Wednesday, September 29, 2010

ഒരു വെറും സ്വപ്നം....?

പുതിയ ടെലിഫോണ്‍ കണക്ഷനു വേണ്ടിയാണു ഞാനന്നു എക്സേഞ്ചിലെത്തിയത്.തിരക്കൊന്നുമില്ല,
ജീവനക്കാര്‍ അവിടവിടെ ഇരുന്ന് വെടിപറയുകയാണു.തലങ്ങും വിലങ്ങും ഫോണടിക്കുന്നുണ്ട്.
മിക്കതും ഫോണ്‍ വര്‍ക്ക് ചെയ്യുന്നില്ലാന്ന പരാതികള്‍.ഇതിനിടയില്‍ മൂലക്കിരുന്ന ഒരു ഫോണ്‍
ശബ്ദിക്കാന്‍ തുടങ്ങി.ആരും എടുക്കുന്നില്ല,പരസ്പരം നോക്കുന്നുണ്ട് എല്ലാവരും,ആരെടുക്കും എന്ന
ധ്വനി.
" എന്നെക്കൊണ്ടൊന്നും വയ്യ",എനിക്കു മുന്നിലിരുന്ന ചെറുപ്പക്കാരനാണു.കഴിഞ്ഞ മാസം അമ്മേ കാണാന്‍
ചെന്നപ്പൊ അമ്മ ചോദിച്ചതാ നിനക്ക് കുറച്ചൂസം എന്റടുത്ത് വന്ന് നിന്നൂടേയെന്ന് , എങ്ങനെ പോകാനാ..?
അടുത്താഴ്ച് മോള്‍ക്ക് എക്സാം തൂടങ്ങുകയാണു, ഞാനില്ലെങ്കില്‍ അവള്‍ ഒന്‍പത് മണിക്കേ കിടന്നുറങ്ങിക്കളയും.
ഒന്നാം ക്ലാസ്സിലെ അഡ്മിഷനൊക്കെ നല്ല ടൈറ്റാ ഇപ്പോ...,അവര്‍ടെ ശബ്ദം കേട്ടാല്‍ എനിക്ക് അമ്മേ ഓര്‍മ്മ വരും".
അയാള്‍ എണീറ്റു പോയി. കണ്ണട വെച്ച ഒരു കഷണ്ടിക്കാരന്‍ എണീറ്റ് വന്ന് ഫോണെടുത്തപ്പോഴേക്കും
ഫോണ്‍ ഡിസ്കണക്റ്റായി." അല്ലേലും എടുത്താല്‍ അവരൊന്നും പറയില്ല.ആരാ എവിടുന്നാന്ന് ചോദിച്ചാല്‍ മിണ്ടില്ല.നബീസുമ്മയാന്നു
മാത്രം പറയും.പിന്നെ കരച്ചിലാ...മാനസിക നില തെറ്റിയ ആരെലുമാവും".അയാള്‍ പുറത്തേക്ക് പോയി.

നബീസുമ്മ- ആ പേര്‍ എന്റെ മനസ്സില്‍ കിടന്ന് തിരിയവേ ഫോണ്‍ പിന്നെയും ശബ്ദിച്ചു.ആരുമില്ല മുറിയില്‍,
ഞാന്‍ പതുക്കെ എണീറ്റു ചെന്നു റിസീവര്‍ ചെവിയോട് ചേര്‍ത്തു.ഹലോ...അപ്പുറത്ത് നിന്നും നേര്‍ത്തൊരു ശബ്ദം.
വിദൂരതയില്‍ നിന്നും ഒഴുകി വരുന്നത് പോലെ....
ഹലോ.....
ആരാ...എന്റെ ശബ്ദം വിറച്ചിരുന്നു.
ഞാന്‍ നബീസുമ്മ..
നബീസുമ്മ....? എന്റെ ശബ്ദം കേട്ടിട്ടോയെന്തോ അപ്പുറത്ത് പെട്ടെന്ന് നിശബ്ദത.
ഹലോ....മിമ്മിയാണോ...?
ഹതേ.!!! ഞാന്‍ പതറി.
ഇത് ഞാനാ....വല്ല്യുമ്മ, എന്റെ മോളേ എനിക്കിവിടെ ജീവിക്കാന്‍ വയ്യ.എനിക്ക് തീരെ അഡ്ജുസ്റ്റ് ചെയ്യാന്‍ വയ്യ ഇവിടെ,
ഇവിടെ ആര്‍ക്കും ആരോറ്റും ഒരു കടപ്പാടുമില്ല.ഒരു തരം നിസ്സംഗതയാ എല്ലാവര്‍ക്കും.ബന്ധങ്ങളും ബന്ധനങ്ങലുമില്ലാത്ത
ഒരു ലോകം.

