Monday, December 6, 2010

ഉപ്പുമാവിന്റെ മണം



നിന്നെ പോലുള്ളവര്‍ക്കൊന്നും തരാനുള്ളതല്ല ഇത് ...കോന്തുണ്ണി മാഷ് എന്റെ ചെവിക്ക് പിടിച്ച് വരിയില്‍ നിന്നും
പുറത്തേക്ക് നീക്കി നിര്‍ത്തി. ഉപ്പുമാവിനായുള്ള വരിയിലായിരുന്നു ഞങ്ങള്‍, ഞാന്‍ ,ഫൌസിയ ,റുക്സാന .നാട്ടിലെ ഏറ്റവും വലിയ ഹോട്ടലിന്റെ മുതലാളിയുടെ മക്കളായിരുന്നു ഫൌസിയയും റുക്സാനയും, ഹോട്ടലിലെ ബിരിയാണിയേക്കാള്‍ അവര്‍ക്കിഷ്ട്ടം ഈ ഉപ്പുമാവായിരുന്നു.

കൈയിലുള്ള വട്ടയില ഞാന്‍ രോഷത്തോടെ നിലത്തേക്ക് വലിച്ചെറിഞ്ഞു. "എനിക്കൊന്നും വേണ്ട നിങ്ങടെ പുഴുവരിക്കുന്ന ഉപ്പുമാവ്..." ജാള്യതയും സങ്കടവും സഹിക്കവയ്യാതെ ഞാന്‍ പതിയെ ക്ലാസ്സ് റൂമില്‍ ചെന്നിരുന്നു. ഞങ്ങള്‍ക്ക് കുറച്ച് ഉപ്പുമാവ് തന്നാല്‍ മാഷ്ക്കെന്താ ചേതം...?
ക്ലാസ്സിലെ ആമിനുവും ജ്യോതിയുമൊക്കെ പറഞ്ഞല്ലോ അവരീ കൊണ്ടു പോണ ഉപ്പുമാവൊക്കെ വീട്ടിലെ
കോഴീം പശുവുമൊക്കെയാ തിന്നുകാ എന്ന്...
വീട്ടീന്ന് ഉപ്പുമാവ് വാങ്ങാന്‍ പാത്രം ചോദിച്ചാല്‍ ഉമ്മ തരില്ല
പെണ്ണിനിപ്പൊ സ്കൂളിലെ പുഴുവരിക്കുന്ന ഉപ്പുമാവ് തിന്നാഞിട്ടാ ....
ബെല്ലടിച്ചാ ഇങ്ങോട്ട് ഓടിപ്പോരെ , ചോറു കഴിക്കാം.
തര്‍ക്കിച്ചിട്ട് കാര്യമൊന്നുമില്ല.
ഓരോന്നു ആലൊചിച്ച് ക്ലാസ്സിലങ്ങനെ ഇരിക്കുമ്പൊ എനിക്ക് ചുറ്റും ഉപ്പുമാവിന്റെ മണം പരക്കും.
വട്ടയിലയില്‍ , (ചില സ്ഥലങ്ങളില്‍ അതിനു പൊടിയണ്ണിയെന്നും പറയും) ചൂടുള്ള ഉപ്പുമാവ് വെച്ചാല്‍
ഒരു സുഗന്ധം വരാനുണ്ട്. ഇലയുടേയും ഉപ്പുമാവിന്റേയും കൂടിക്കുഴഞ്ഞ ഒരു മണം.
തിരിഞ്ഞു നോക്കുമ്പോ അയ്യപ്പന്‍, സ്കൂളിലെ പ്യൂണായിരുന്നു അയ്യപ്പന്‍. കറുത്ത് തടിച്ച് ഉയരം കുറഞ്ഞ ഒരു ചെറുപ്പക്കാരനായിരുന്നു
അയ്യപ്പനന്ന്, അയ്യപ്പനയിരുന്നു ഉപ്പുമാവുണ്ടാക്കുക.
കൈയിലുള്ള ഇല എന്റെ മുന്നില്‍ വെച്ചിട്ട് അയ്യപ്പന്‍ പറയും
എന്റെ രാജകുമാരിക്ക് തരാതെ അയ്യപ്പന്‍ വേറെ ആര്‍ക്കേലും കൊടുക്ക്വാ...
മുഴുവനും കഴിച്ചോളുട്ടോ ,എന്നിട്ട് വേഗം വലുതാകട്ടെ...
റുക്സാനക്കായിരുന്നു ആര്‍ത്തി കൂടുതല്‍, വാരി വാരി കഴിക്കും.

