Sunday, November 21, 2010

ബാരട്ടാംഗ് ഐലന്റിലൂടെ..




ആന്‍ഡമാനിലെ പ്രധാന ആകര്‍ഷക കേന്ദ്രമാണു ബാരട്ടാംഗിനടുത്തുള്ള ലൈം സ്റ്റോണ്‍ കേവും, മഡ് വോള്‍കാനോയും. ഓര്‍മയിലെന്നും.
തങ്ങി നില്‍ക്കുന്ന ഒരു യാത്രയായിരുന്നു അത്. കൊടുംകാട്ടിനുള്ളിലൂടെ ,ചുറ്റുമുള്ള ആരവങ്ങള്‍ക്ക് കാതോര്‍ത്ത് രണ്ട് രണ്ടര മണിക്കൂര്‍ യാത്ര.
ആദ്യം പോയത് മഡ് വോള്‍ക്കാനോ കാണാനായിരുന്നു. നടന്നു കയറണം മുകളിലേക്ക് . ലാവ ഒഴുകിയത് പോലെ ചളി താഴേക്ക് ഒലിച്ചിറങ്ങുന്നുണ്ട്.
ലോകത്തില്‍ തന്നെ അപൂര്‍വ്വമാണു മഡ് വോള്‍ക്കാനോ. ഇപ്പഴും സജീവമാണു വോള്‍ക്കാനോ..2005 ലെ ഭൂകമ്പത്തില്‍
തീജ്വാലകള്‍ പുറത്തേക്ക് വമിച്ചിരുന്നത്രെ.ഈ ചളിയില്‍ കുളിക്കുന്നത് നല്ലതാണെന്ന ഒരു വിശ്വാസമുണ്ട്. മെഡിക്കേറ്റഡ് എഫെക്റ്റ്.




തിരിച്ച് വീണ്ടും കാട്ടിനുള്ളിലൂടെ ...50 കി.മീ. പിന്നിട്ടപ്പോള്‍ ഒരു ചെക് പോസ്റ്റുണ്ട്. അവിടുന്നങ്ങോട്ട് ആദിവാസി മേഖലയാണു.ആന്‍ഡമാനിലെ ആദിവാസികളില്‍ ഒരു പ്രധാന വിഭാഗമണു ജര്‍വകള്‍.


പിന്നെയുള്ളത് ഓഞ്ചിസ് javascript:void(0)



സെന്റിനല്‍ സ്, ഷോമ്പെന്‍സ്, നികോബാരീസ്, ഗ്രെയ്റ്റ് ആന്‍ഡമാനീസ് എന്നിവയാണു. ഇതില്‍ ജര്‍വാസ്, ആന്‍ഡമാനീസ് ,
സെന്റിനത്സ്, ഓന്‍ ചിസ് എന്നിവര്‍ നീഗ്രോയിഡുകളും , ഷോമ്പെന്‍സും നികോബാരീസും മങ്കോളിഡ് ഒറിജിനുമാണു.പതിഞ്ഞ മൂക്കും
ഒരുതരം മഞ്ഞച്ച മുഖവുമായ്..


ഇക്കൂട്ടത്തില്‍ സെന്റിനല്‍ സിനു പുറം ലോകവുമായ് തീരെ ബന്ധങ്ങളില്ല. സെന്റിനല്‍ ദ്വീപിലേക്ക് ഒരു തോണിയും അടുക്കാന്‍ അവര്‍ സമ്മതിക്കില്ല. അമ്പും വില്ലും കൊണ്ട് ആക്രമിക്കും. പരിഷ്കൃത സമൂഹത്തെ അവിശ്വാസത്തോടെയും ഭയപ്പാടോടേയുമാണു ആദിവാസികള്‍ കാണുന്നത്. ഈ അവിശ്വാസത്തിനു പിന്നിലും ഒരു കഥയുണ്ട്. 1857 ലെ ലഹളയില്‍ പങ്കെടുത്തതിനു ഇന്ത്യന്‍ റെജിമെന്റിലെ അംഗമായിരുന്ന ദൂത് നാഥ് തിവാരിയെ രണ്ട് കൊല്ലത്തേക്ക് നാട് കടത്തിയത് ആന്‍ഡമാനിലേക്ക്,
പോര്‍ട്ട് ബ്ലെയറിലെ തുറന്ന ജെയിലിലായിരുന്ന തിവാരിയും കൂട്ടുകാരും ജെയില്‍ ചാടി. കാട്ടിലൂടെ അലഞ്ഞു തിരിഞ്ഞ ഇവര്‍ ആദിവാസികളുടെ പിടിയിലായി.

