പൂഴ്ത്തി ഇരിക്കുമ്പോഴാകും നാട്ടില്‍ നിന്നും ഫോണ്‍. ഉമ്മയാകും അങ്ങേതലക്കല്‍, “ ഇവിടെ നല്ല മഴയാണു, മേലെ കണ്ടത്തീന്ന് വരുപൊട്ടി വെള്ളം മുഴുവന്‍ മുറ്റത്തേക്ക് മറിഞ്ഞിരിക്കുന്നു , മുറ്റത്തും പറമ്പിലുമൊക്കെ വെള്ളം കെട്ടി കിടക്ക്വാണു .” അത് കേള്‍ക്കുമ്പോള്‍ ചളി മണക്കുന്ന കലക്ക വെള്ളത്തില്‍ കാലു പൂഴ്ത്താന്‍ മനസും ശരീരവും തരിക്കും
 വെയില്‍ ചാഞ്ഞ വൈകുന്നേരങ്ങളില്‍ ദരിയാഗഞ്ചിലെ പുസ്തകക്കടകള്‍ക്ക് മുന്‍പില്‍ നില്‍ക്കുമ്പോള്‍ മനസ്സ് കുളിര്‍ക്കും. പുസ്തകങ്ങള്‍ മറിച്ച് നോക്കി , സുഭാഷ് മാര്‍ഗിലൂടെ മീനാ ബസാര്‍ മുറിച്ച് കടന്ന് കബാബ് മണക്കുന്ന ഗലികള്‍ക്കിടയിലൂടെ ജുമാ മസ്ജിദിനരുകിലേക്ക്. കരീംസില്‍ കയറി കബാബും ഷാഹി പനീറും ചിക്കന്‍ നൂര്‍ജഹാനിയുമൊക്കെ തിന്ന് വയറു കുളിര്‍പ്പിക്കുക. അങ്ങനെയൊരു വൈകുന്നേറം , ഓര്‍ക്കാതെ പെയ്ത മഴയില്‍ നിന്നും ഓടിക്കയറിയ ജുമാ മസ്ജിദിന്റെ തൂണുകള്‍ക്ക് മുകളിലെ കമാനത്തിനു ചുവട്ടിലാണു ഞാനയാളെ കാണുന്നത്. എനിക്ക് മുന്നേ എത്തിയിരുന്നു അയാള്‍. പത്തെഴുപത്തഞ്ച് വയസ്സ് തോന്നിക്കുന്ന ഒരു വ്രദ്ധന്‍. എന്റെ ദുപ്പട്ടയിലേക്കും കൈയിലെ കുപ്പിവളകളിലേക്കും നോക്കി അയാള്‍ തല തിരിച്ചു. എന്നോടയാള്‍
ചിരിച്ചില്ല.
അയാളുടെ അടുത്തിരുന്ന് ബാഗില്‍ കരുതിയിരുന്ന ബേല്പുരി ഞാനയാള്‍ക്ക് നീട്ടി. ആദ്യമൊന്ന് മടിച്ചെങ്കിലും അയാളത് വാങ്ങി ആര്‍ത്തിയോടെ തിന്നാന്‍ തുടങ്ങി.
  “ ജാന്‍ ഗാവ്,  കാത്തി ആഖ് .?
 നിലത്ത് വീഴുന്ന ബേല്‍ പുരി കൊത്തിതിന്നാന്‍ തിക്കും തിരക്കും കൂട്ടുന്ന പ്രാവുകളുടെ കുറുകല്‍ കാരണം അയാള്‍ പറഞ്ഞതെനിക്ക് മനസ്സിലായില്ല. ഹിന്ദിയല്ലല്ലൊ ഇയാള്‍ പറഞ്ഞതെന്ന എന്റെ അമ്പരമ്പ് കണ്ടാവണം അയാള്‍ ചിരിച്ചു.  “ തു കിധര്‍ സേ..? 
ചാഞ്ഞ് പെയ്യുന്ന മഴയിലേക്ക് കൈപടം തുറന്ന് പിടിച്ച് കേരൾ സേ എന്നു ഞാൻ തലയാട്ടിയപ്പോൾ അയാളുടെ കണ്ണുകളിൽ പരിചയ ഭാവം. കേരളം അയാൾ കേട്ടിട്ടുണ്ട്. ശങ്കരാചാര്യന്റെ നാട്.
" നീ കാശ്മീർ കണ്ടിട്ടുണ്ടൊ? മഞ്ഞ്പുതച്ചുറങ്ങുന്ന താഴ്വരകളെ തട്ടിയുണർത്തി മഴ ചരിഞ്ഞിറങ്ങുന്നത് നോക്കി നിന്നിട്ടുണ്ടോ? ദാൽ തടാകത്തിൽ നിരന്ന് കിടക്കുന്ന ശിക്കാരകളെ പൊതിഞ്ഞ് മഴ തടാകത്തിൽ വീഴുന്ന ശബ്ദം കേട്ടിട്ടുണ്ടോ? പൂത്തുലഞ്ഞ് കിടക്കുന്ന പനീർ തോട്ടങ്ങൾ മഴയെ ചിരിച്ച് കൊണ്ടെതിരേൽക്കുന്നത് കണ്ടിട്ടുണ്ടോ? മഴയിൽ കുതിർന്ന് കിടക്കുന്ന ചുവപ്പും മഞ്ഞയും കലർന്ന ചിനാറിലകളിൽ ചവിട്ടി നടന്നിട്ടുണ്ടോ ?  "  ഒറ്റവീർപ്പിൽ ഇത്രേം പറഞ്ഞ് കൈയിലെ ബേൽ പുരി പൊതി തിക്കും തിരക്കും കൂട്ടുന്ന പ്രാവുകൾക്കിടയിലേക്കെറിഞ്ഞ് അയാൾ കിതച്ചു.