ഒരു പാട് കാലത്തിനു ശേഷം സംസാരിക്കാന്‍ ഒരാളെ കിട്ടിയ ആവേശത്തിലാണു വല്ല്യുമ്മ.അങ്ങനെ നിര്‍ത്താതെ പറഞ്ഞു പോകുകയാണു.

നിനക്കറിയോ... നിന്റെ വല്ല്യുപ്പയുമുണ്ട് ഇവിടെ,എനിക്ക് മുന്നേ ഇവിടെയെത്തിയതാണല്ലൊ മൂപ്പര്‍,പക്ഷേ അങ്ങോര്‍ക്കെന്നെ
കണ്ട ഭാവമില്ല.ഞാന്‍ സംസാരിക്കാന്‍ ചെന്നാല്‍ ഒഴിഞ്ഞു മാറിക്കളയും.പണ്ടേ വലിയ സാത്വികനായിരുന്നല്ലൊ.ഇപ്പോ പറയാനുമില്ല.
തൂമഞ്ഞ് പൊഴിയുകയാനെന്നു തോന്നും ദേഹത്തു നിന്നും.

നിനക്കോര്‍മയുണ്ടോ ജാനൂനെ...പണ്ട് നമ്മുടെ ആട്ടിന്‍ങ്കുട്ടി അവളുടേ തൊടീല്‍ കടന്നു മാവിന്‍ തൈ കടിച്ചൂന്നും പറഞ്ഞ് വഴക്കിനു
വന്ന....,അന്ന് നീയവിടെയുണ്ടല്ലോ...ഓണപ്പൂട്ടിനു വന്നിട്ട്, അവളൂണ്ട് ഇവിടേ.

ജാനുവോ....?എനിക്ക് അതിശയമായി,അതെങ്ങനെ ശരിയാകും...?

അതേടി..ഇവിടെയാങ്ങനെ മുസ്ലിം അമുസ്ലിം എന്ന വിത്യാസമൊന്നുമില്ല.എല്ലാവരുമൊന്നാ...


പിന്നെ നീ എന്റെ വാപ്പാനെ കണ്ടിട്ടില്ലല്ലോ...അങ്ങേരുമുണ്ടിവിടേ.ആദ്യമൊന്നും എനിക്ക് തിരിച്ചറിയാന്‍ പറ്റീരുന്നില്ല.
അടുത്തൂടെ പോകുമ്പോ ഒരു കുതിര കുളമ്പടി ശബ്ദം കേള്‍ക്കാം അതോണ്ടാ എനിക്ക് സംശയം തോന്നീത്.പിന്നെ സൂക്ഷിച്ച്
നോക്കിയപ്പോ അതന്നെ,ആ ഗാംഭീര്യം..അതിപ്പഴുമുണ്ട്.നേര്‍ക്കുനേര്‍ വന്നാല്‍ ഞാന്‍ മാറിക്കളയും.

എന്തായാലും എനിക്കിവിടെ മതിയായി.ഒരു ത്രില്ലുമില്ല ഇവിടെ.ജീവിതത്തിന്റെ ഒരു എരിവും പുളിയുമൊന്നും ഇവിടെയില്ല.
എനിക്കൊന്ന് ഉറക്കെ സംസാരിക്കണം,ആരോടെങ്കിലും വഴക്കു കൂടണം.പുതിയ സാരീം മാലേമൊക്കെ വാങ്ങണം.
അതൊന്നും ഇവിടെ നടക്കില്ല.അവിറ്റെ നിന്നും ആരേലും വരികയാണേല്‍ എനിക്കങ്ങ് വരാമായിരുന്നു.
നീ വരുമോ..?നമുക്കൊരുമിച്ച് തിരിച്ച് പോകാം...വരുമോ...?