ഷോമ്പെന്‍സ്

കൂടെയുള്ളവര്‍ ഓരോരുത്തരായി കൊല്ലപ്പെടുന്നത് കണ്ട തിവാരി തന്റെ ജീവനു വേണ്ടി ആദിവാസികളൊട് കെഞ്ചി. ദയ തോന്നിയ അവര്‍
തിവാരിയെ നഗ്നനാക്കി ദേഹത്താകെ കളിമണ്‍ പൂശി തങ്ങളിരൊരാളാക്കി. വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ ആദിവാസികളുടെ വിശ്വാസമാര്‍ജ്ജിക്കാന്‍ തിവാരിക്ക് കഴിഞ്ഞു. മൂപ്പന്റെ രണ്ട് പെണ്മക്കളെ അയാള്‍ വിവാഹം കഴിച്ചു.ഒരു ദിവസം അബാര്‍ദീന്‍ പോലീസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ ആദിവാസികള്‍ പരിപാടിയിട്ടു. ഇത് മണത്തറിഞ്ഞ തിവാരി സ്വ ജീവന്‍ പണയം വെച്ച് ആ വിവരം അന്നത്തെ
ബ്രിട്ടീഷ് ഓഫീസറെ അറിയിച്ചു. ആ യുദ്ധത്തില്‍ ആദിവാസികള്‍ ദയനീയമായി പരാജയപ്പെട്ടു. ആ ഓര്‍മ്മ ഇന്നും അവരുടെ മനസ്സിലുണ്ടാകും.
അതു കൊണ്ട് തന്നെ അവര്‍ക്കിപ്പോഴും നമ്മെ കാണുന്നത് അലര്‍ജിയാണു.
ബാരട്ടാംഗിലേക്കുള്ള വഴിയില്‍ ഭാഗ്യമുണ്ടെങ്കില്‍ ജര്‍വകളെ കാണാമെന്നു ഡ്രൈവര്‍ പറഞ്ഞപ്പോള്‍ എല്ലാവരും ഉഷാറായി.
ഫോട്ടോ എടുക്കരുതെന്നു കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നു. കണ്ടാല്‍ ജര്‍വകള്‍ കാമറ തട്ടിപ്പറിക്കും.നമ്മള്‍ മടങ്ങി വരുന്നതും കാത്ത്
അക്കൂട്ടര്‍ കാത്തിരിക്കും പോല്‍, ആക്രമിക്കാന്‍. ചെക്ക് പോസ്റ്റില്‍ നിന്നും പത്തിരുപത് വണ്ടികള്‍ കോണ്‍ വോയ് ആയിട്ടാണു നീങ്ങുക.
മുന്നിലും പിന്നിലും പോലീസ് എസ്കോര്‍ട്ട്. പെട്ടെന്നാണു കൈ കൊട്ടി ചിരിച്ചു കൊണ്ട് നാലു യുവതികള്‍ റോഡിലേക്ക് ചാടിയത്,ജര്‍വാ
സ്ത്രീകള്‍, ദേഹത്താകെ ചാരം പൂശിയിരിക്കുന്നു. വസ്ത്രങ്ങളൊന്നുമില്ല, നൂല്‍ബന്ധമില്ലാതെ എന്നു പറയാന്‍ പറ്റില്ല, കാരണം ഒരു ചുവന്ന
റിബ്ബണ്‍ കൊണ്ട് അരയില്‍ കെട്ടിയിട്ടുണ്ട്, ശിരസ്സിലും കണ്ടു അതു പോലെ ചുവന്ന നൂല്‍ കൊണ്ടുള്ള അലങ്കാരങ്ങള്‍. എന്റെ ചുവന്ന ദുപ്പട്ട
ചൂണ്ടി ഡ്രൈവര്‍ പറഞ്ഞു " മാം, തല പുറത്തേക്കിടണ്ട ,അവരാ ദുപ്പട്ട കൊണ്ട് പോകും ചുവപ്പ് ഇവറ്റകള്‍ക്ക് വല്ല്യ ഇഷ്ട്ടമാണു."
കുറച്ച് ദൂരം ചെന്നപ്പോള്‍ കുറേ ജര്‍വാ പിള്ളേര്‍ റോഡില്‍ , ടൂറിസ്റ്റുകളില്‍ നിന്നും ആഹാര സാധനങ്ങളും ലഹരിപദാര്‍ഥങ്ങളും കിട്ടി ഇവര്‍ക്കത് ശീലമായിട്ടുണ്ടത്രെ. അതിനാണു കൊണ്‍ വോയ് പോകുന്ന നേരത്ത് റോഡിലിറങ്ങി നില്‍ക്കുന്നത്. ഭക്ഷണ സാധനങ്ങള്‍ കൊടുക്കരുതെന്നു കര്‍ശന വിലക്കുണ്ടായിട്ടും യാത്രക്കാര്‍ പാക്കറ്റ് ഫുഡുകള്‍ എറിഞ്ഞ് കൊടുക്കും. വലിയ പാതകമാണു നമ്മളീ ചെയ്യുന്നത്. അത് മാറ്റി മറിക്കുന്നത് തനതായ അവരുടെ ജീവിത ശൈലിയെയാണു. വേട്ടയാടി തിന്നാനുള്ള ശേഷിക്കുറവ്, മടി, രോഗ പ്രതിരോധ ശേഷിയില്ലായ്മ എന്നിവ ഫലം. അതിവേഗം വംശമറ്റു പോകുകയാണു പരിണതഫലം.ഈ മേഖലയില്‍ ഇപ്പൊ ഇരുന്നൂറ്റമ്പതോളം ജര്‍വകളാണെത്രെ
ഉള്ളത്.