" എന്റെ കമലയെ അവര്‍ കൊന്നതാണു “ . കേട്ടത് വിശ്വസിക്കാനാകാതെ മഴയില്‍ നിന്നും കാലുകള്‍ വലിച്ച് നിവര്‍ന്ന് ഞാനയാളുടെ അടുത്തേക്ക് കുറേകൂടി നീങ്ങിയിരുന്നു. 
  അന്നേരമാണു അയാളുടെ കണ്ണുകളില്‍ കണ്ടത് പ്രായത്തിന്റേയും വിശപ്പിന്റേയും തളര്‍ച്ചയായിരുന്നില്ലായെന്നും മറിച്ച് അടക്കാനാവാത്ത നിരാശയുടെയും നിസ്സംഗതയുടേയും കടലാഴമായിരുന്നെന്ന് ഞാനറിയുന്നത് !! . ജന്മ നാട്ടില്‍ നിന്നും പിഴുതെറിയപ്പെട്ടവന്റെ അടങ്ങാത്ത കരള്‍ ദാഹമായിരുന്നെന്ന്..
 കിഷന്‍ ലാല്‍ ഗഞ്ചു- അതായിരുന്നു അയാളുടെ പേര്‍. കശ്മീരിലെ ബഡ് ഗാം ജില്ലയില്‍ പെട്ട സംഗ്രാം പോറ ഗ്രാമത്തിലായിരുന്നു അയാളുടെ വീട്. ആപ്പിള്‍ തോട്ടങ്ങളുടേയും ഗോതമ്പ് പാടങ്ങളുടേയും ഉടമ. ഗ്രാമത്തിലെ പ്രമുഖന്‍. ശ്രീ നഗറിലെ ശങ്കരാചാര്യ ടെമ്പിളിലെ പൂജാരിയായിരുന്നു അയാള്‍. ഭൂമിയിലെ സ്വര്‍ഗം എന്നരിയപ്പെടുന്ന കശ്മീരില്‍ അയാളുടെ വീടും ഒരു സ്വര്‍ഗമായിരുന്നു. 1990 ജനു വരി 19 വരെ. അന്നായിരുന്നു ആയിരക്കണക്കിനു ആളുകള്‍ക്കൊപ്പം ഗഞ്ചുവും കുടുമ്പവും ഭൂമിയിലെ സ്വര്‍ഗത്തില്‍ നിന്നും പുറത്താക്കപ്പെട്ടത്. ലാല്‍ ചൌക്കിലെ ഒരാശുപത്രിയില്‍ നഴ്സായിരുന്നു ഗഞ്ചുവിന്റെ മകള്‍ കമല. ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് ത്ജലം നദിയിലേക്ക് വലിച്ചെറിയപ്പെട്ട അവളുടെ ശരീരം പോലും കിട്ടിയില്ലെന്നു പറയുമ്പോള്‍ വ്രദ്ധന്റെ കണ്ണുകളില്‍ ഒരു തുള്ളി കന്‍ണീരുണ്ടായിരുന്നില്ല. 
 അയാളോട് എന്ത് പറയണമെന്നു അന്നേരമെനിക്ക് അറിയില്ലായിരുന്നു. ചുളുങ്ങി ശുഷ്കിച്ച് എല്ലുകള്‍ എഴുന്ന് നില്‍ക്കുന്ന ആ കാല്‍ മുട്ടുകളില്‍ കൈപ്പടം അമര്‍ത്തി വെച്ച് മുഖം കുനിച്ച് ഞാനയാളുടെ അടുത്തിരുന്നു.