ഞാനോ.....!!!!!! എന്റെ കൈയില്‍ നിന്നും അറിയാതെ റിസീവര്‍ താഴെ വീണു പോയി...


അതൊരു സ്വപനമായിരുന്നെന്ന് എനിക്കിപ്പഴും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല.എന്തൊരു വ്യക്ത്തയായിരുന്നു.
ഡിജിറ്റല്‍ ഇമേജിന്റെ ക്ലാരിറ്റി.രണ്ട് വര്‍ഷമാകുന്നു വല്ല്യുമ്മ മരിച്ചിട്ട്, ഒറ്റപ്പാലത്തെ കൊല്ലിനും കൊലക്കും
അധികാരമുണ്ടായിരുന്ന ജന്മിയുടെ മകള്‍, എല്‍.എസ്.എന്‍ കോണ്‍ വെന്റില്‍ വിദ്യാഭ്യാസം.സാരിയും ബ്ലൌസും
അണിഞ്ഞ മുസ്ലിം പെണ്ണിനെ നോക്കി ചെട്ടിച്ചി എന്ന് വിളിച്ചു കളിയാക്കിയവര്‍ക്ക് മുന്നിലൂടെ തലയുയര്‍ത്തി നടന്നവള്‍.
ഒരു രാജ്ഞിയെ പോലെയാണു ജീവിച്ചത്. അവസാന കാലമായപ്പോഴേക്കും ഓര്‍മ്മയുടെ അടരുകള്‍ ഒന്നൊന്നായ് കൊഴിഞ്ഞു
പോകാന്‍ തുടങ്ങീരുന്നു.സ്മൃതി നാശം--. ഒന്നും ഒന്നിനേയും വിട്ടുപോകാന്‍ ആഗ്രഹമില്ലാത്തത് കൊണ്ടാണോ തിരിച്ചു വരാന്‍
ഇത്രമാത്രം ആഗ്രഹിക്കുന്നത്...?


മരണസമയത്ത് ദേഹം വിട്ട് പുറത്ത് പോകുന്ന ദേഹി അവസാന വിധിനാള്‍ വരേക്കും എവിടെയാണു..?
ആത്മാക്കള്‍ നീന്തിക്കളിക്കുന്ന ബര്‍സഖിനെ പറ്റി ഖുര്‍-ആനില്‍ പറയുന്നുണ്ട്.അതെവിടേയാണെന്നോ
എങ്ങനെയാണെന്നോ പക്ഷേ പറയുന്നില്ല.ആര്‍ക്കറിയാം...അതിവിടെയെവിടെയും ആകാം,നമുക്ക് തൊട്ടടുത്ത്,
അല്ലെങ്കില്‍, ആത്മാക്കള്‍ തുമ്പികളെ പൊലെ പാറി നടക്കുന്ന വെള്ളിയാംകല്ലില്‍,
മഴ പെയ്തൊഴിഞ്ഞ് പൊന്‍ വെയില്‍ പരക്കുന്ന അപരാഹ്നങ്ങളില്‍ തുമ്പികള്‍ കൂട്ടത്തോടെ ഇറങ്ങിവരും.
തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നത് കണ്ടാല്‍ ,ഉമ്മാടെ തലേല്‍ നിന്നും പേനെടുക്കുന്നതിനിടെ കുഞ്ഞിപ്പെണ്ണ്
വിളിച്ച് പറയും "വേണ്ട കുട്ട്യേ...അയിനെ വിട്ടേക്ക്,ചെലപ്പോ അത് നുമ്പടെ ആരേലുമാകും
അയിനുണ്ടോ പറയാന്‍ പറ്റുണു,".ഒരുമാത്ര വിറച്ചുപോകുന്ന എന്റെ വിരലുകള്‍ക്കിടയില്‍ നിന്നും തുമ്പി പിടഞ്ഞ്
മാറിക്കളയും. ദൂരെക്കൊന്നും പോകില്ല അത്,നമ്മെ ചുറ്റി പറന്നു കൊണ്ടിരിക്കും,വിട്ടുപോകാന്‍ ഇഷ്ടമില്ലാത്തപോലെ......