വൈകുന്നേരം സ്കൂള്‍ വിടാനായാല്‍ അയ്യപ്പന്‍ ക്ലാസ്സില്‍ വരും. ഹൈസ്കൂള്‍ ക്ലാസ്സുകളിലെ മുതിര്‍ന്ന കുട്ടികളെയായിരുന്നു ആദ്യം വിടുക. ഞങ്ങളുടെ ക്ലാസ്സില്‍ നിന്നാല്‍ പെണ്‍കൂട്ടികള്‍ പോകുന്നത് കാണാം,അയ്യപ്പന്‍ എത്ര ശ്രമിച്ചിട്ടും ആരും അയ്യപ്പനെ തിരിഞ്ഞു നോക്കിയില്ല. അയ്യപ്പന്‍ സങ്കടപ്പെട്ടു കിടക്കും. ആരും എന്നെ ഇഷ്ട്ടപ്പെടാത്തത് എനിക്ക് സൌന്ദര്യമില്ലാത്തത് കോണ്ടാണെന്നും പറഞ്ഞ്
കണ്ണുനിറക്കും.

അയ്യപ്പനങ്ങനെ നിക്കുന്നത് കാണുമ്പോ എനിക്കും കരച്ചില്‍ വരും. ഞാന്‍ മെല്ലെ അടുത്ത് ചെന്നു അയ്യപ്പന്റെ
കൈപിടിക്കും, വലുതായാല്‍ ഞാന്‍ കല്യാണം കഴിച്ചോളാം അയ്യപ്പനെ, എനിക്കെന്നും ഉപ്പുമാവ്
ഉണ്ടാക്കി തന്നാ മതി...പൊട്ടിച്ചിരിച്ചു കൊണ്ട് അയ്യപ്പന്‍ ജനലുകള്‍ ഓരോന്നായ് വലിച്ചടക്കും. സ്കൂള്‍ വിടാനുള്ള ബെല്ലടിക്കുമ്പോഴും അയ്യപ്പന്‍ ചിരിക്കുകയാവും.

ഒരുദിവസം .....രാവിലെ സ്കൂളിലെത്തിയപ്പോ ക്ലാസ്സിനു പുറത്ത് ഒരാള്‍ക്കൂട്ടം...
എന്താ... എന്താ പറ്റിയേ...മുന്നോട്ട് നീങ്ങിയ എന്നെ സ്കൂള്‍ ഗേറ്റിനടുത്ത് കടലക്കച്ചവടം ചെയ്യുന്ന ബാപ്പുട്ടിക്ക പിടിച്ചു നിര്‍ത്തി

"എന്റെ കുട്ടി ഇപ്പൊ അങ്ങോട്ട് പോണ്ട.."
ബാപ്പുട്ടിക്കാന്റെ കൈ വിടുവിച്ച് മുന്നോട്ട് നീങ്ങിയ എന്റെ മുന്നില്‍ , കഴുക്കോലില്‍ കിടന്ന് ആടുന്ന അയ്യപ്പന്‍, നാക്ക് തുറിച്ച്, തുടയൊക്കെ മാന്തിപ്പൊളിച്ച് ....ദൈവമേ.....തിരിഞ്ഞോടിയ എന്റെ മുന്നില്‍ സ്കൂള്‍ കെട്ടിടവും കളിമൈതാനവുമൊക്കെ കറങ്ങിത്തിരിഞ്ഞു,പിന്നെ ഇരുട്ടായിരുന്നു.

ഇന്നുമെനിക്കറിയില്ല അയ്യപ്പെനെന്തിനാ തൂങ്ങി മരിച്ചേന്ന് , ആരും പറഞ്ഞു തന്നിട്ടില്ല ഒന്നും ...