ജര്‍വകളെ കണ്ട ഹരത്തില്‍ വണ്ടി ബാരട്ടാംഗ് ജെട്ടിയിലെത്തിയത് അറിഞ്ഞില്ല.നിലമ്പൂര്‍ ഫോറസ്റ്റ് റേഞ്ചിന്റെ കീഴിലാണു ഈ ഭാഗം.നിലമ്പൂര്‍ എന്ന പേര്‍ കണ്ടപ്പോള്‍ ഒരു സന്തോഷം. നിലമ്പൂര്‍ ഫിഷ് മാര്‍കറ്റും കണ്ടു അവിടെ. ഇവിടെ നിന്നു ഉത്തര ജെട്ടിയിലെത്താന്‍ 20 മിനുട്ട് ജങ്കാര്‍ യാത്ര.



റാണാഗട്ടിലേക്കും ഡിഗ്ലി പൂരിലേക്കുമുള്ള ബസുകളും കാറുകളുമൊക്കെ ജങ്കാറില്‍ കയറ്റി. ഉത്തര ജെട്ടിയില്‍ നിന്നാണു
ഞങ്ങള്‍ക്ക് ലൈം സ്റ്റോണ്‍ കേവിലേക്ക് പോകേണ്ടത്. സ്പീഡ് എഞ്ചിന്‍ ഘടിപ്പിച്ച തോണിയില്‍ ഒരു മണിക്കൂര്‍ യാത്രയുണ്ട് അത്.