ഇനി....എല്ലാവര്‍ക്കും മുന്‍പേ പറന്ന് വെള്ളിയാം കല്ലിലെത്തണം,ഒരു തുമ്പിയായ് പുനര്‍ജനിച്ച് പ്രിയപ്പെട്ടവരെ
കാത്തിരിക്കണം,എന്റെയുള്ളിലെ എല്ലാ സ്നേഹവുമെടുത്ത് ഞാനൊരു നക്ഷ്ത്രം തുന്നിയുണ്ടാക്കും,എന്നിട്ടതെടുത്ത്
എന്റെ ചിറകില്‍ പതിപ്പിക്കും.ആ നക്ഷ്ത്ര തിളക്കം കണ്ട് അവരെന്നെ തിരിച്ചറിയും...

2 comments:

 1. ആദ്യമായാണെന്ന് തോന്നുന്നു ഈ വഴി വരുന്നത്.
  മരണത്തിനും അന്ത്യവിധിയ്ക്കും ഇടയുള്ള 'ബര്‍സഖ്' എന്ന അവസഥ യില്‍ ശരിതെറ്റുകല്‍ക്കനുസരിച്ചു സ്വപ്നം മുഖേന ആത്മാക്കളെ അനുഭവിപ്പിക്കും എന്ന് പറയപ്പെടുന്നു.
  നല്ല കഥ ! തുടര്‍ന്നും പ്രതീക്ഷിക്കുന്നു.പുതിയ പോസ്ടിടുമ്പോള്‍ ഒരു ലിങ്ക അയച്ചാല്‍ വായിച്ചു കമന്റ് ഇടാമായിരുന്നു.
  ഭാവുകങ്ങള്‍.
  shaisma.co.cc

  ReplyDelete
 2. "ആത്മാക്കള്‍ തുമ്പികളെ പൊലെ പാറി നടക്കുന്ന വെള്ളിയാംകല്ലില്‍,
  മഴ പെയ്തൊഴിഞ്ഞ് പൊന്‍ വെയില്‍ പരക്കുന്ന അപരാഹ്നങ്ങളില്‍ തുമ്പികള്‍ കൂട്ടത്തോടെ ഇറങ്ങിവരും"

  "എല്ലാവര്‍ക്കും മുന്‍പേ പറന്ന് വെള്ളിയാം കല്ലിലെത്തണം,ഒരു തുമ്പിയായ് പുനര്‍ജനിച്ച് പ്രിയപ്പെട്ടവരെ
  കാത്തിരിക്കണം,എന്റെയുള്ളിലെ എല്ലാ സ്നേഹവുമെടുത്ത് ഞാനൊരു നക്ഷ്ത്രം തുന്നിയുണ്ടാക്കും,എന്നിട്ടതെടുത്ത്
  എന്റെ ചിറകില്‍ പതിപ്പിക്കും.ആ നക്ഷ്ത്ര തിളക്കം കണ്ട് അവരെന്നെ തിരിച്ചറിയും...
  "

  പക്ഷെ തുമ്പിക്ക് ആയുസ്സ് തീരെ കുറവല്ലേ മുല്ലേ?
  ഭൂമിയിലേക്ക് തിരികെ വരുന്നതിനും മുന്നേ തിരികെ പറക്കേണ്ടി വരില്ലേ ?
  പ്രിയപ്പെട്ടവരെ ഒരിക്കലെങ്കിലും കണ്ടു കൊതി തീരും മുന്‍പേ വീണ്ടും പോകേണ്ടി വരുമ്പോള്‍ സങ്കടമാവില്ലേ ?

  ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..