12 comments:

  1. ഒരു പോസ്റ്റില്‍ ആദ്യത്തെ കമന്ടിനുട്ന്നത് എനിക്കൊരു പേടിയാ... വായിച്ചാലും ആരെങ്കിലുമൊക്കെ കമന്റിടാന്‍ കാത്തിരിക്കും.. ഇലയില്‍ ഉപ്പുമാവ് ഞാനും വാങ്ങിയിട്ടുണ്ടേ.....
    പാവം അയ്യപ്പന്‍, വായിച്ചപ്പോള്‍ ഒരു സങ്കടം... എന്തിനാ അയ്യപ്പന്‍ അത് ചെയ്തത്...ഉപ്പുമാവ് കൊതിചിയായ അയ്യപ്പന്‍റെ രാജകുമാരിയെ തീറ്റി പോറ്റുന്നത് ഓര്‍ത്ത്‌ പേടിച്ചോ..

    ReplyDelete
  2. വായിച്ചു തുടങ്ങിയപ്പോള്‍ നല്ല ആവേശമായിരുന്നു. സ്കൂള്‍ മുറ്റവും ഉപ്പുമാവും എല്ലാ ഓര്‍മ്മകളും വീണ്ടും വന്നുകയറി.
    അയ്യപ്പനെയും ഇഷ്ടപ്പെട്ടു വരായിരുന്നു.അവസാനം വിഷമമായി .
    കഥയാണേല്‍ അങ്ങിനെ വിടായിരുന്നു. പക്ഷെ ഇത് സംഭവമായി പോയല്ലോ.

    ReplyDelete
  3. വീട്ടില്‍ നല്ല ചോര്‍ എത്രയുണ്ടെങ്കിലും സ്കൂളില്‍ നിന്ന് തിരക്കിനിടയില്‍ ഉന്തുംതള്ളുമുണ്ടായി വാങ്ങുന്ന ഉപ്പുമാവിന്റെ ടേസ്റ്റ് ഒന്ന് വേറെ തന്നെ..

    പാവം അയ്യപ്പന്‍ ..

    ReplyDelete
  4. ഞങ്ങളുടെ സ്കൂളില്‍ ചെറുപയര്‍ ആയിരുന്നു...
    ഒടുക്കത്തെ ടേസ്റ്റ് തന്നെ ആയിരുന്നു അതിനും....
    ഇന്നാ സാധനം തിരിഞ്ഞു നോക്കാറില്ല......
    പിന്നെ പാത്തൂനെ ഓര്‍ത്തു.....സ്കൂളിനു തൊട്ടടുത്ത വീട്ടിലെ പാത്തു ആയിരുന്നു ചെറുപയര്‍ വെച്ചിരുന്നിരുന്നത്....ഇന്നും പാത്തു തന്നെയാണെന്ന് തോന്നുന്നു.
    അയ്യപ്പന്‍ യെന്തിനവും ആത്മഹത്യാ ചെയ്താദ് എന്ന് ആരും പറഞ്ഞു കേട്ടില്ലേ...

    ReplyDelete
  5. എന്തിനു പേടിക്കുന്നു എളയോടന്‍ ധൈര്യായി കമന്റിക്കോളൂ...

    ചെറുവാടീ..പഴേ പോസ്റ്റാ ഇത്,നിങ്ങളാരും കണ്ടിട്ടില്ലല്ലോ എന്നൊര്‍ത്തപ്പോള്‍ ഒന്നൂടെ പോസ്റ്റിയതാ.പിന്നെ കഥയല്ലിത്, ഞാന്‍ കണ്ട ആദ്യത്തെ തൂങ്ങി മരണം.ഇപ്പളും ആലോചിക്കുമ്പോ ഒരു വിറയാണു.

    ശരിയാ ഹഫീസ് പറഞ്ഞത്,ആ ഉപ്പുമാവിറ്റെ ടേസ്റ്റ് ഒന്നിനുമില്ല.

    മിസ്രിയാ നിസാര്‍ ,ആരും പറഞ്ഞു ഞാന്‍ കേട്ടില്ല.അല്ലെങ്കില്‍ ഞാനത് തിരക്കാനും അന്വേഷിക്കാനും പോയിട്ടുമുണ്ടാവില്ല.എല്‍ പി സ്കൂള്‍ വിട്ട് പിന്നെ യു.പി ,ഹൈസ്കൂള്‍ കോളേജ് അതിനിടയില്‍ ഞാന്‍ മറന്നു പോയോ അയ്യപ്പനെ.പാടില്ലാത്തതാണു,അറിയാം.അയ്യപ്പന്‍ എന്നോട് പൊറുക്കട്ടെ.