മനോഹരമായ കാഴ്ചയാണു ചുറ്റിലും.നമ്മുടെ കണ്ടന്‍ പൊക്കുടന്റെ തറവാടാണെന്നു തോന്നും, അത്രക്കുണ്ട് കണ്ടല്‍ കാടുകള്‍ ,വലിയ ഭികരന്‍ കണ്ടലുകള്‍ തൊട്ട് കുഞ്ഞുങ്ങള്‍ വരെ. നമ്മുടെ കേരളത്തിലാണേല്‍ എന്നേ അടിച്ചു മാറ്റി റിസോര്‍ട്ട് പണിതേനേം.

കണ്ടലുകള്‍ക്കിടയിലൂടെ
വളഞ്ഞും തിരിഞ്ഞും നല്ല സ്പീഡില്‍ തോണി കുതിച്ചു പായുമ്പോള്‍ നീന്തറിയാത്തവര്‍ നെഞ്ചത്ത് കൈ വെക്കുന്നുണ്ട്.തോണി കരക്കടുത്തപ്പോള്‍
എല്ലാവര്‍ക്കും ആശ്വാസമായി. ഇനി നടക്കണം ഗുഹയിലെത്താന്‍. പതിനഞ്ച് മിനുട്ട് നടത്തമുണ്ട്. വഴിയില്‍ കുറെ കുടിലുകള്‍ കണ്ടു. ആള്‍ക്കാരൊക്കെ പണിക്കു പോയിരിക്കുന്നു. കൃഷിപ്പണി.നെല്‍പ്പാടങ്ങള്‍ മുറിച്ചാണു ഞങ്ങള്‍ നടന്നു പോകുന്നത്. നമ്മളില്‍ നിന്നൊക്കെ
ഇത്രേം അകന്ന്, ഇത്ര ദൂരെ ദ്വീപില്‍ ഈ ആള്‍ക്കാര്‍ എങ്ങനെയാണു കഴിയുന്നതെന്ന് ആലോചിച്ചപ്പോള്‍ അല്‍ഭുതം തോന്നി. എന്തെങ്കിലും
അസുഖം വന്നാല്‍ ,അത്യാവശ്യങ്ങള്‍ വന്നാല്‍ ഇവരെന്ത് ചെയ്യും . പ്രകൃതിയൊട് ഇത്രമേല്‍ ഇണങ്ങി കഴിയുന്നതിനാല്‍ അസുഖങ്ങള്‍
കുറവായേക്കും. പിന്നെ ദൈവം തുണ.


ഒരു ചെറിയ കയറ്റം കയറി ചെല്ലുന്നത് ഗുഹയിലേക്കാണു. എനിക്കു ചുറ്റും സമയം പെട്ടെന്ന് ഉറഞ്ഞു പോയപോലെ. എല്ലാ ഇമ്പങ്ങളോടെയും കുതിച്ചു പായുന്ന ജീവിതം പെട്ടെന്ന് അതേ നിലയില്‍ ഉറഞ്ഞ് പോയാല്‍ എങ്ങനുണ്ടാകും.പല ആകൃതിയിലും രൂപത്തിലും ഭാവത്തിലും പ്രായത്തിലുമുള്ള കല്ലുകള്‍.സ്റ്റാലഗ്മൈറ്റും സ്റ്റാലഗ് സൈറ്റുമാണു പ്രധാനമായും ഇവിടെ കാണപ്പെടുന്നത്.