 1990 കളില്‍ കശ്മീരിലെ പ്രക്ഷുബ്ദാവസ്ഥയില്‍ നിന്നും ജീവനും കൊണ്ട് പലായനം ചെയ്ത ലക്ഷക്കനക്കിനു പണ്ഡിറ്റുകളില്‍ ഒരാളാണു കിഷന്‍ ലാല്‍ ഗഞ്ചു. താഴ് വരയാകെ ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരുടെ അധീനതിയിലായിരുന്നു. കശ്മീര്‍ ഹമാരാ.., ബാഗോ കാഫിര്‍- അതായിരുന്നു അവരുടെ മുദ്രാവാക്യം. ഫറൂക്ക് അബ്ദുള്‍ലയുടെ നേത്ര്ത്വത്തിലെ മന്ത്രി സഭ വീണ ശേഷം അധികാരം കൈയാളിയ ഗവര്‍ണര്‍ ജഗ്മോഹനും ഭീകരവാദികള്‍ക്കെതിരെ ഒന്നും ചെയ്യാനായില്ല.
 ഭീകരരെ അടിച്ചമര്‍ത്തുന്നതിനു പകരം സിക്കുകാരും പണ്ഡിറ്റുകളുമടങ്ങുന്ന ഹിന്ദുക്കളൊട് താഴ് വര വിടാനും ജമ്മുവിലും ഡല്‍ഹിയിലും സ്ഥാപിച്ച അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് മാറാനായിരുന്നു ഗവര്‍ണറുടെ നിര്‍ദ്ദെശം. 
 തിരിച്ച് വരാനാകുമെന്ന പ്രതീക്ഷയില്‍ തന്നെയാണു പലരും നാടും വീടും വിട്ടത്, പക്ഷെ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. പത്തിരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരു ജനത മഴയത്ത് നില്‍ക്കുകയാണു.
 കാല്‍മുട്ടുകളില്‍ കൈകള്‍ പിണച്ച് വെച്ച് കൈപത്തികളില്‍ മുഖം അമര്‍ത്തിയിരിക്കുകയായിരുന്ന അയാളെ പതുക്കെ ഞാന്‍ കുലുക്കി വിളിച്ചു. “ ഗഞ്ചു കാക്ക “ 
 കാല്‍ മുട്ടുകളില്‍ നിന്നും മുഖമുയര്‍ത്തി അയാള്‍ പറഞ്ഞു തുടങ്ങി. ‘ചെറുപ്പം മുതല്‍ ഒരുമിച്ച് കളിച്ച് വളര്‍ന്ന് ഒരേ പാത്രത്തില്‍ നിന്നും ഉണ്ട് ഒരു കുടുംബത്തെ പോലെ കഴിഞ്ഞിരുന്ന എന്റെ മുസ്ലിം സഹോദരന്മാരും ഉണ്ടായിരുന്നു ആ രാത്രി എന്റെ വീട് കത്തിക്കാന്‍ വന്നവരുറ്റെ ഇടയില്‍ “ ആ ഒരു വേദനയാണു എനിക്കിന്നും സഹിക്കാനാവാത്തത് “
  മുഖമുയര്‍ത്തി തൂണില്‍ ചാരി നിവര്‍ന്നിരുന്ന അയാളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയിരുന്നു. 
" കശീര്‍ ഗഛ്കാ..?കശ്മീരിലേക്ക് തിരിച്ച് പോണൊന്നു തോന്നുന്നില്ലേ കാക്ക “ ?. കരിങ്കല്‍ പടവുകളില്‍ അമര്‍ന്നിരുന്ന ആ വ്ര്ദ്ധന്റെ കൈപടത്തിനു മേല്‍ ഞാനെന്റെ കൈകള്‍ ചേര്‍ത്തു വെച്ചു. 
 അലിഗഞ്ചിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ , തുറന്നു കിടക്കുന്ന ഓടകള്‍ക്കും പരക്കം പായുന്ന എലികള്‍ക്കുമിടയില്‍ , പ്ലാസ്റ്റിക് ഷീറ്റ് വലിച്ച് കെട്ടിയ ഒറ്റ മുറി കൂരയില്‍ , മക്കള്‍ക്കും മരുമക്കള്‍ക്കും പേരകുട്ടികള്‍ക്കുമൊപ്പം തിങ്ങി ഞെരുങ്ങി കിടക്കുമ്പോഴും അയാളുടെ മനസ്സില്‍ ഒറ്റ വിചാരമേ  ഉള്ളു. താന്‍ ഉപേക്ഷിച്ച് പോന്ന മണ്ണ്. ഭൂമിയിലെ സ്വര്‍ഗ്ഗം.
 “ യേ ഖുദാ.., ലൌട്ടാദേ കശ്മീര്‍ ദുബാരാ..”.