    ReplyDelete
  6. ഓര്‍മ്മകള്‍ പലപ്പോഴും വേദനാജനകമാണ്. അവ നമ്മെ ജീവിതത്തില്‍ വിടാതെ പിന്തുര്ടരും.
    പലതും, ഉത്തരം കിട്ടാത്ത ചോദ്യവുമായി....

    ഉപ്പുമാവുപോലെ സ്വാദിഷ്ടമായ പോസ്റ്റ്‌! പക്ഷെ അതില്‍ പുഴുവും കല്ലും ഒന്നും ഉള്ളതായി അനുഭവപ്പെട്ടില്ല ..
    ഭാവുകങ്ങള്‍

    ReplyDelete
  7. "ഞാന്‍ മെല്ലെ അടുത്ത് ചെന്നു അയ്യപ്പന്റെ
    കൈപിടിക്കും, വലുതായാല്‍ ഞാന്‍ കല്യാണം കഴിച്ചോളാം അയ്യപ്പനെ, എനിക്കെന്നും ഉപ്പുമാവ്
    ഉണ്ടാക്കി തന്നാ മതി..."
    എന്തിനാ ഇങ്ങനെ പറയാന്‍ പോയത്...?
    അതു കേട്ട് പേടിച്ചിട്ടല്ലേ അയ്യപ്പന്‍ തൂങ്ങി മരിച്ചത്...ഹി..ഹി..ചുമ്മാ പറഞ്ഞതാ..

    -----------------------------------
    പോസ്റ്റിനെ കുറിച്ചു പറയാനുള്ള എന്റെ അഭിപ്രായം ദേ ചെറുവാടി പറഞ്ഞിട്ടുണ്ട്...

    ReplyDelete
  8. പഴയ പോസ്റ്റുകള്‍ എല്ലാം ഇത് പോലെ പുതിയ പോസ്റ്റ്‌ ആകി ഇടൂ ..കാരണം പുതിയത് വായിക്കാനും അഭിപ്രായം പറയാനും രസമാണ് ...പഴയത് തിരഞ്ഞു പിടിച്ചു വായിക്കാന്‍ മൂഡ്‌ വരില്ല ...


    അയ്യപ്പനും കൊള്ളാം ..മുല്ലയും കൊള്ളാം ....

    ReplyDelete
  9. നന്ദി ഇസ്മയില്‍,നിങ്ങള്‍ കണ്ടില്ലേ എന്നു വിചാരിച്ചാ ഞാന്‍ മെയില്‍ ഇട്ടത്.

    റിയാസ്,നന്ദി ,തുടര്‍ന്നും വാ‍യിച്ച് അഭിപ്രായങ്ങള്‍ പറയണേ..

    ഫൈസു,അപ്പോ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി തുടര്‍ന്നും തരുന്നതായിരിക്കും,

    ReplyDelete
  10. വായിച്ചു തുടങ്ങിയപ്പോള്‍ ഞാനും എന്റെ സ്കൂള്‍ കാലങ്ങളിലേക്ക് തിരികെ പോയി... ഇങ്ങനെ ആര്‍ക്കും ഒരു എത്തും പിടിയും കിട്ടാത്ത പല ആത്മഹത്യകളും ഞങ്ങളുടെ നാട്ടിലും ഉണ്ടായിട്ടുണ്ട്...

    ReplyDelete
  11. ചില മരണകാരണാന്വേഷണങ്ങള്‍ക്ക് ഉത്തരമില്ല. ഉപ്പുമാവ് കൊതിച്ച ഒരുണ്ടക്കണ്ണന്‍ കുട്ടിയായിരുന്നു ഞാനും.

    ReplyDelete
  12. "ചില ചോദ്യങ്ങള്‍ക്ക് അര്‍ത്ഥമില്ല, ചിലതിനാവട്ടെ ഉത്തരങ്ങളും" ഇന്നലെ മുല്ല എനിക്ക് കമന്റിട്ട എന്റെ വരികള്‍, ഇന്ന് ഞാനത് തിരിച്ചു നിനക്ക് തരുന്നു..

    അയ്യപ്പനും ഉപ്പുമാവും വേദനിപ്പിച്ചു..

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..