ഗുഹക്ക് മുകളില്‍ നിന്നും ഉത്സാഹത്തോടെ താഴേക്ക് ചാടിത്തുള്ളി വരുന്ന വെള്ളത്തുള്ളീകള്‍ വഴിക്ക് വെച്ച് മിനറലുകളുമായ് ചേര്‍ന്ന്
കാത്സ്യം കാര്‍ബണേറ്റോ ജിപ്സമോ ആയ് രൂപാന്തരപ്പെടുന്നു. ഇത് ഗുഹക്കുള്ളിലെ അന്തരീക്ഷ വായുവുമായ് ചേര്‍ന്ന് ഉറഞ്ഞ് കട്ടിയായ്
പോകുന്നു. അങ്ങനെയാണു കാലാന്തരത്തില്‍ ലൈം സ്റ്റോണ്‍ കേവ് രൂപപ്പെട്ടത്. താമര, ശിവലിംഗം, തുടങ്ങി അനന്ത ശയനം ഫെയിം
സര്‍പ്പ രാജാവിന്റെ വായിലെ പല്ലു വരെ ഗൈഡ് ചൂണ്ടി ക്കാണിച്ച് വിശദീകരിക്കുന്നത് കേട്ടു. ഈശ്വരോ രക്ഷതു.


മടക്കയാത്ര വേഗത്തിലായിരുന്നു. ആദ്യത്തെ കോണ്‍ വോയ് പോകുന്നതിനു മുന്‍പേ എത്താന്‍,അല്ലേല്‍ പിന്നെ നാലു മണിക്കൂര്‍ പിന്നേയും കാത്തിരിക്കേണ്ടി വരും. തിരിച്ച് പോര്‍ട്ട് ബ്ലെയറിലേക്ക്...ഇന്നു ഞങ്ങള്‍ക്കവിടെ ഒരു ആതിഥേയനുണ്ട്. c p w d ( central public work dept.)
ല്‍ എക്സിക്ക്യൂട്ടിവ് എഞ്ചിനീയര്‍ കൊഴിക്കോട്ടുകാരന്‍ മഹമൂദ് സര്‍. സുനാമി പുനരധിവാസ പദ്ധതിയുടെ ഭാഗമായ് നിക്കോബാറില്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക് നടക്കുന്നുണ്ട്.രണ്ട് വര്‍ഷത്തോളമായ് പുള്ളി ഇവിടെയുണ്ട്. നിക്കോബാറിലാണു സുനാമി കൂടുതല്‍ നാശം വിതച്ചത്.
മൂന്ന് ദിവസത്തെ കപ്പല്‍ യാത്രയുണ്ട് നിക്കോബാറിലേക്ക്, നിക്കോബാറികള്‍ക്ക് വേണ്ടി വീട് , കമ്മ്യൂണിറ്റി സെന്റര്‍, സ്കൂള്‍ എന്നിവയുടെ പണികള്‍ അവസാന ഘട്ടത്തിലാണു.

സെല്ലുലര്‍ ജെയിലിന്റെ മോഡല്‍
പോര്‍ട്ട് ബ്ലേയറിലെ സെല്ലുലര്‍ ജയിലിനെ പറ്റി ഞാന്‍ മുന്‍പ് എഴുതീട്ടുണ്ട്.ജയില്‍ കവാടം കടന്ന് അകത്തേക്ക് കടക്കുമ്പോള്‍ കാറ്റ് പോലും
ഘനീഭവിച്ച പോലെ... കൊടിയ യാതനകളും വേദനകളും നാടിനു വേണ്ടി, നമ്മുടെയൊക്കെ സ്വാതന്ത്ര്യത്തിനു വേണ്ടി നെഞ്ചേറ്റിയ ഒരു കൂട്ടം ആളുകള്‍.

ജെയിലിലെ മലയാളി തടവുകാര്‍(മലബാര്‍ ലഹളയില്‍ നാടുകടത്തപ്പെട്ടവര്‍)


ജയിലിലെ പീഡന മുറകള്‍

അവരുടെ ഓര്‍മ്മക്കായ് ഒരു കെടാ ദ്വീപം കത്തുന്നുണ്ടവിടെ. സൌണ്ട് & ലൈറ്റ് ഷോയിലൂടെ ഒരു കാലഘട്ടം നമുക്ക് മുന്നില്‍
പുനരാവിഷ്ക്കരിക്കപ്പെടുകയാണു.ആ ഓര്‍മ്മകള്‍ അങ്ങനെ മായാതെ നില്‍ക്കട്ടെ നമ്മുടെ മനസ്സുകളില്‍ എന്നും.