** ജന്‍ ഗാവ് = ഇത് നന്നായിട്ടുണ്ട്.
 കാത്തി ആഖ്= നീയെവിടുന്നാ?

26 comments:

  1. പിറന്ന മണ്ണില്‍ നിന്നു ആട്ടിയകറ്റപ്പെട്ടവന്റെ വേദന വല്ലാത്തൊരു വികാരമാണ്‌. അതു തീര്ത്തും വാക്കുകളില്‍ ആവാഹിച്ചെടുത്തിരിക്കുന്നു.

    ReplyDelete
  2. പലായനം ചെയ്യുന്ന എല്ലാവരോടും കാരുണ്യം മാത്രം! അതില്‍ ജാതിമതവര്‍ഗദേശഭേദങ്ങളേയില്ല

    ReplyDelete
  3. പലായനം ചില ജന്മങ്ങളില്‍ ആവര്‍ത്തിക്കുന്നു. അതിനു കാലവും സമയവും ഇല്ല. പിന്നെ ജാതി മതലിംഗവര്‍ഗദേശങ്ങളുമില്ല. കാരുണ്യത്തിന്‍റെ ഈടുവെയ്പുകള്‍ നശിക്കാതിരിക്കട്ടെ എന്ന ആഗ്രഹം മാത്രം...

    ReplyDelete
  4. ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചു. നന്നായിട്ടുണ്ട്. വായിച്ചു കഴിഞ്ഞപ്പോള്‍ വേദന മനസ്സില്‍ ബാക്കി...

    ReplyDelete
  5. കാലം അവരെ സ്വന്തം ഭൂമിയിലേക്ക് വീണ്ടും പറിച്ചു നടട്ടെ....
    സ്വന്തം ദേശത്തിന്റെ മഹത്വം അനുഭവിച്ചറിയട്ടെ...