9 comments:

  1. മുല്ലേ,നന്നായി വിവരിച്ചിട്ടുണ്ടല്ലോ...യാത്ര..കാണാത്ത സ്ഥലങ്ങള്‍,ആദിവാസികളെ കുറിച്ചുള്ള വിവരണങ്ങള്‍,ഒക്കെ നന്നായിട്ടുണ്ട്.

    ReplyDelete
  2. നല്ലൊരു യാത്ര ചെയ്ത ആസ്വാദനം തന്നെ നല്‍കാന്‍ മുല്ലയുടെ വിവരണത്തിന് പറ്റുന്നുണ്ട്. കാട്ടിലൂടെയുള്ള യാത്രകള്‍ എനിക്കും ആവേശമാണ്. ഞാന്‍ മുമ്പ് പറഞ്ഞ പോലെ സ്ഥലങ്ങളുടെ പ്രത്യേകതകളും ചരിത്രവും അവതരിപ്പിച്ചുള്ള ഈ വിവരണം വിത്യസ്തമാണ്. പിന്നെ നല്ല ഫോട്ടോസും.

    ReplyDelete
  3. കൊതിപ്പിച്ചു കളഞ്ഞു!!
    എനിക്കും പോകണമവിടെ അടുത്ത ലീവിന് ..
    പോകാനുള്ള 'കീഴ്വഴക്കങ്ങളും' നൂലാമാലകളും വഴികളുമെല്ലാം ഒന്ന് വിശദമാക്കാമോ? പോസ്റ്റ്‌ ബുദ്ധിമുട്ടാണെങ്കില്‍ മെയില്‍ വിട്ടാലും മതി.
    (ഇത് വരെ മുല്ല എന്നായിരുന്നു കരുതിയത്‌ . ഇനി മുതല്‍ മുല്ല (വിദ്യ പഠിപ്പിക്കുന്ന മുല്ലാക്ക)ആയി കണക്കാക്കിക്കോളാം )

    ReplyDelete
  4. നന്ദി ജെസ്മിക്കുട്ടീ,
    ചെറുവാടി, നാട്ടുപച്ചേല്‍ പോയി മുഴുവന്‍ വായിച്ചില്ലേ...?
    കുറുമ്പടീ, പോകാന്‍ നിയ്യത്ത് വെച്ചാല്‍ പോകുക തന്നെ,മുന്നില്‍ കടലായാലെന്ത്,മലയായാലെന്ത്..?നോ പ്രോബ്ലെം.കടല്‍ ചൊരുക്ക് ഭയമില്ലേല്‍ കപ്പലിലുണ്ട് കല്‍ക്കത്തയില്‍ നിന്നും ചെന്നൈയില്‍ നിന്നും.ത്രീ ഡെയ്സ് അടിച്ച് പൊളിച്ച് ,അര്‍മാദിച്ച് പോകാം.അല്ല്ലേല്‍ ഫ്ലൈറ്റ്,ഫ്രം ചെന്നൈ ഓര്‍ കല്‍ക്കത്ത.ചെന്നൈയില്‍ നിന്നും 1250 കി.മി,ആണു ആകാശദൂരം, പോര്‍ട്ട് ബ്ലെയറിലേക്ക്.ചാര്‍ജ് 12000/.അപ് ആന്‍ഡ് ഡൌണ്‍.അതു തന്നെ ഓഫ് സീസണില്‍ ബുക് ചെയ്താല്‍ ഒരുപാട് വിത്യാസം ഉണ്ട്. അവീടെ ചെന്നാല്‍ ടൂറ് ഓപറേറ്റ്സിന്റെ സഹായമില്ലാതെ പറ്റില്ല. സര്‍ഫെയ്സ് ജേര്‍ണി വളരെ ചിലവേറിയതാണു.അതു കൂടാതെ പല സ്ഥലങ്ങളിലും പെര്‍മിഷന്‍ എടുക്കണം.ഇവിടുത്തെ പല കൊമ്പന്‍ സ്രാവുകളുടെയും ചിന്ന ഏജന്റുമാര്‍ ഉണ്ട് അവിടെ. അവര്‍ സ്വന്തം നിലക്ക് ഓപറേറ്റ് ചെയ്യുന്നുണ്ട്. അവരെ പിടിച്ചാല്‍ പോക്കറ്റ് അധികം കാലിയാകില്ല. കാണുന്ന സ്ഥലങ്ങലെല്ലാം ഒന്നു തന്നെ.രണ്ട് കോഴിമുട്ടയടിച്ച ഒരു ഓം ലെറ്റിനു വില 50.അത് തന്നെ മസാലഓം ലെറ്റാണേല്‍ 100.അതായത് പച്ചമുളകും ഉള്ളിയും ഇട്ടതിനു.അതാ വിത്യാസം.
    ഞങ്ങളുടെ വഴികാട്ടികള്‍ ഒരു മൊയ്തീനും അനിയനുമായിരുന്നു. +919933262556
    അപ്പൊ ബോണ്‍ വോയേജ്....