    ReplyDelete
  6. ഒന്നും അവസാനിക്കുന്നില്ല.
    ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ആവര്‍ത്തിക്കുന്നു.
    നന്മ നശിക്കാത്ത മനസ്സുകള്‍ ധാരാളമായി പൂക്കട്ടെ.

    ReplyDelete
  7. ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചു.

    ReplyDelete
  8. എന്നെങ്കിലും ഒരിക്കല്‍ സ്വന്തം നാട്ടിലേക്ക് തിരിച്ച് പോകാന്‍ അവര്‍ക്ക് കഴിയട്ടെ..... :( :( :(

    ReplyDelete
  9. ചളി മണക്കുന്ന കലക്ക വെള്ളത്തില്‍ കാലു പൂഴ്ത്താന്‍ കൊതിക്കുന്ന നമ്മുടെ മനസ്സിനെക്കുറിച്ച ലോചിച്ചാല്‍ മതി സ്വന്തം മണ്ണില്‍ ഒന്നു കാലുകുത്താന്‍ കഴിയാതെ കാലങ്ങള്‍ തള്ളിനീക്കുന്ന ജന്മങ്ങളുടെ അവസ്തയറിയാന്‍ ...

    ReplyDelete
  10. സ്വന്തം മണ്ണില്‍ നിന്ന് ആട്ടിയോടിക്കപ്പെടുന്നതിനെക്കാള്‍ ഭീകരമായി മറ്റെന്തുണ്ട് !! അവസാനം ആറടി മണ്ണ് പോലും നിഷേധിക്കപ്പെടുന്ന ലക്ഷങ്ങള്‍ ലോകത്ത് ജീവിച്ചിരിക്കുന്നു എന്നത് വല്ലാത്തൊരു ദുര്യോഗമാണ്‌ . ഒരു പക്ഷെ നാളെ നമുക്ക് പോലും .................................................

    ReplyDelete
  11. വിഭജനത്തെ പറ്റി, കാശ്മീര്‍ പാലായനത്തെ പറ്റി അധികമൊന്നും വായിച്ചിട്ടില്ല. വായിക്കണം എന്നുണ്ട്. എന്നാലും ഖുശ്വന്ത്‌ സിംഗിന്റെ പാക്കിസ്ഥാനിലേക്ക് ഒരു തീവണ്ടി, മുകുന്ദന്റെ ഡല്‍ഹി ഗാഥകള്‍ ഒക്കെ വായിച്ച ഓര്‍മ്മയില്‍ അതിലെ ഒരു അദ്ധ്യായം പോലെ മനോഹരമായ എഴുത്ത്. ഇഴചേര്‍ന്നു നില്‍ക്കുന്ന വാക്കുകളും വെട്ടിയോരുക്കിയ വരികളും ഈ എഴുത്തിനെ മൂല്യവത്താക്കുന്നു.

    ReplyDelete
  12. അങ്ങിനെ ഒരു നീണ്ട മൗനത്തിന്‌ ശേഷം ആ മനോഹര ലിഖിത തീരത്തണഞ്ഞു.അല്പം വൈകി....സന്തോഷമുണ്ട് ....കാശ്മീരിനെ ക്കുറിച്ചു ഒന്നുമറിയില്ല.ദൃശ്യ-ശ്രാവ്യ -പ്രിന്‍റ് മീഡിയകളില്‍ നിന്നും കിട്ടുന്ന സത്യങ്ങളും -അര്‍ദ്ധ സത്യങ്ങളും -അസത്യങ്ങളും എന്തെന്ന് തിരിച്ചരിയാനാവാത്ത 'അറിവു'കള്‍ -അതു മാത്രം !ഹൃദ്യമായ ഈ ചാരു വരികളുടെ കയ്യൊതുക്കവും മനപ്പൊരുത്തവും കാത്തു സൂക്ഷിക്കുക .നാഥന്‍ അനുഗ്രഹിക്കട്ടെ !

    ReplyDelete
  13. വശ്യം, സുന്ദരം ഈ എഴുത്ത്... മണ്ണും ഭാഷയും നഷ്ടപ്പെട്ടവന്‍റെ വേദന തീവ്രമാണ്. നഷ്ടപ്പെടുന്നത് സ്വന്തം സംസ്കാരവും ഇന്നലേകളും എല്ലാമെല്ലാമാണ്..

    ReplyDelete
  14. മനസ്സിലൊരു വിങ്ങല്‍.....
    എഴുത്തിന്‍റെ വശീകരണശക്‌തി അനുപമം
    ആശംസകള്‍

    ReplyDelete
  15. ഹൃദയസ്പര്‍ശിയായ അവതരണം. നാഥൻ അനുഗ്രഹിക്കട്ടെ

    ReplyDelete
  16. ഹൃദയസ്പര്‍ശിയായ അവതരണം. നാഥൻ അനുഗ്രഹിക്കട്ടെ

    ReplyDelete
  17. ഹൃദയസ്പര്‍ശിയായ അവതരണം. നാഥൻ അനുഗ്രഹിക്കട്ടെ

    ReplyDelete
  18. സുന്ദരമായ എഴുത്ത്..
    അറിയാതെ കൂടെ പാലായനം ചെയ്തുപോയി...

    ReplyDelete
  19. ഇവിടെ വരികയും വായിച്ച് അഭിപ്രായം എഴുതുകയും ചെയ്തെ എല്ലാവര്‍ക്കും എന്റെ സ്നേഹം.

    ReplyDelete
  20. എഴുത്ത് ഇഷ്ട്ടമായി ആശംസകള്‍

    ReplyDelete
  21. ജീവിതാവകാശം നഷ്ടപ്പെട്ട നിസ്സംഗതയുടെ കരുവാളിച്ച നിറം മനസ്സ് തൊട്ടു പറഞ്ഞു. ആശംസകൾ മുല്ലേ..

    ReplyDelete
  22. this is like a circle..... ഇങ്ങനെ ചുറ്റിക്കറങ്ങിക്കൊണ്ടേയിരിക്കും..
    അവസാനം കാണില്ല

    ReplyDelete
  23. നാടുപേക്ഷിക്കേണ്ടി വന്നവരെ
    പറ്റി ഹൃദയസ്പര്‍ശിയായി എഴുതിയിരിക്കുന്നു..

    ReplyDelete
  24. This comment has been removed by the author.

    ReplyDelete
  25. " നീ കാശ്മീർ കണ്ടിട്ടുണ്ടൊ? മഞ്ഞ്പുതച്ചുറങ്ങുന്ന
    താഴ്വരകളെ തട്ടിയുണർത്തി മഴ ചരിഞ്ഞിറങ്ങുന്നത്
    നോക്കി നിന്നിട്ടുണ്ടോ? ദാൽ തടാകത്തിൽ നിരന്ന് കിടക്കുന്ന
    ശിക്കാരകളെ പൊതിഞ്ഞ് മഴ തടാകത്തിൽ വീഴുന്ന ശബ്ദം കേട്ടിട്ടുണ്ടോ? പൂത്തുലഞ്ഞ് കിടക്കുന്ന പനീർ തോട്ടങ്ങൾ മഴയെ ചിരിച്ച് കൊണ്ടെതിരേൽക്കുന്നത് കണ്ടിട്ടുണ്ടോ? മഴയിൽ കുതിർന്ന് കിടക്കുന്ന ചുവപ്പും മഞ്ഞയും കലർന്ന ചിനാറിലകളിൽ ചവിട്ടി നടന്നിട്ടുണ്ടോ ? " -കിഷൻ ലാൽജിയുടെ വാക്കുകളിലൂടെ തന്നെ നമ്മുക്ക് കാശ്മീരിന്റെ സ്വർദ്ദീയത തൊട്ടറിയാം..

    ലോകത്തിന്റെ പല ഭാഗങ്ങളിലും
    ഭീകതയുടെ അതിനിവേശത്താൽ അഭയാർത്ഥി
    ക്യാമ്പുകളിൽ ദുരിത ജീവിതം പേറുന്നവരുടെയൊക്കെ
    ജീവിതത്തിൽ നിന്നും ഒരു ഏട്..!

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..