    ReplyDelete
  5. എന്നെയും കൊണ്ട് പോവ്യോ ???..




    മറ്റുള്ളതെല്ലാം ഇഷ്ട്ടപ്പെട്ട പോലെ ഇതും കലക്കി ..

    ReplyDelete
  6. കുറച്ചു മെനക്കെട്ടെഴുതിയ ഈ അന്തമാന്‍ പോസ്റ്റ്‌ വളരെ ഇഷ്ടപ്പെട്ടു

    ReplyDelete
  7. എനിക്കും ആന്തമാനില്‍ പോവണം എന്നുണ്ട് ...അവിടെയുള്ള വണ്ടൂര്‍ ബീച് ഉഷാരാനെന്നു കേട്ടു. ചാത്തന്‍ മില്ലും ..സ്ത്രീകള്‍ക്ക് പ്രത്യേക ബാര്‍ ഉണ്ടെന്നു കേട്ടു. ഏതായാലും ലക്ഷ ദ്വീപ്‌ പോലെ അവിടത്തെ ആള്‍ക്കാര്‍ അത്രയ്ക്ക് നിഷ്ക്കളന്കരല്ല എന്നാണു എന്‍റെ അറിവ്. ..എന്തായാലും മുല്ലയുടെ ഈ യാത്രാ വിവരണം വളരെ നന്നായിട്ടോ ..പിന്നെ ഒരു ചിക്കന്‍ ഉണ്ടാക്കുന്ന വിധം വിവരിച്ചതും കൊള്ളാം ( വേറെ ഒരു പോസ്റ്റില്‍ )..പോര്‍ട്ട്‌ ബ്ലൈരിനെ കുറിച്ച് എഴുതിയത് ഞാന്‍ കണ്ടില്ലാട്ടോ മുല്ലാസ്സെ

    ReplyDelete
  8. ഒന്ന് പോയാല്‍ കൊള്ളാമെന്ന് തോന്നിപ്പിക്കുന്ന രചന. നല്ലത്

    ReplyDelete
  9. ഇത് വായിച്ചത് വളരെ നന്നായി..
    അല്ലായിരുന്നേല്‍ ആന്‍ഡമാനില്‍ പോകുമ്പോള്‍ ആദിവാസികള്‍ എങ്ങാനും എന്നെ പിടിച്ചു കൊണ്ട് പോയിരുന്നെങ്കില്‍ എന്ത് ചെയ്തേനെ...

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..